കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രവാചക കേശം പ്രസ്താവനക്കെതിരെ മുജാഹിദ് നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍. ഇടക്കിടെ തിരുകേശമെന്നും പ്രവാചക കേശമെന്നും പറഞ്ഞ് ഓരോ പ്രസ്താവനകള്‍ നടത്തുകയാണെന്നും പണമുണ്ടാക്കാന്‍ കാന്തപുരം മതത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇസ്‌ലാമിന്റെ പ്രമാണം ഖുര്‍ആനും മുഹമ്മദ് നബിയുടെ ഉപദേശങ്ങളുമാണെന്നും ഖുര്‍ആനിലും നബിയുടെ ഉപദേശത്തിലും ഇല്ലാത്ത കാര്യങ്ങളെ മതപരമായി സ്വീകരിക്കാന്‍ ആര്‍ക്കും ബാധ്യതയില്ലെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
പ്രവാചക കേശം കൊണ്ടുവെച്ചതിനേക്കാള്‍ വലുതായിയെന്നായിരുന്നു കാന്തപുരം ഉന്നയിച്ചത്. കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സദസില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ഈ പരാമര്‍ശം.
കാന്തപുരം പത്ത് പതിനഞ്ച് വര്‍ഷമായി ഒരു മുടിയുമായി ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഹുസൈന്‍ മടവൂര്‍ വിമര്‍ശിച്ചു. ഇതൊരു തട്ടിപ്പാണെന്ന് ഏത് ബുദ്ധിയുള്ള ആളുകള്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോള്‍ അര സെന്റീമീറ്റര്‍ വളര്‍ന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ കൊല്ലവും ഈ മുടി പുറത്തെടുത്തിരുന്നു. ഒരു കൊല്ലം കൊണ്ട് ഈ മുടി അര സെന്റീമീറ്ററാണ് വളര്‍ന്നതെങ്കില്‍ 1500 കൊല്ലം കൊണ്ട് എത്ര കിലോമീറ്റര്‍ നീളം വന്നിട്ടുണ്ടാകും? അതുമാത്രമല്ല, കഴിഞ്ഞ കൊല്ലം ഈ മുടിക്ക് എത്ര നീളമുണ്ടെന്ന് പറഞ്ഞിട്ടില്ല. അപ്പോള്‍ ഈ കൊല്ലത്തെ അളവ് എഴുതി വെച്ചിട്ട് അടുത്ത കൊല്ലം എടുത്ത് നോക്കിയാല്‍ മനസിലാകും,’ ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
പ്രവാചക പ്രകീര്‍ത്തന സദസില്‍, പ്രവാചക കേശം നമ്മള്‍ കൊണ്ടുവന്ന് വെച്ചതിനേക്കാള്‍ അര സെന്റീമീറ്ററോളം വളര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞ കാന്തപുരം അതിനുപുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയില്‍ നിന്നുള്ള വെള്ളവും മദീനയിലെ റൗളാ ഷരീഫില്‍ നിന്ന് വടിച്ചെടുക്കുന്ന പൊടികളുമുണ്ടെന്നും പറഞ്ഞിരുന്നു.
പ്രവാചകന്റെ കൈവിരലുകള്‍ ഭൂമിയില്‍ കുത്തിയപ്പോള്‍ പൊങ്ങി വന്ന വെള്ളം ഉള്‍പ്പെടെ എല്ലാം ചേര്‍ത്ത വെള്ളമാണ് അവിടെ നിന്ന് തരുന്നതെന്നും അത് ആരും കൊണ്ടുപോയി നഷ്ടപ്പെടുത്തരുതെന്നും കാന്തപുരം പറഞ്ഞു.
വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുതെന്നും ബഹുമാനത്തോടെ മാത്രമേ ആ വെള്ളത്തെ കാണാവൂവെന്നുമായിരുന്നു കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞത്.
പിന്നാലെ കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ സമസ്ത ഇ.കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്വി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. പ്രവാചക കേശമെന്ന കാന്തപുരത്തിന്റെ വാദം വ്യാജമാണെന്ന് ബഹാഉദ്ദീന്‍ നദ്വി പറഞ്ഞു.