ആ മമ്മൂട്ടി ചിത്രം ചെയ്തത് ഒരുപാട് സങ്കടപ്പെട്ടും കരഞ്ഞും; പിന്നീട് അതുകാണാൻ പോയിട്ടില്ല: മഞ്ചു പത്രോസ്
Entertainment
ആ മമ്മൂട്ടി ചിത്രം ചെയ്തത് ഒരുപാട് സങ്കടപ്പെട്ടും കരഞ്ഞും; പിന്നീട് അതുകാണാൻ പോയിട്ടില്ല: മഞ്ചു പത്രോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 9:43 am

മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ഉട്ടോപ്യയിലെ രാജാവ്. ചിത്രത്തിൽ മഞ്ജു പത്രോസും ഒരു വേഷം ചെയ്തിരുന്നു. ഇപ്പോൾ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചെങ്കിലും സന്തോഷത്തോടെയല്ല സിനിമ ചെയ്തത് എന്ന് മഞ്ജു പത്രോസ് പറയുന്നു. താന്‍ ഒരുപാട് കരഞ്ഞിട്ടാണ് ആ സിനിമയില്‍ അഭിനയിച്ചതെന്നും തനിക്ക് ആ സിനിമയില്‍ തന്റെ കോസ്റ്റ്യൂം ഇഷ്ടപ്പെട്ടില്ലെന്നും മഞ്ജു പത്രോസ് പറഞ്ഞു.

തന്നോട് പറഞ്ഞ കഥാപാത്രത്തിന്റെ വേഷം സാരിയായിരിക്കുമെന്നാണെന്നും ലൊക്കേഷനില്‍ ചെന്നപ്പോള്‍ ബ്ലൗസും മുണ്ടുമാണ് വേഷമെന്നും നടി പറയുന്നു.

അതുകണ്ട് തനിക്ക് ഭയങ്കര സങ്കടം വന്നുവെന്നും താന്‍ പ്രയാസപ്പെട്ട് ചെയ്ത സിനിമയാണ് അതെന്നും താന്‍ പിന്നീട് ആ സിനിമ കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു മഞ്ജു പത്രോസ്.

ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയില്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ചു എന്നുപറയുമ്പോഴും, ആ സിനിമ അത്ര എന്‍ജോയ് ചെയ്തിട്ട് അല്ല ചെയ്തത്. ഞാന്‍ ഒരുപാട് സങ്കടപ്പെട്ട് കരഞ്ഞിട്ടൊക്കെയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്.

എനിക്ക് അതിന്റെ കോസ്റ്റ്യൂം ഒന്നും ഒട്ടും ഓക്കെയായിരുന്നില്ല. കാരണം ഞാന്‍ വന്ന സമയയാണ്. അന്ന് എന്നോട് പറഞ്ഞത് ജോലിക്കാരിയാണ്, അതുകൊണ്ട് സാരിയായിരിക്കും എന്നാണ് പറഞ്ഞത്. എനിക്ക് വേറെ ഒന്നും അറിയണ്ട.

അങ്ങനെ പറഞ്ഞിട്ട് ലൊക്കേഷനില്‍ ചെന്നു. എല്ലാവരും ഉണ്ട്. മമ്മൂക്ക തമാശ പറയുന്നു. ഞങ്ങളൊക്കെ ചിരിക്കുന്നു. അങ്ങനെ വളരെ എന്‍ജോയ് ചെയ്തിരിക്കുമ്പോള്‍ ഡ്രസ് മാറാം എന്നുപറഞ്ഞ് വിളിച്ചു.

നോക്കിയപ്പോള്‍ ബ്ലൗസും മുണ്ടുമാണ് വേഷം. ബ്ലൗസിന്റെ കഴുത്ത് ഒക്കെ ഇറങ്ങിയാണ് നില്‍ക്കുന്നത്. എനിക്കിപ്പോഴും ഭയങ്കര വിഷമം വരുന്നുണ്ട്. ഞാന്‍ ഭയങ്കരമായിട്ട് കരഞ്ഞു. ഈ ഡ്രസ് ഇടില്ലെന്നൊക്കെ പറഞ്ഞിരുന്നു.

ഭയങ്കര പ്രയാസപ്പെട്ട് ചെയ്ത സിനിമയാണ്. ആ സിനിമയുടെ ഭാഗങ്ങളൊന്നും വ്യക്തമായിട്ട് ഓര്‍മയില്ല, ആ സിനിമ കാണാനും പോയില്ല,’ മഞ്ജു പത്രോസ് പറഞ്ഞു.

Content Highlight: I made that Mammootty film with a lot of sadness and crying; I never went to see it again says Manju Pathrose