'ഇസ്രഈല്‍ അക്രമം അവസാനിപ്പിക്കുക'; ലണ്ടനില്‍ പ്രതിഷേധിച്ച് ലക്ഷങ്ങള്‍
World News
'ഇസ്രഈല്‍ അക്രമം അവസാനിപ്പിക്കുക'; ലണ്ടനില്‍ പ്രതിഷേധിച്ച് ലക്ഷങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2023, 10:49 pm

ലണ്ടന്‍: ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കണമെന്നും ഗസ മുനമ്പിലെ ഉപരോധം നിര്‍ത്തണമെന്നുമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഫലസ്തീന്‍ അനുകൂലികള്‍ ശനിയാഴ്ച സെന്‍ട്രല്‍ ലണ്ടനിലെ തെരുവുകളില്‍ റാലി നടത്തി. ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പെയ്നും (പി.എസ്.സി) മറ്റ് ഫലസ്തീന്‍ അനുകൂല സംഘടനകളും ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്.

ലണ്ടനിലെ എംബാങ്ക്മെന്റില്‍ നിന്നാരംഭിച്ച റാലി വെസ്റ്റ്മിന്‍സ്റ്ററിലാണ് അവസാനിച്ചത്. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫീസിന് മുന്നിലൂടെ കടന്നുപോയ പ്രതിഷേധക്കാര്‍ ‘ഫലസ്തീനെ മോചിപ്പിക്കുക’ എന്നും ‘വംശഹത്യ അവസാനിപ്പിക്കുക’ എന്നും ഉറക്കെ മുഴക്കുകയായിരുന്നുവെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും ഭീകരമായ സാഹചര്യത്തിലാണ് തങ്ങള്‍ മാര്‍ച്ച് നടത്തുന്നതെന്ന് പി.എസ്.സി ഡയറക്ടര്‍ ബെന്‍ ജമാല്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.

‘ഇന്നലെ വരെ ഗസയില്‍ 8,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അതില്‍ 3,000 ത്തിലധികം കുട്ടികളാണ്. ഇന്നലെ രാത്രി ഇസ്രഈല്‍ മാരകമായ ബോംബാക്രമണം നടത്തുകയും എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിക്കുകയും ചെയ്തു. ഇത് ക്രൂരതയാണ്. അതിനാല്‍ ഞങ്ങള്‍ ഇന്ന് മാര്‍ച്ച് ചെയ്യുന്നത്. എത്ര ഫലസ്തീനികള്‍ മരിച്ചു? എത്ര കുട്ടികള്‍ ഇപ്പോള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഗസക്ക് മേലുള്ള ആക്രമണം ഇസ്രഈല്‍ കടുപ്പിച്ചതിന് പിന്നാലെ ഫലസ്തീനില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിലച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ഗസ മുനമ്പില്‍ തീവ്രമായ സ്‌ഫോടനം നടന്നതിന് പിന്നാലെയായിരുന്നു ഇത്.

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചതായി ഫലസ്തീന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി ജവ്വാല്‍ വെള്ളിയാഴ്ച അര്‍ധരാത്രി സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചിരുന്നു.

‘ഞങ്ങള്‍ക്ക് ഇന്റര്‍നെറ്റോ ഫോണില്‍ ഒരു തരത്തിലുമുള്ള സിഗ്‌നലോ ഇല്ല. ഞങ്ങള്‍ ഇവിടെ പൂര്‍ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്.

അതേസമയം, ഗസയില്‍ ഇസ്രഈല്‍ ആക്രമണം തുടര്‍ന്നാല്‍ ആയിരക്കണക്കിനാളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഗസയില്‍ സുരക്ഷിതമായ സ്ഥലമില്ലെന്നും സഹപ്രവര്‍ത്തകരെക്കുറിച്ചും സാധാരണ ജനങ്ങളെക്കുറിച്ചും താന്‍ ആകുലപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 7326 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 3038 കുട്ടികളുമുള്‍പ്പെടുന്നു. പുതുതായി കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ തിട്ടപ്പെടുത്താന്‍ കഴിയുന്നില്ലെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlights: Hundreds of thousands protest in London to demand Gaza ceasefire