'ഇനി ഈ എസ്.ഐ.ആര്‍ ജോലി ചെയ്യാന്‍ വയ്യ'; ഗുജറാത്തില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു
India
'ഇനി ഈ എസ്.ഐ.ആര്‍ ജോലി ചെയ്യാന്‍ വയ്യ'; ഗുജറാത്തില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st November 2025, 9:19 pm

അഹമ്മദാബാദ്: എസ്.ഐ.ആര്‍ ജോലി ഭാരത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ ആത്മഹത്യ ചെയ്തു. ദേവ്‌ലി ഗ്രാമത്തില്‍ നിന്നുള്ള അരവിന്ദ് മുതല്‍ജി വധേരയാണ് ആത്മഹത്യ ചെയ്തത്.

എസ്.ഐ.ആര്‍ കാരണം അമിത ജോലിഭാരമുണ്ടായതാണ് അരവിന്ദിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു.

കൊടിനാറിലെ ഛര കന്യ പ്രൈമറി സ്‌കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാവിലെയാണ് അരവിന്ദിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

അരവിന്ദിന്റെ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയ്ക്ക് എഴുതിയ കത്തില്‍ എസ്.ഐ.ആര്‍ കാരണം കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായി അരവിന്ദ് പറയുന്നുണ്ട്.

‘എനിക്ക് ഇനി ഈ എസ്.ഐ.ആര്‍ ജോലി ചെയ്യാനാകില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് നിരന്തര ക്ഷീണവും മാനസിക സമ്മര്‍ദവും അനുഭവപ്പെടുന്നുണ്ട്. മകനെ നന്നായി പരിപാലിക്കണം. ഞാന്‍ നിങ്ങളെ രണ്ടുപേരെയും വളരെയധികം സ്‌നേഹിക്കുന്നു. പക്ഷെ, എനിക്ക് ഇപ്പോള്‍ ഈ അവസാന മാര്‍ഗം സ്വീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ജോലി രേഖകള്‍ സ്‌കൂളിന് കൈമാറണം’, കത്തില്‍ അരവിന്ദ് കുറിച്ചതിങ്ങനെ.

ഈ ആത്മഹത്യാക്കുറിപ്പ് അധ്യാപകരുടെയും ബി.എല്‍.ഒമാരുടെയും ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബി.എല്‍.ഒമാരോട് അര്‍ധരാത്രി വരെ ജോലി ചെയ്യാന്‍ നിര്‍ദേശിക്കുന്നുണ്ടെന്ന സന്ദേശങ്ങളും വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുയര്‍ന്നു.

‘മുഴുവന്‍ അധ്യാപക സമൂഹത്തിനും ഇത് നടുക്കമുണ്ടാക്കി. എസ്.ഐ.ആര്‍ ജോലി ഭാരം കാരണം അരവിന്ദ് ജീവനൊടുക്കി. കോടിനാറിലെ ഏറ്റവും മികച്ച അധ്യാപകരില്‍ ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍, ജോലി ഭാരം താങ്ങാനാവാത്തതായിരുന്നു,’ ജില്ലാ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ വിനോദ് ബരാദ് പറഞ്ഞു.

കുടുംബത്തിന് സംരക്ഷണവും സാമ്പത്തിക സഹായവും നല്‍കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘും രംഗത്തെത്തിയിട്ടുണ്ട്.
എസ്.ഐ.ആര്‍ ജോലി ഭാരം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സംഘടന അധ്യക്ഷന്‍ മിതേഷ് ഭട്ട് അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്.ഐ.ആര്‍ ജോലി ഭാരത്തെ തുടര്‍ന്ന് ബി.എല്‍.ഒമാര്‍ ജീവനടുക്കുന്നുണ്ട്. കണ്ണൂരിലും രാജസ്ഥാനിലും പശ്ചിമ ബംഗാളിലും സമാനമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവനക്കാര്‍ക്ക് മേല്‍ മനുഷ്യത്വരഹിതമായ സമ്മര്‍ദമാണ് അടിച്ചേല്‍പ്പിക്കുന്നത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. ബംഗാളില്‍ 28 പേരുടെ മരണങ്ങള്‍ക്ക് ജോലി ഭാരം കാരണമായെന്ന് മമത ആരോപിച്ചിരുന്നു.

Content Highlight: ‘I can’t do this SIR job anymore’; BLO commits suicide in Gujarat