ന്നാ താന് കേസ് കൊട് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ നടനാണ് പി. പി. കുഞ്ഞികൃഷ്ണൻ. ചിത്രത്തിൽ ജഡ്ജിയുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് കൊറോണ പെപ്പേഴ്സ്, ഒരു ജാതി ജാതകം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
ഇപ്പോൾ ഓഡിഷൻസിനൊന്നും പോകാറില്ലെന്നും തന്നെ ആവശ്യമുള്ള ചിത്രങ്ങളിലേക്ക് വിളിക്കുമ്പോൾ അഭിനയിക്കുമെന്നും കുഞ്ഞികൃഷ്ണൻ പറയുന്നു. അത് അഹങ്കാരം കൊണ്ടല്ലെന്നും ചില ഉത്തരവാദിത്തങ്ങളുള്ളത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നെന്നും നിലനിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്കിഷ്ടമെന്നും സത്യൻ അന്തിക്കാടിന്റെയും ബാലചന്ദ്ര മേനോന്റെയും അഭിനയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജാതി ജാതകം എന്ന ചിത്രത്തിലെ കഥാപാത്രം ശ്രീനിവാസൻ ചെയ്യാൻ വെച്ചിരുന്നതാണെന്നും തനിക്ക് ആ വേഷം ലഭിച്ചത് ഭാഗ്യം കൊണ്ടാണെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോൾ ഓഡിഷൻസിനൊന്നും പോകാറില്ല. മറിച്ച് നമ്മളെ ആവശ്യമുള്ള കഥാപാത്രങ്ങളിലേക്ക് വിളിവരുമ്പോൾ ചെന്ന് അഭിനയിക്കും. കാസ്റ്റിങ് കോൾ കണ്ട് ഫോട്ടോ അയച്ചുകൊടുക്കുന്ന പരിപാടി ഇനിയില്ല. അഹങ്കാരംകൊണ്ട് പറയുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. എന്നെ ആവശ്യമുള്ളവർ ഇപ്പോൾ അത്യാവശ്യം വിളിക്കുന്നുണ്ട്. അങ്ങനെ മുന്നോട്ട് പോകാമെന്നാണ് കരുതുന്നത്. അധ്യാപന ജീവിതത്തിൽനിന്ന് വിരമിച്ചു. ചില ഉത്തരവാദിത്തങ്ങളുണ്ട്.
കാബൂളിവാല എന്ന സിനിമയിൽ ഇന്നസെന്റും ജഗതി ശ്രീകുമാറും ചെയ്ത കന്നാസും കടലാസും എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണ്. അതുപോലെയുള്ള, എന്നെന്നും നിലനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്യണമെന്നതാണ് ആഗ്രഹം. സത്യൻ അന്തിക്കാടിന്റെയും ബാലചന്ദ്ര മേനോന്റെയും സിനിമകളിൽ അഭിനയിക്കണം.
വിനീത് ശ്രീനിവാസൻ നായകനായ ‘ഒരു ജാതി ജാതകം’ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ‘അരവിന്ദന്റെ അതിഥികൾ’ക്കുശേഷം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ശ്രീനിയേട്ടൻ ചെയ്യാൻ വെച്ച കഥാപാത്രമാണ് എന്നെ തേടിയെത്തിയത്. അതൊരു ഭാഗ്യമായിക്കാണുന്നു,’ കുഞ്ഞികൃഷ്ണൻ പറയുന്നു.
Content Highlight: I got the role that Sreenivasan was supposed to play in that movie says PP kunhikrishnan