'ലോകകപ്പ് മുന്നൊരുക്കം'; ഖത്തര്‍ ഭരണകൂടം എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയില്‍ പെട്ടവരെ തടവിലാക്കി ഉപദ്രവിക്കുന്നു; ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
World News
'ലോകകപ്പ് മുന്നൊരുക്കം'; ഖത്തര്‍ ഭരണകൂടം എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയില്‍ പെട്ടവരെ തടവിലാക്കി ഉപദ്രവിക്കുന്നു; ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th October 2022, 10:43 am

ദോഹ: 2022 ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കാനിരിക്കെ, ഇതിന് മുന്നോടിയായി ഖത്തര്‍ അധികൃതര്‍ എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയില്‍ പെട്ടവരെ അറസ്റ്റ് ചെയ്ത് തടവിലാക്കുന്നതായി റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തില്‍ പെട്ടവരെ അറസ്റ്റ് ചെയ്യുന്നതിന് പുറമെ അവരെ തടവറയില്‍ വെച്ച് ക്രൂരമായ ആക്രമണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യാതൊരുവിധ പ്രകോപനമുണ്ടാക്കുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാത്ത ഇവരെ തീര്‍ത്തും ഏകപക്ഷീയമായാണ് ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

സ്വവര്‍ഗാനുരാഗികളെയും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെയും അധികൃതര്‍ ക്രൂരമായ മര്‍ദനത്തിനും ലൈംഗിക പീഡനത്തിനും വിധേയരാക്കുന്നതായാണ് റിപ്പോര്‍ട്ട്.

എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയില്‍ പെട്ട ആറ് ഖത്തര്‍ സ്വദേശികളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അഭിമുഖം നടത്തിയവരില്‍ നാല് പേര്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളും ഒരാള്‍ ബൈസെക്ഷ്വല്‍ (Bisexual) സ്ത്രീയും ഒരാള്‍ സ്വവര്‍ഗാനുരാഗിയുമാണ്.

തങ്ങള്‍ 2019 മുതല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ പൊലീസ് കസ്റ്റഡിയില്‍ കടുത്ത മര്‍ദനങ്ങള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഖത്തറിന്റെ പ്രതിരോധ സുരക്ഷാ വിഭാഗം തങ്ങളെ തലസ്ഥാന നഗരമായ ദോഹയിലെ അല്‍-ദഫ്ന ജില്ലയിലെ ഒരു ഭൂഗര്‍ഭ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചതായി അഭിമുഖത്തില്‍ ഇവര്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഖത്തറിന്റെ പ്രതിരോധ സുരക്ഷാ വിഭാഗം.

ജയിലില്‍ വെച്ച് തങ്ങള്‍ വാക്കാലുള്ള ഉപദ്രവങ്ങള്‍ക്കും ശാരീരിക പീഡനത്തിനും വിധേയരായിരുന്നുവെന്നും അധികൃതരുടെ പീഡനം കാരണം രക്തസ്രാവം വരെ ഉണ്ടായതായും ഇവര്‍ വെളിപ്പെടുത്തി.

ഖത്തര്‍ അധികാരികള്‍ തങ്ങളെക്കൊണ്ട് നിര്‍ബന്ധിത കുറ്റസമ്മതം ചെയ്യിച്ചുവെന്നും നിയമസഹായം തേടാനോ കുടുംബത്തെ കാണുന്നതിനോ വൈദ്യസഹായം തേടുന്നതിനോ പോലും അനുമതി നിഷേധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

‘അധാര്‍മ്മിക പ്രവര്‍ത്തനം അവസാനിപ്പിക്കുക’ (cease immoral activity) എന്നെഴുതിയ പ്രതിജ്ഞയില്‍ ഒപ്പിടാനും തങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നാണ് തടവിലാക്കപ്പെട്ട എല്‍.ജി.ബി.ടി.ക്യു വിഭാഗം പറയുന്നത്.

”ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ തയ്യാറെടുക്കുമ്പോള്‍, ഇവിടത്തെ സുരക്ഷാ സേന എല്‍.ജി.ബി.ടി.ക്യു പ്ലസ് ആളുകളെ തടങ്കലില്‍ വെക്കുകയും ദുരുപയോഗം ചെയ്യുകയുമാണ്, അതും അവരുടെ സെക്ഷ്വാലിറ്റിയുടെ പേരില്‍.

സുരക്ഷാ സേനയുടെ ഇത്തരം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയും പരിശോധിക്കപ്പെടാതെയും പോകുമെന്നാണ് പ്രത്യക്ഷത്തില്‍ തോന്നുന്നത്,” ഹ്യൂമന്‍ റൈറ്റ്സ് വാച്ചില്‍ എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തിലുള്ളവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗവേഷക റാഷ യൂനസ് (Rasha Younes) പറഞ്ഞു.

ഖത്തര്‍ സുരക്ഷാ സേന പൊതുസ്ഥലങ്ങളില്‍ വെച്ച് എല്‍.ജി.ബി.ടി.ക്യു പ്ലസ് അവരുടെ ജെന്‍ഡര്‍ ഐഡന്റിറ്റിയുടെ പേരില്‍ അറസ്റ്റ് ചെയ്യുകയും നിയമവിരുദ്ധമായി അവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇതിന് പുറമെ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സെന്ററുകളില്‍ കണ്‍വേര്‍ഷന്‍ തെറാപ്പിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി അധികൃതര്‍ നിര്‍ബന്ധിച്ച് അയക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ അവ്യക്തമായതും തെറ്റായതുമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നാണ് ഒരു ഖത്തറി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതെന്ന് മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറിന്റെ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 285 പ്രകാരം, സ്വവര്‍ഗ ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Content Highlight: Human Rights Watch report says Qatar authorities arrests LGBTQ plus people and subject them to beatings and harassment in custody