മലയാളിപ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് നരേൻ. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലാണ് നരേൻ ആദ്യമായി നായകനായത്. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു. ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിളിലെ സിറ്റി പൊലീസ് കമ്മീഷണറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും നരേൻ്റെ താരമൂല്യം ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കമൽ ഹാസനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
കടുത്ത കമൽഫാൻ ആണ് താനെന്നും താൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന വർഷം കമൽ ഹാസനാണ് നാഷണൽ അവാർഡ് എന്ന റൂമറുകൾ ഉണ്ടായെന്നും നരേൻ പറയുന്നു.
എന്നാൽ കമൽ ഹാസന് നാഷനൽ അവാർഡ് ഇല്ലെന്ന് അറിഞ്ഞതും ഫുട്പാത്തിലിരുന്ന് കരയാൻ തുടങ്ങിയെന്നും കൂട്ടുകാരൻ ആശ്വസിപ്പിച്ചെങ്കിലും തനിക്ക് കരച്ചിൽ അടക്കാനായില്ലെന്നും അദ്ദേഹം പറയുന്നു.
ഇന്നും തനിക്ക് അദ്ദേഹത്തോട് ആരാധനയാണെന്നും ചെന്നൈയിൽ എത്തിയപ്പോൾ താൻ കമൽ ഹാസൻ്റെ ഓഫിസിൻ്റെ അടുത്ത് തന്നെയായിരുന്നു താമസിച്ചിരുന്നതെന്നും നരേൻ കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു നരേൻ.
‘കടുത്ത കമൽഫാൻ ആണ് ഞാൻ. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം ആ വർഷം കമൽ സാറിനാണ് നാഷണൽ അവാർഡ് എന്ന ശ്രുതി പരന്നു. ഞാനും സുഹൃത്തും കൂടി ഇതൊക്കെ പറഞ്ഞ് തൃശൂർ സെൻറ് തോമസ് കോളേജിന് മുന്നിലൂടെ നടന്നുവരുമ്പോഴാണ് അദ്ദേഹത്തിന് നാഷനൽ അവാർഡ് ഇല്ലെന്ന് അറിഞ്ഞത്.
ഫുട് പാത്തിലിരുന്ന് ഞാൻ കരയാൻ തുടങ്ങി. കൂട്ടുകാരൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, കരച്ചിൽ കുറഞ്ഞില്ല. ഇന്ന് ആ ആരാധന കൂടിയിട്ടേയുള്ളൂ. ചെന്നൈയിൽ എത്തിയ കാലത്ത് എടുത്ത ഒരു തീരുമാനമുണ്ട്; കമൽ സാറിൻ്റെ ഓഫീസിൻ്റെ പരിസരത്ത് മാത്രമേ താമസിക്കുകയുള്ളു. തിരികെ പോരും വരെ അങ്ങനെ തന്നെയായിരുന്നു,’ നരേൻ പറയുന്നു.
Content Highlight: I am a big fan of that actor; I cried when I found out he didn’t have a National Award says Narain