അന്ന് ആ സിനിമ ചെയ്യാൻ സാധിച്ചില്ല; അതിൻ്റെ വിഷമത്തിൽ ഞാൻ നാടുവിട്ടു: സിബി മലയിൽ
Entertainment
അന്ന് ആ സിനിമ ചെയ്യാൻ സാധിച്ചില്ല; അതിൻ്റെ വിഷമത്തിൽ ഞാൻ നാടുവിട്ടു: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 8:20 am

മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. 50ലധികം സിനിമകൾ സംവിധാനം ചെയ്‌ത സിബി മലയിൽ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.

മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെയാണ് സിബി മലയിൽ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ദശരഥം, കിരീടം, ആകാശദൂത് തുടങ്ങി മികച്ച നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. ഇപ്പോൾ ആദ്യ സിനിമ അന്ന് നടക്കാതെ പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ.

സ്വന്തമായി സിനിമ ചെയ്യാൻ നവോദയുടെ ഡയറക്ടറും മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയുടെ സംവിധായകനുമായ ജിജോയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അങ്ങനെ രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചതായും സിബി മലയിൽ പറയുന്നു.

എന്നാൽ പിന്നീട് നവോദയ ആ ചിത്രം ചെയ്യുന്നില്ലെന്ന് പറഞ്ഞെന്നും അത് തനിക്ക് നല്ല വിഷമം ഉണ്ടാക്കിയെന്നും പറഞ്ഞു. ആ വിഷമത്തിൽ താൻ കോയമ്പത്തൂരിലേക്ക് വണ്ടി കയറിയെന്നും എന്നാൽ പിന്നീട് അന്ന് തീരുമാനിച്ച കഥ സിനിമയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള മനോരമ വാരാന്ത്യപ്പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്വന്തമായി എന്നോടൊരു സിനിമ ചെയ്യാൻ ജിജോയാണ് ആവശ്യപ്പെടുന്നത്. അങ്ങനെ രഘുനാഥ് പലേരിയുടെ തിരക്കഥ സിനിമയാക്കാൻ തീരുമാനിച്ചു. അതിന്റെ കാര്യങ്ങൾ അതിവേഗം മുന്നോട്ടു പോയെങ്കിലും പെട്ടെന്നൊരു ദിവസം നവോദയ ആ ചിത്രം ചെയ്യുന്നില്ലെന്ന് പറഞ്ഞു.

അതിന്റെ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. അതെനിക്ക് വലിയ വിഷമം ഉണ്ടാക്കി. കാരണം, ഞാൻ സിനിമ ചെയ്യാൻ പോകുന്ന കാര്യം നാട്ടുകാരെല്ലാം അറിഞ്ഞിരുന്നു. അങ്ങനെയൊരു ദിവസം ഞാൻ കോയമ്പത്തൂരിലുള്ള ചേട്ടൻ ജോസിൻ്റെയടുത്തേക്ക് വണ്ടി കയറി.

അദ്ദേഹം അവിടെ കോൺട്രാക്ടറായിരുന്നു. ഞാൻ വലിയ നിരാശയിലാണെന്ന് മനസിലാക്കിയ ചേട്ടൻ എന്നെ വീണ്ടും പൂനെക്ക് വിടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. പക്ഷേ, വർഷങ്ങൾക്ക് ശേഷം ഞാനും രഘുനാഥ് പലേരിയും കൂടി ആ കഥ സിനിമയാക്കി. ആ സിനിമയാണ് ദേവദൂതൻ,’ സിബി മലയിൽ പറയുന്നു.

Content Highlight: I couldn’t make that film so I left the home says Sibi Malayil