‘ഭൂതകാലം’, ‘ഭ്രമയുഗം’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ രാഹുല്‍ സദാശിവന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഒടിയന്‍.
പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ബോളിവുഡിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സ് മലയാളത്തില്‍ നേരിട്ട് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രാഹുല്‍ സദാശിവന്‍ തന്നെയാണ്. റെഡ് റെയ്ന്‍, ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറൈ എന്നീ സിനിമകള്‍ക്ക് ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഒടിയന്‍.
തന്റെ സിനിമാ നിര്‍മാണ രീതികളെക്കുറിച്ചും പുതിയ പ്രൊജക്റ്റിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍.
കരിയറിലെ അടുത്ത പ്ലാനുകള്‍ നേരത്തെ വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ആളാണ് താനെന്നാണ് രാഹുല്‍ പറയുന്നത്.
കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ താന്‍ രഹസ്യസ്വഭാവം സൂക്ഷിക്കാറുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ഒരു സിനിമയുടെ ഐഡിയ വന്നാല്‍ സിനിമയുമായി ബന്ധമില്ലാത്ത തന്റെ അടുത്ത സുഹൃത്തുക്കളായ ചില പരിമിതമായ ആളുകളോട് മാത്രമാണ് താന്‍ ആദ്യം സംസാരിക്കാറുള്ളതെന്നും രാഹുല്‍ സദാശിവന്‍ പറഞ്ഞു.
‘എഴുത്തിന്റെ സ്റ്റേജില്‍ തന്നെ സിനിമയിലെ ഓരോ ട്രാന്‍സിഷനും കൃത്യമായി പ്ലാന്‍ ചെയ്യാറുണ്ട്. തിരക്കഥ പൂര്‍ണമായി ലോക്ക് ചെയ്തതിന് ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ. ഒരു ഹൊറര്‍ സിനിമ ചെയ്യുമ്പോള്‍ അത് അഭിനേതാക്കള്‍ക്കുമായി കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
ശൂന്യമായ ഒരു രംഗം കാണിച്ച് അവിടെ ഒരാള്‍ ഇരിപ്പുണ്ടെന്ന് സങ്കല്‍പ്പിച്ച് അഭിനയിക്കാന്‍ പറയേണ്ടി വരാറുണ്ട്. അഭിനേതാക്കളുടെ പ്രതിഭ കൊണ്ടാണ് അത് വിശ്വസനീയമായ രീതിയില്‍ സ്‌ക്രീനില്‍ എത്തിക്കാന്‍ സാധിക്കുന്നത്.’രാഹുല്‍ പറഞ്ഞു.
ഒരു ഹൊറര്‍ ഫിലിം ഡയറക്ടര്‍ എന്ന ടാഗ് വീഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ഈ സ്‌പേസില്‍ തനിക്ക് ഒട്ടനവധി കഥകള്‍ പറയാനുള്ളതു കൊണ്ടാണ് ബാക്ക്-ടു-ബാക്ക് ഹൊറര്‍ ചിത്രങ്ങള്‍ ചെയ്യുന്നത്. ഇതുകൂടാതെ മറ്റ് ചില പ്ലാനുകളും മനസ്സിലുണ്ടെന്നും ഓരോ സിനിമയും വ്യത്യസ്തമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ഒടിയന്‍ ഇറങ്ങുന്നത്.
Content Highlight: I am a bit secretive about everything; I never wanted to be tagged as a horror film director: Rahul Sadasivan