എഡിറ്റര്‍
എഡിറ്റര്‍
വിവാഹബന്ധം ഒഴിയാന്‍ അമൃതാനന്ദമയി നിര്‍ദേശിച്ചു; ബന്ധം ഒഴിയാന്‍ തയ്യാറാവാതിരുന്ന യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം
എഡിറ്റര്‍
Wednesday 30th August 2017 1:05pm

കോട്ടയം: വിവാഹബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം വൈക്കത്ത് ഭര്‍ത്താവ് ഭാര്യയെ തല്ലിച്ചതച്ചതായി പരാതി. ദില്‍നയെന്ന യുവതിയെയാണ് ഭര്‍ത്താവ് അഭിജിത്ത് ക്രൂരമായി മര്‍ദ്ദിച്ചത്.

വിവാഹത്തിനായി തന്നെ മതം മാറ്റുകയായിരുന്നെന്നും എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ അമൃതാനന്ദമയി നിര്‍ദ്ദേശിച്ചെന്ന് പറഞ്ഞ് ഭര്‍ത്താവും അദ്ദേഹത്തിന്റെ പിതാവും തന്നോട് ബന്ധമൊഴിയാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ദില്‍ന പറയുന്നു.

മൂന്ന് വര്‍ഷം മുന്‍പാണ് മലപ്പുറം സ്വദേശി ദില്‍നയും കോഴിക്കോട് സ്വദേശി അഭിജിത്തും വിവാഹിതരാകുന്നത്. കോഴിക്കോട്ടെ ആര്യസമാജത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.


Dont Miss ഭയപ്പെടുത്താന്‍ നോക്കേണ്ട; ഞങ്ങളെ ഉണ്ടാക്കിയത് വേറെ കളിമണ്ണിലാണ് ; തുടങ്ങിവെച്ചവ നടപ്പിലാക്കിയിരിക്കുമെന്നും നരേന്ദ്ര മോദി


ക്രിസ്ത്യന്‍ മതവിശ്വാസിയായ ദില്‍ന വിവാഹത്തിനായി മതം മാറിയിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് വിവാഹമോചനം ആവശ്യപ്പെട്ട് ദില്‍നയ്ക്ക് അഭിജിത്ത് നോട്ടീസ് അയച്ചു. എന്നാല്‍ ഇതിന് സമ്മതിക്കാതെ വന്നതോടെ തന്നെ മാനസികമായും ശാരീരികമായും അഭിജിത്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് ദില്‍ന പറയുന്നു.

”മാനസികമായും ശാരീരികമായും പീഡിപ്പിക്കുമായിരുന്നു. ഞാന്‍ നിലവിളിക്കുകയോ ഒച്ചെയെടുക്കുകയോ ചെയ്താല്‍ എനിക്ക് ഭ്രാന്താണെന്ന് അവര്‍ പറയും. അമൃതാനന്ദമയി അമ്മ പറഞ്ഞിരിക്കുന്നത് എനിക്ക് ഭ്രാന്താണെന്നും ഇവരെ ഉപേക്ഷിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം ഇവര്‍ കോടതിയില്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞത്.

മര്‍ദ്ദനം സഹിക്കവയ്യാതെയാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ ഇട്ടത്. എന്നാല്‍ പ്രണയമായിരുന്ന സമയത്ത് ഞങ്ങള്‍ തമ്മിലുള്ള കുറച്ച് വീഡിയോകളെല്ലാം അദ്ദേഹത്തിന്റെ കൈവശമുണ്ട്. അതൊക്കെ ഫേസ്ബുക്കിലിട്ട് എന്നെ നാണംകെടുത്തുമെന്നാണ് ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നത്. എന്നെ കൊല്ലുമെന്നാണ് അദ്ദേഹത്തിന്റെ അച്ഛന്റെ ഭീഷണി”- ദില്‍ന പറയുന്നു.

അതേസമയം പരാതി നല്‍കിയിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ ദില്‍നയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement