പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയാകെ തരംഗമായി മാറിയ നടിയാണ് മമിത ബൈജു. പ്രേമലുവിന് ശേഷം കൈനിറയെ ചിത്രങ്ങളാണ് മമിതയെ തേടി എത്തുന്നത്. വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ തമിഴിലെ മുൻനിര താരങ്ങളുടെ സിനിമയിലെല്ലാം മമിത ബൈജു ഇപ്പോൾ അഭിനയിക്കുന്നുണ്ട്.
‘പ്രേമലു 2 ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞാനും. ചില പ്രത്യേക സാഹചര്യങ്ങൾ കാരണം ചിത്രീകരണം നീട്ടിവച്ചെന്നാണ് അറിയാൻ സാധിക്കുന്നത്. എല്ലാവരേയും പോലെ ഞങ്ങളും കാത്തിരിക്കുകയാണ്, ടീമിന്റെ റീയൂണിയന് വേണ്ടി.
ഗിരിഷേട്ടന്റെ ബത്‌ലഹേം കുടുംബ യൂണിറ്റിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. നിവിൻ ചേട്ടനൊപ്പം രണ്ടാമത്തെ ചിത്രമാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ സ്‌കൂൾ, കോളജ് കാലഘട്ടം ഓർത്തുപോകും. ഞാൻ സ്‌കൂളിൽ പഠിക്കുമ്പോഴാണ് മലർവാടി ആർട്സ്, തട്ടത്തിൻ മറയത്തുമെല്ലാം ഇറങ്ങുന്നത്,’ മമിത ബൈജു പറയുന്നു.
പ്രേമം ഇറങ്ങിയപ്പോൾ പിന്നെ എവിടെ നോക്കിയാലും കറുത്ത ഷർട്ടും വെള്ള മുണ്ടും മാത്രമായിരുന്നുവെന്നും നിവിൻ പോളിയുണ്ടാക്കിയ ഓളം അത്രക്കുണ്ടായിരുന്നെന്നും മമിത കൂട്ടിച്ചേർത്തു. അന്ന് വിദൂര സ്വപ്നത്തിൽപ്പോലും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുമെന്ന ചിന്ത ഇല്ലായിരുന്നുവെന്നും മമിത പറയുന്നു.
തന്റെ സ്വഭാവത്തോട് കൂടുതൽ നിൽക്കുന്നത് പ്രേമലുവിലെ റീനുവാണെന്നും പക്ഷേ, പലർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുന്നത് സൂപ്പർ ശരണ്യയിലെ സോനയോടാണെന്നും നടി പറഞ്ഞു. എന്നാൽ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് സോനയ്ക്കുള്ളതെന്നും കാരണം, സൂപ്പർ ശരണ്യയിൽ അഭിനയിക്കുന്ന സമയത്ത് ശരണ്യയെപ്പോലെ ഉൾവലിഞ്ഞ സ്വഭാവമായിരുന്നു തനിക്കെന്നും മമിത ബൈജു കൂട്ടിച്ചേർത്തു.
തമിഴിൽ പ്രോജക്ടുകൾ ഓൺ ആയിട്ടുണ്ടെന്നും വിജയ്‌ക്കൊപ്പം ജനനായകനിൽ അഭിനയിച്ചു. ധനുഷ്, പ്രദീപ് രംഗനാഥ്, വിഷ്ണു വിശാൽ എന്നിവർക്കൊപ്പമെല്ലാം അഭിനയിക്കുന്നുണ്ട്. സൂര്യയ്ക്കൊപ്പമാണ് പുതിയ ചിത്രം. നിലവിൽ ഇത്ര മാത്രമേ പറയാൻ സാധിക്കൂ. കൂടുതൽ വിശേഷങ്ങൾ പറയാം. .അതുവരെയെല്ലാം സസ്പെൻസ്, മലയാളത്തിൽ ബത്‌ലഹേം കുടുംബ യൂണിറ്റ് സംഗീത് പ്രതാപിനൊപ്പമുള്ള സിനിമയുമാണ് പുതിയ വിശേഷങ്ങളെന്നും മമിത കൂട്ടിച്ചേർത്തു.
Content Highlight: I hope there will be a Premalu 2; I knew that the shooting has been extended: Mamita Baiju