മലയാള സിനിമയിലെ സീനിയർ നടൻമാരിലൊരാളാണ് കുഞ്ചൻ. 700ലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള കുഞ്ചൻ അധികവും ഹാസ്യ റോളുകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. 1970ൽ ശശികുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നത്.
ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിൽ തുടങ്ങി ഇന്നുവരെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. മലയാളത്തിലെ നിരവധി അഭിനേതാക്കളോടൊപ്പം അഭിനയിച്ച കുഞ്ചൻ ഇപ്പോൾ സിനിമയിലെ അടുത്ത സുഹൃത്തുക്കളെക്കുറിച്ച് സംസാരിക്കുകയാണ്.
ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ നടൻ സോമനായിരുന്നെന്നും ജയനുമായും നല്ലൊരു ബന്ധമുണ്ടായിരുന്നെന്നും കുഞ്ചൻ പറയുന്നു. പിന്നീട് മമ്മൂട്ടിയും മോഹൻലാലുമൊക്കെ വന്നപ്പോഴും അവരുമായും നല്ല ബന്ധം സൂക്ഷിച്ചെന്നും നടൻ വ്യക്തമാക്കി.
മമ്മൂട്ടിയുമായുള്ള ബന്ധം ഇപ്പോഴുമുണ്ടെന്നും സിനിമയിലല്ലാതെ സാമ്പത്തികമായും മമ്മൂട്ടി സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. തൻ്റെ കല്ല്യാണസമയത്ത് കയ്യിൽ പണമില്ലാതിരുന്നപ്പോൾ മമ്മൂട്ടി സഹായിച്ചെന്നും കാണുമ്പോൾ പരുക്കനാണെങ്കിലും സ്നേഹസമ്പന്നനാണ് മമ്മൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സോമേട്ടനായിരുന്നു ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. ജയനുമായും നല്ലൊരു ബന്ധമുണ്ടായിരുന്നു. ജയൻ ഒറ്റയാനായിരുന്നു പക്ഷേ എന്നോട് നല്ല സൗഹ്യദമായിരുന്നു. പിന്നീട് മമ്മൂട്ടിയും മോഹൻലാലുമൊക്കെ വന്നു. അവരുമായും നല്ല ബന്ധം സൂക്ഷിക്കാനായി. മമ്മൂട്ടിയുടെ ഭാര്യ സുലു എന്റെ ജേഷ്‌ഠന്റെ കൂട്ടുകാരന്റെ മകളാണ്.
മമ്മൂട്ടിയുമായുള്ള ബന്ധം ഇപ്പോഴും ഏറെ ഭംഗിയോടെ നിലനിർത്തിയിട്ടുണ്ട്. സിനിമയിലല്ലാതെ സാമ്പത്തികമായും മമ്മൂട്ടി സഹായിച്ചിട്ടുണ്ട്. എന്റെ കല്യാണസമയത്ത് കൈയ്യിൽ വലിയ കാശൊന്നുമില്ലായിരുന്നു. ആ സമയത്ത് അദ്ദേഹം വന്ന് നല്ലൊരു സംഖ്യ കൈയിൽ വെച്ചുതന്നു. കാണുമ്പോൾ പരുക്കനാണെങ്കിൽ ശുദ്ധപാവവും സ്നേഹസമ്പന്നനുമാണ് എന്റെ അനുഭവത്തിലെ മമ്മൂട്ടി,’ കുഞ്ചൻ പറയുന്നു.
Content Highlight: I had no money during my wedding; Mammootty helped me says Kunchan