ന്യൂദൽഹി: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.ഐ.ആർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുണ്ടെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഇതുവരെ എസ്.ഐ.ആർ ഫോം പൂരിപ്പിച്ചിട്ടില്ലെന്നും കലാപകാരികളുടെ ഒരു പാർട്ടിക്ക് മുന്നിൽ തന്റെ പൗരത്വം തെളിയിക്കേണ്ടതുണ്ടോയെന്നും അവർ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപകടകാരിയാണെന്ന് മമത പറഞ്ഞു. പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) സമയത്ത് വോട്ടർ പട്ടികയിൽ നിന്നും യോഗ്യരായ വോട്ടർമാരുടെ പേര് നീക്കം ചെയ്‌താൽ ധർണ നടത്തുമെന്നും മമത മുന്നറിയിപ്പ് നൽകി.
‘യോഗ്യതയുള്ള ഒരു വോട്ടറുടെ പേര് നീക്കം ചെയ്‌താൽ ഞാൻ ധർണ നടത്തും. തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് അവർ എസ്.ഐ.ആർ നടത്തുന്നു. വോട്ടിനായി അവർ ദാഹിക്കുന്നുണ്ട്,’ അവർ കൂട്ടിച്ചേർത്തു.
നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ നടന്ന റാലിയിലായിരുന്നു അമിത് ഷായ്‌ക്കെതിരെയുള്ള മമതയുടെ പരാമർശം. അമിത് ഷാ അപകടകാരിയാണെന്നും അത് അദ്ദേഹത്തിന്റെ വാക്കുകളിൽ കാണാൻ കഴിയുമെന്നും മമത പറഞ്ഞു.
‘അമിത് ഷാ അപകടകാരിയാണ്. അത് അദ്ദേഹത്തിന്റെ വാക്കുകളിൽ കാണാൻ കഴിയും. അദ്ദേഹത്തിന്റെ കണ്ണുകൾ ഭയപ്പെടുത്തുന്നതാണ്. ഒരു കണ്ണിൽ നിങ്ങൾ ദുര്യോധനനെയും മറു കണ്ണിൽ ദുശ്ശാസനനെയും കാണും,’ അവർ പറഞ്ഞു.
‘എല്ലാ ബംഗാളികളെയും ബംഗ്ലാദേശികളായി മുദ്രകുത്തി തടങ്കലിലേക്ക് അയക്കാൻ എന്തും ചെയ്യുന്നൊരു മന്ത്രി നമുക്കുണ്ട്. എന്നാൽ ആരെയും പശ്ചിമ ബംഗാളിൽ നിന്നും പുറത്താക്കാൻ ഞങ്ങൾ അനുവദിക്കില്ല. നിർബന്ധിതമായി ഒരാളെ പുറത്താക്കിയാൽ എങ്ങനെ തിരികെ കൊണ്ടുവരണമെന്ന് ഞങ്ങൾക്ക് അറിയാം,’ മമത പറഞ്ഞു.
ദൽഹിയിൽ നിന്നും ബി.ജെ.പി പിന്തുണയുള്ള ചിലരെ പശ്ചിമ ബംഗാളിലെ കാര്യങ്ങൾ നിരീക്ഷിക്കാൻ അയക്കുന്നുണ്ടെന്നും എസ്.ഐ.ആറിൽ ഹിയറിങ്ങുകൾ നടക്കുമ്പോൾ ജില്ലാ മജിസ്‌ട്രേറ്റുകളുടെ ജോലികൾക്ക് അവരാണ് മേൽനോട്ടം വഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlight: I haven’t filled SIR yet; do I have to prove my citizenship to the rioters’ party: Mamata Banarjee