സിനിമകൾ പരാജയപ്പെടുന്നതോർത്ത് വിഷമിക്കാറില്ല; എല്ലാവർക്കും സംഭവിക്കുന്ന കാര്യം: മോഹൻലാൽ
Malayalam Cinema
സിനിമകൾ പരാജയപ്പെടുന്നതോർത്ത് വിഷമിക്കാറില്ല; എല്ലാവർക്കും സംഭവിക്കുന്ന കാര്യം: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th September 2025, 8:29 pm

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ചുരുക്കം നടന്മാരിൽ ഒരാളാണ് അദ്ദേഹം. എന്നാൽ ഒരു കാലത്ത് മോശം സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിൽ പഴികേൾക്കേണ്ടി വന്ന മോഹൻലാൽ അതിഗംഭീര തിരിച്ചുവരവും നടത്തി.

ഈ വർഷം ഹാട്രിക് ഹിറ്റുകൾ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒടുവിൽ പുറത്തിറങ്ങിയ ഹൃദയപൂർവ്വവും ഇതിനോടകം അമ്പത് കോടി നേടി കഴിഞ്ഞു. ഇപ്പോൾ സിനിമയുടെ വിജയപരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘എന്റെ സിനിമയിലെ ഹിറ്റിനെക്കുറിച്ചും ഫ്‌ലോപ്പിനെക്കുറിച്ചും ഞാൻ കൺസേൺ അല്ല. കാര്യം ഒരുപാട് ഫ്‌ളോപ് സിനിമകൾ ഉണ്ടായിട്ടുണ്ട്. സൂപ്പർഹിറ്റ് സിനിമകളും ഉണ്ടായിട്ടുണ്ട്. അത് ഏതൊരു അഭിനേതാവിനും ഉള്ള കാര്യങ്ങൾ തന്നെയാണ്. മലയാളത്തിൽ മാത്രമല്ല, ഹോളിവുഡിലെ ഏറ്റവും വലിയ സിനിമകളൊക്കെ പരാജയപ്പെടുന്നില്ലേ? എത്രയോ അഭിനേതാക്കളുടെ…,’ മോഹൻലാൽ പറയുന്നു.


അത് എല്ലാ ഇൻഡസ്ട്രിയിലും നടക്കുന്ന കാര്യമാണെന്നും പക്ഷെ, തനിക്ക് തോന്നാന്നത് തുടർച്ചയായി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നത് കൊണ്ടായിരിക്കുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

മറ്റുള്ളവർ ഒരു സിനിമ ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടായിരിക്കും അടുത്ത സിനിമ ചെയ്യുന്നതെന്നും അതുകൊണ്ട് സിനിമ പരാജയപ്പെടുന്നത് അവരെ കൂടുതൽ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ഒരു സിനിമ റിലീസ് ആകുന്നതെന്നും ആ സിനിമ മോശമായി എന്നുപറഞ്ഞാലും തന്നെ അത് ബാധിക്കാത്തത് മറ്റൊരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
അതൊരു തുടർച്ചയായ പ്രൊസസ് ആയതുകൊണ്ടായിരിക്കാം തന്നെ ബാധിക്കാത്തതെന്നും തോൽവിക്കുറിച്ച് താൻ അധികം വിശകലനം ചെയ്തിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.

സിനിമ പരാജയപ്പെടുമ്പോൾ ദുഃഖിച്ചിട്ട് കാര്യമില്ലെന്നും അത് മോശമാകുന്നത് നമ്മുടെ മാത്രം തെറ്റ് കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിലൊരുപാട് കാര്യങ്ങളുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

Content Highlight: I don’t worry about films failing; it happens to everyone says Mohanlal