ഈ കളി ദുല്‍ഖര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാ, ഞെരിപ്പ് ഫസ്റ്റ് ലുക്കുമായി ഐ ആം ഗെയിം
Malayalam Cinema
ഈ കളി ദുല്‍ഖര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാ, ഞെരിപ്പ് ഫസ്റ്റ് ലുക്കുമായി ഐ ആം ഗെയിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th November 2025, 7:20 pm

രണ്ട് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് ദുല്‍ഖര്‍ നായകനായെത്തുന്ന ചിത്രമാണ് ഐ ആം ഗെയിം. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം അന്യഭാഷയിലായിരുന്നു താരം കൂടുതലും ശ്രദ്ധ നല്കിയിരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന ഐ ആം ഗെയിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ചോര പുരണ്ട കൈയില്‍ തോക്കുമായി നില്ക്കുന്ന ദുല്‍ഖറാണ് പോസ്റ്ററിലുള്ളത്. വളരെ സ്‌റ്റൈലിഷായ ഫസ്റ്റ് ലുക്ക് തന്നെയാണ് ഐ ആം ഗെയിമിന്റേതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. മോളിവുഡിലേക്കുള്ള തിരിച്ചുവരവ് ഗ്രാന്‍ഡാക്കുമെന്നും സകല കളക്ഷന്‍ റെക്കോഡും ദുല്‍ഖര്‍ തന്റെ പേരിലാക്കുമെന്നുമാണ് പോസ്റ്റര്‍ റിലീസിന് പിന്നാലെയുള്ള കമന്റുകള്‍.

I’m Game/ Dulquer Salmaan X page

വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ദുല്‍ഖര്‍ എന്ന ക്രൗഡ്പുള്ളറുടെ എല്ലാ പൊട്ടന്‍ഷ്യലും വെളിവാക്കുന്നതായിരിക്കുമെന്നാണ് കരുതുന്നത്. എല്ലാം ഒത്തുവരികയാണെങ്കില്‍ എമ്പുരാന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ ഐ ആം ഗെയിം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ വാദിക്കുന്നത്. ഇതുവരെ കാണാത്ത സ്റ്റൈലിഷ് അവതാരത്തിലാണ് ഐ ആം ഗെയിമില്‍ ദുല്‍ഖറിന്റെ എന്‍ട്രി.

ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. പുറത്തുവന്ന അപ്‌ഡേറ്റുകളിലൊന്നും ചിത്രത്തിന്റെ ഴോണറിനെക്കുറിച്ച് യാതൊരു സൂചനയും പുറത്തുവിട്ടിരുന്നില്ല. ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസ് പെപ്പെയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനാണ് ചിത്രത്തിലെ വില്ലന്‍. തമിഴ് താരങ്ങളായ കതിര്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കൊച്ചി, ഹൈദരബാദ്, ദുബായ്, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. സ്‌പോര്‍ട്‌സ് ആക്ഷന്‍ അഡ്വഞ്ചര്‍ ഴോണറാണ് ചിത്രത്തിന്റേതെന്നാണ് റിപ്പോര്‍ട്ട്.

ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ഐ ആം ഗെയിമിന്റെ നിര്‍മാതാക്കള്‍. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീതം. അന്‍പറിവ് ആക്ഷന്‍ ഡയറക്ഷനും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം 2026 മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. പാന്‍ ഇന്ത്യന്‍ റിലീസാണ് ഐ ആം ഗെയിം ലക്ഷ്യം വെക്കുന്നത്.

Content Highlight: I’m Game movie first look out now