വേടൻ പാടി നടക്കുന്ന ജാതി വേർതിരിവ് ഞാൻ കണ്ടിട്ടില്ല; ജാതിയോ നിറമോ ഇതുവരെ തോന്നിയിട്ടില്ല: മേജർ രവി
Malayalam Cinema
വേടൻ പാടി നടക്കുന്ന ജാതി വേർതിരിവ് ഞാൻ കണ്ടിട്ടില്ല; ജാതിയോ നിറമോ ഇതുവരെ തോന്നിയിട്ടില്ല: മേജർ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th September 2025, 8:17 pm

പ്രിയദർശന്റെ സംവിധാന സഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് മേജർ രവി. പുനർജനി എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ അദ്ദേഹം കീർത്തിചക്ര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി.

പട്ടാളക്കഥകൾ ആസ്പദമാക്കിയുള്ള സിനിമകളിലൂടെ ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം മേജർ രവി സ്വന്തമാക്കി.മോഹൻലാലിനെ വെച്ച് ഏറ്റവും അധികം പട്ടാള സിനിമകൾ ചെയ്ത സംവിധായകനാണ് അദ്ദേഹം. ഇപ്പോൾ ജാതിയെക്കുറിച്ച് സംസാരിക്കുകയാണ് മേജർ രവി.

‘ഞങ്ങളുടെ കുടുംബത്തിന് കൃഷിയുണ്ടായിരുന്നു പട്ടാമ്പിയിൽ. ഇതിൽ ശ്രദ്ധിച്ച് നടക്കുന്ന അച്ഛൻ കാലത്തങ്ങ് പോയിക്കഴിഞ്ഞാൽ പിന്നെ വൈകീട്ടാണ് വരുന്നത്. ഇതിനിടയിൽ അനുഭവം മുഴുവൻ നമുക്കാണ്. എന്റെ കളിക്കൂട്ടുകാരൻ എന്നുപറയുന്നത് വീട്ടിൽ കണ്ണനെ (സഹോദരൻ) നോക്കുന്ന കുട്ടപ്പയും കൃഷ്ണനുമൊക്കെയായിരുന്നു. അതുകൊണ്ട് അതുകൊണ്ട് വേടൻ പാടിക്കൊണ്ട് നടക്കുന്ന ആ ജാതി വേർതിരിവ് ഞാൻ കണ്ടിട്ടില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.

കാരണം തന്റെ കൂടെയുണ്ടായിരുന്നത് കുട്ടപ്പയും, കൊല്ലന്റെ മകൻ കൃഷ്ണനും ആയിരുന്നെന്നും അതുകൊണ്ട് തനിക്ക് ജാതിയോ നിറമോ ഇതുവരെ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അമ്മ തന്നെ വളർത്തിയതും അങ്ങനെ ആയിരുന്നെന്നും മേജർ രവി കൂട്ടിച്ചേർത്തു.

ഈ വർഷം ഒരുപാട് വിവാദങ്ങൾക്ക് വഴിവെച്ച ദേശീയ അവാർഡ് പ്രഖ്യാപനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു

ഒരുപാട് സ്റ്റേജുകൾക്ക് ശേഷമാണ് അവാർഡ് പ്രഖ്യാപിക്കുന്നതെന്നും അതിന് ചില മാനദണ്ഡങ്ങളുണ്ടെന്നും മേജർ രവി പറയുന്നു. താൻ ഒരു വർഷം ദേശീയ അവാർഡ് ജൂറിയിൽ ഉണ്ടായിരുന്നെന്നും അന്ന് ഇതിന്റെ രീതികളെല്ലാം നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

താൻ ജൂറി അംഗമായിരുന്ന സമയത്തും ഇതുപോലെ വിവാദമുണ്ടായിരുന്നെന്നും തനിക്ക് ഒരുപാട് ചീത്ത കേൾക്കേണ്ടി വന്നെന്നും മേജർ രവി പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: I have never seen caste discrimination like Vedan Says