ആർ.എസ്.എസിന്റെ വേദിയിൽ 'നീർ നിലങ്ങളിൽ അടിമയാര് ഉടമയാര്' പാടാൻ എനിക്ക് പറ്റും; ആർ.എസ്.എസ് എന്നെ വിളിക്കണം: വേടൻ
Kerala
ആർ.എസ്.എസിന്റെ വേദിയിൽ 'നീർ നിലങ്ങളിൽ അടിമയാര് ഉടമയാര്' പാടാൻ എനിക്ക് പറ്റും; ആർ.എസ്.എസ് എന്നെ വിളിക്കണം: വേടൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th November 2025, 10:58 pm

കൊച്ചി: ആർ.എസ്.എസിന്റെ വേദിയിൽ നീർ നിലങ്ങളിൽ അടിമയാര് ഉടമയാര് പാടാനും തനിക്ക് കഴിയുമെന്ന് റാപ്പർ വേടൻ. ആർ.എസ്.എസുകാർ വിളിച്ചാൽ താൻ പാടാൻ പോകുമെന്നും വേടൻ പറഞ്ഞു. ട്വന്റി ഫോർ ചാനലിൽ ഹാഷ്മി താജ് ഇബ്രാഹിമുമായുള്ള ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേടന് ഇഷ്ടമില്ലാത്ത ഒരു രാഷ്ട്രീയ വേദിയിൽ പാടാൻ പോകുമോ എന്ന ചോദ്യത്തിന് ആർ.എസ്.എസ് തന്നെ വിളിച്ചാൽ താൻ പോകുമെന്നും നീർ നിലങ്ങളിൽ അടിമയാര് ഉടമയാര് താൻ പാടുമെന്നുമായിരുന്നു വേടന്റെ മറുപടി. പണം തന്നാലും ഇല്ലെങ്കിലും താൻ പാടാൻ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ.എസ്.എസ് താൻ എതിർക്കുകയും തന്നെ വെറുക്കുകയും ചെയ്യുന്നൊരു രാഷ്ട്രീയ മേഖലയാണെന്നും വേടൻ പറഞ്ഞു.

അവരുടെ സിസ്റ്റത്തിന് പ്രശ്നമുണ്ടെന്നും അത് ജാതിയിൽ അധിഷ്ഠിതമാണെന്നും മനുഷ്യനെ മനുഷ്യനായി കാണാത്ത സിസ്റ്റമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് തന്റെ രാഷ്ട്രീയമാണ് താൻ പറയുന്നതെന്നും വേടൻ പറഞ്ഞു.

ആർ.എസ്.എസിന്റെ ഗ്രൂപ്പുകളിൽ തനിക്കെതിരെയുള്ള ഭീഷണികളെ വരാറുണ്ടെന്നും തന്റെ സുഹൃത്തുക്കൾ അത് തനിക്ക് കാണിച്ചുതരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ഭീഷണികൾ പേടിപ്പെടുത്താറുണ്ടോ എന്ന ഹാഷിമിന്റെ ചോദ്യത്തിന് മനുഷ്യനാകുമ്പോൾ തീർച്ചയായും പേടിയുണ്ടാകുമെന്നും തനിക്ക് പേടിയുണ്ടെന്നും വേടൻ വ്യക്തമാക്കി. താൻ വീട്ടിൽ സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ഹാസ്യരൂപേണ പറഞ്ഞു.

ഈ വർഷത്തെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് വേടന് ലഭിച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്സിലെ കുതന്ത്രം എന്ന പാട്ടിനായിരുന്നു വേടൻ പുരസ്‌കാരത്തിന് അർഹനായത്.

Content Highlight: I can also sing  RSS stage: Vedan, 24newschannel interview