ഹ്യുണ്ടായ് കാർ കേടായി; ദീപികയ്ക്കും ഷാരൂഖിനും എതിരെ കേസ്
Indian Cinema
ഹ്യുണ്ടായ് കാർ കേടായി; ദീപികയ്ക്കും ഷാരൂഖിനും എതിരെ കേസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th August 2025, 12:24 pm

ഹ്യുണ്ടായ് വാഹനത്തിന്റെ നിർമാണത്തിൽ പിഴവുണ്ടെന്ന് കാണിച്ച് നടി ദീപിക പദുക്കോണിനും നടൻ ഷാരുഖ് ഖാനുമെതിരെ കേസ്. ദീപികയ്ക്കും ഷാരൂഖിനും പുറമെ ഹ്യുണ്ടായ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ അൻസൂ കിം, ഹോൾ ടൈം ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ തരുൺ ഗാർഗ്, ഷോറൂം ഉടമകൾ എന്നിവരെയും എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹ്യുണ്ടായ്‌യുടെ ബ്രാൻഡ് അംബാസിഡർമാരാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും.

രാജസ്ഥാനിലെ ഭരത്പൂരിലാണ് എഫ്‌.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അഭിഭാഷകയായ കീർത്തി സിങ്ങിന്റെ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. 2022ൽ 23 ലക്ഷം കൊടുത്ത് വാങ്ങിയ തന്റെ ഹ്യുണ്ടായ് അൽകാസർ എസ്‌.യു.വി കാർ ഏതാനും മാസങ്ങൾക്കുള്ളിൽ വലിയ സാങ്കേതിക പ്രശ്‌നങ്ങൾ കാണിക്കാൻ തുടങ്ങിയെന്നാണ് പരാതി. ഒരുപാട് തവണ ഷോറൂമിൽ ചെന്ന് വാഹനത്തിന്റെ തകരാർ പറഞ്ഞെങ്കിലും കമ്പനി അറ്റകുറ്റപ്പണി നടത്തിത്തന്നില്ലെന്നും കീർത്തി സിങ്ങ് പരാതിയിൽ പറഞ്ഞു.

പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് അവർ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം മഥുര ഗേറ്റ് പൊലീസ് ഓഗസ്റ്റ് 25ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 406, 120B എന്നീ വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ബ്രാൻഡിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനാണ് ദീപിക പദുക്കോണിനെയും ഷാരൂഖ് ഖാനെയും കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തകരാറുള്ള ഉത്പ്പന്നം വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിച്ചെന്നും അവരുടെ പരസ്യങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

Content Highlight: Hyundai car breaks down; case filed against Deepika Padukone and Shah Rukh Khan