മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. പിന്നീട് നിരവധി കഥാപാത്രങ്ങളിലായി നിരവധി സിനിമകളില്‍ സൈജു അഭിനയിച്ചിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു സൈജുവിന് ഏറ്റവും ശ്രദ്ധ നേടി കൊടുത്തത്.
തമിഴ് സിനിമകളിലും സൈജു കുറുപ്പ് വേഷമിട്ടിട്ടുണ്ട്. 2013ൽ റിലീസായ മൈ ഫാൻ രാമു എന്ന സിനിമയ്ക്ക് സൈജു കുറുപ്പ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഭരതനാട്യം എന്ന സിനിമ നിർമാണം ചെയ്തതിനൊപ്പം അഭിനയിക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയെക്കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്.
താന്‍ സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാറില്ലെന്നും തന്റെ സിനിമ റിലീസാകുന്ന സമയത്ത് സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്യാറുണ്ടെന്നും അദ്ദേഹം പറയുന്നു.
തന്റെ സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ ഇന്‍ബോക്‌സ് നോക്കുമെന്നും തനിക്ക് മെസേജ് അയച്ചിട്ടുള്ളവര്‍ക്ക് താന്‍ മറുപടി കൊടുക്കാറുണ്ടെന്നും സൈജു കുറുപ്പ് പറഞ്ഞു. പ്രേക്ഷകര്‍ തങ്ങള്‍ക്ക് വേണ്ടിയാണ് സമയം മാറ്റിവെക്കാറുള്ളതെന്നും അവര്‍ക്ക് വേണ്ടിയും സമയം കണ്ടെത്തണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ദി മലബാർ ജേർണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സോഷ്യല്‍ മീഡിയയുടെ ഉള്ളിലേക്ക് ഞാന്‍ കയറാറില്ല. എന്റെ ഏതെങ്കിലും സിനിമ റിലീസാകുന്ന സമയത്ത് സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്യും. ആ സമയത്താണ് ഞാന്‍ ഇന്‍ബോക്‌സ് ചെക്ക് ചെയ്യുന്നത്. അല്ലെങ്കില്‍ റിക്വസ്റ്റില്‍ വന്ന് കിടക്കുന്ന മെസേജൊക്കെ നോക്കാറുള്ളത്.
സമയം ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും ഞാന്‍ റെസ്‌പോണ്ട് ചെയ്യും. സിനിമ കാണുമ്പോള്‍ അവര്‍ അവരുടെ സമയം കണ്ടെത്തുകയാണ്. നമ്മള്‍ റെസ്‌പോണ്ട് ചെയ്യണമല്ലോ. അല്ലാതെ വെറുതെ സ്‌കോള്‍ ചെയ്ത് നോക്കാറില്ല. കുക്കറി സംഭവങ്ങളാണ് ഞാന്‍ കൂടുതലായും കാണാറുള്ളത്,’ സൈജു കുറുപ്പ് പറയുന്നു.
Content Highlight: I often reply to messages on social media says Saiju Kurup