രാഹുലിനെ പ്രസിഡന്റാക്കരുതെന്ന് ഷാഫിയോട് അപേക്ഷിച്ചിരുന്നു; എന്നാല്‍ പുച്ഛമായിരുന്നു മറുപടി: എം.എ. ഷഹനാസ്
Kerala
രാഹുലിനെ പ്രസിഡന്റാക്കരുതെന്ന് ഷാഫിയോട് അപേക്ഷിച്ചിരുന്നു; എന്നാല്‍ പുച്ഛമായിരുന്നു മറുപടി: എം.എ. ഷഹനാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd December 2025, 3:49 pm

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലെയുള്ളവരെ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരരുതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഷാഫി പറമ്പിലിനോട് അപേക്ഷിച്ചിരുന്നുവെന്ന് എഴുത്തുകാരിയും കോണ്‍ഗ്രസ് സഹയാത്രികയുമായ എം.എ. ഷഹനാസ്.

രാഹുലിനെതിരെ വീണ്ടും പരാതികള്‍ ഉയരുമ്പോള്‍ തനിക്ക് മനസാക്ഷി കുത്തൊന്നുമില്ലെന്നും ഷഹനാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഷഹനാസിന്റെ പ്രതികരണം.

നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കോണ്‍ഗ്രസില്‍ ഉണ്ടാവണമെങ്കില്‍ രാഹുലിനെ പോലെയുള്ളവരെ പ്രസിഡന്റാക്കരുതെന്ന് അപേക്ഷിച്ചപ്പോള്‍, പരിഹാസവും പുച്ഛവുമായിരുന്നു മറുപടിയായി ലഭിച്ചതെന്നും ഷഹനാസ് പറയുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാന്‍ സാധിക്കാത്ത ഒരു പൊലീസ് സംവിധാനമാണോ കേരളത്തിലുള്ളതെന്നും ഷഹനാസ് ചോദിക്കുന്നു. അല്ലെങ്കിലും വേട്ടനായ്കള്‍ എല്ലാ കാലത്തും ആഘോഷിക്കപ്പെടും. എന്നാല്‍ ഇരകളെന്നും നിരകിച്ചു ജീവിച്ചുമരിക്കുമെന്നും ഷഹനാസ് കൂട്ടിച്ചേര്‍ത്തു.

തന്റെ പക്ഷം സ്ത്രീപക്ഷം തന്നെയാണെന്നും ഷഹനാസ് വ്യക്തമാക്കി. ആരൊക്കെ തന്നെ ചുറ്റിനും നിന്ന് അക്രമിച്ചാലും തന്റെ പക്ഷം സ്ത്രീപക്ഷം തന്നെയായിരിക്കുമെന്നും ഷഹനാസ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഭാഗമായി എല്ലാ അധികാരങ്ങളും ആസ്വദിച്ചവനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വക്കത്തെത്തി നില്‍ക്കുമ്പോള്‍ പ്രസ്ഥാനത്തെ ഇരുട്ടിലാക്കിയ മഹാനാണ് രാഹുലെന്നും കോണ്‍ഗ്രസ് അണികള്‍ ഓര്‍ക്കണമെന്നും ഷഹനാസ് പറഞ്ഞു.

ഇരകളെന്ന് പറഞ്ഞുവരുന്ന മുഴുവന്‍ സ്ത്രീകളെയും സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചു കൊണ്ടിരിക്കുന്നത് ഒരു ക്രിമിനലായിട്ടുള്ള വ്യക്തിക്ക് വേണ്ടിയിട്ടാണെന്നും നിങ്ങള്‍ മനസിലാക്കണം. പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികള്‍ കേരളത്തിന്റെ പലസ്ഥലങ്ങളിലും മത്സരിക്കുന്നുണ്ടെന്ന ഗതികേട് കൂടി നമ്മള്‍ മനസിലാക്കണമെന്നും ഷഹനാസ് പ്രതികരിച്ചു.

കോണ്‍ഗ്രസിനുള്ളില്‍ വെട്ടുക്കിളി ഫാന്‍സിനെയും ഷഹനാസ് വിമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസ് ആരുടേയും തറവാട്ട് സ്വത്തല്ലെന്നും തുറന്ന് എഴുതാനുള്ളത് ഇനിയും എഴുതുമെന്നും ഷഹനാസ് വ്യക്തമാക്കി.

Content Highlight: I had requested Shafi not to make Rahul the President; but the reply was contemptuous: M.A. Shahnas