ഞാൻ മോഷണം സ്ഥിരമാക്കിയത് അദ്ദേഹത്തിൻ്റെ സിനിമ കാണാൻ വേണ്ടി, അന്ന് ടിക്കറ്റിന് 50 പൈസ: പ്രിയദർശൻ
Entertainment
ഞാൻ മോഷണം സ്ഥിരമാക്കിയത് അദ്ദേഹത്തിൻ്റെ സിനിമ കാണാൻ വേണ്ടി, അന്ന് ടിക്കറ്റിന് 50 പൈസ: പ്രിയദർശൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd June 2025, 8:04 am

പ്രശസ്ത സിനിമാസംവിധായകനാണ് പ്രിയദർശൻ. പൂച്ചക്കൊരു മൂക്കുത്തി എന്ന ആദ്യ സിനിമ തന്നെ മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്.

മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും അദ്ദേഹം സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. രസകരമായ ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ സമർത്ഥനായതുകൊണ്ട് അദ്ദേഹത്തിൻ്റെ ഒട്ടുമിക്ക സിനിമകളെല്ലാം സാമ്പത്തിക വിജയം നേടി. ഇപ്പോൾ അമിതാഭ് ബച്ചനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയദർശൻ.

ബച്ചൻ സിനിമ കാണാൻ വേണ്ടിയിട്ടാണ് താൻ അച്ഛന്റെ പോക്കറ്റിൽനിന്ന് മോഷണം സ്ഥിരമാക്കിയതെന്നും അപ്പോൾ ക്ലാസുകളും പരീക്ഷകളുമൊന്നും തനിക്ക് തടസമായില്ലെന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരത്തെ എല്ലാ തിയേറ്ററുകളിലെയും മുൻനിരയിലിരുന്ന് താൻ സിനിമ കണ്ടിട്ടുണ്ടെന്നും ഭ്രാന്തമായ ആവേശമായിരുന്നു അന്ന് തനിക്കെന്നും പ്രിയദർശൻ പറഞ്ഞു.

അമിതാഭ് ബച്ചനെ നേരിട്ട് കാണണമെന്ന് ഒരിക്കൽ പോലും അന്ന് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബച്ചൻ സിനിമയും അച്ഛൻ്റെ പോക്കറ്റും തമ്മിലൊരു ബന്ധമുണ്ട്. കാരണം അച്ഛന്റെ പോക്കറ്റിൽനിന്ന് ഞാൻ മോഷണം സ്ഥിരമാക്കിയത് ബച്ചൻ സിനിമ കാണാൻ തുടങ്ങിയതോടെയാണ്. തുടർച്ചയായ ഹിറ്റുകൾ അമിതാഭ് ബച്ചൻ ഇന്ത്യയൊട്ടാകെ കൾട്ടായി മാറി. ഒരു സിനിമപോലും നഷ്ടപ്പെടാതിരിക്കാൻ അച്ഛന്റെ പോക്കറ്റിൽനിന്ന് മോഷ്ടിച്ച കാശുമായി തിയേറ്ററുകളിലേക്ക് ഞാൻ ഓടിക്കൊണ്ടേയിരുന്നു.

 

ക്ലാസുകളും പരീക്ഷയുമൊന്നും എനിക്ക് തടസമായില്ല. ഷോലെ റിലീസ് ചെയ്യുമ്പോൾ പിന്നെന്ത് പരീക്ഷ! തിരുവനന്തപുരത്തെ എല്ലാ തിയേറ്ററുകളിലെയും മുൻനിരയിലിരുന്ന് അക്കാലത്ത് ഞാൻ സിനിമ കണ്ടിട്ടുണ്ട്. 50 പൈസ മതിയായിരുന്നു ടിക്കറ്റിന്. ഭ്രാന്തമായ ആവേശമായിരുന്നു ഓരോ ബച്ചൻ സിനിമയും. ബച്ചനെ നേരിട്ട് കാണണമെന്ന് അന്ന് സ്വപ്നത്തിൽപോലും ചിന്തിച്ചിട്ടില്ല,’ പ്രിയദർശൻ പറയുന്നു.

Content Highlight: I made stealing regularly for watch his movie says Priyadarshan