ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഗായകനാണ് ഞാൻ, പലരും എൻ്റെ കഴിവിനെ പരിഗണിച്ചില്ല: കെ.ജി. മാർക്കോസ്
Entertainment
ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഗായകനാണ് ഞാൻ, പലരും എൻ്റെ കഴിവിനെ പരിഗണിച്ചില്ല: കെ.ജി. മാർക്കോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th June 2025, 8:44 am

മലയാളികൾക്ക് പരിചിതനായ ഗായകനാണ് കെ.ജി. മാർക്കോസ്. ഭക്തിഗാനങ്ങളിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് മലയാള പിന്നണിഗാനരംഗത്തും തൻ്റെ വ്യക്തമുദ്ര പതിപ്പിച്ചു. ‘ഇസ്രഈലിൻ നാഥനായി വാഴുമേക ദൈവം’ എന്നു തുടങ്ങുന്ന മാർക്കോസിൻ്റെ ക്രൈസ്‌തവ ഭക്തിഗാനം പ്രസിദ്ധമാണ്.

1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ ‘കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ’ എന്ന ഹിറ്റുഗാനത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് പ്രവേശിക്കുന്നത്. നിറക്കൂട്ട് എന്ന ചിത്രത്തിലെ പൂമാനമേ എന്ന പാട്ട്, ഗോഡ്‌ഫാദറിലെ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ എന്നീ ജനപ്രിയ ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. ഇപ്പോൾ തനിക്കുണ്ടായ തെറ്റിധാരണയെപ്പറ്റി സംസാരിക്കുകയാണ് മാർക്കോസ്.

ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഗായകനാണ് താനെന്നും യേശുദാസുമായുള്ള താരതമ്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരിക്കലും യേശുദാസിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും എന്നാൽ പലരും തൻ്റെ കഴിവിനെ പരിഗണിച്ചില്ലെന്നും മാർക്കോസ് പറയുന്നു.

തനിക്ക് സിനിമയിൽ അവസരം കുറഞ്ഞെന്നും പാടിയ പാട്ടുകളിൽ ഒരുപാട് ഹിറ്റുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നല്ല അവസരങ്ങൾ കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും തന്നെ പലപ്പോഴും മാറ്റിനിർത്തിയതുപോലെ തോന്നിയിട്ടുണ്ടെന്നും മാർക്കോസ് കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയാണ് അദ്ദേഹം.

‘ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഗായകനാണ് ഞാൻ. പലപ്പോഴും ദാസേട്ടനുമായുള്ള അനാവശ്യ താരതമ്യം ഉണ്ടായിട്ടുണ്ട്. ഞാൻ യേശുദാസിൻ്റെ വലിയ ആരാധകനാണ്. എന്നാൽ, ഒരിക്കലും അദ്ദേഹമാകാൻ ശ്രമിച്ചിട്ടില്ല. എനിക്ക് ഇഷ്ടമുള്ള രീതിയിലാണ് ഞാൻ വസ്ത്രം ധരിക്കുന്നതും പാടുന്നതുമെല്ലാം. എൻ്റേതായ ശൈലിയാണ് പിന്തുടരുന്നത്. പലരും എൻ്റെ കഴിവിനെ പരിഗണിച്ചില്ല.

അടിച്ചുതാഴ്ത്താനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് സിനിമയിൽ അവസരങ്ങൾ കുറഞ്ഞത്. താഴ്ത്തിക്കെട്ടാൻ ശ്രമിച്ചിട്ടും ഇവിടെ എത്താനായതിൽ സന്തോഷമുണ്ട്. പാടിയ പാട്ടുകളിൽ ഒരുപാട് ഹിറ്റുകൾ. അധികം നല്ല അവസരങ്ങൾ തേടിവന്നില്ല എന്ന നിരാശ ഒഴിവാക്കാനാവില്ല. സിനിമാരംഗത്തുനിന്ന് മാറ്റിനിർത്തുന്നതുപോലെ പലപ്പോഴും തോന്നിയിട്ടുണ്ട്,’ മാർക്കോസ് പറയുന്നു.

Content Highlight: I am a much misunderstood singer Says KG Markose