ഇസ്രഈൽ പട്ടിണിയെ യുദ്ധമുഖത്തെ ആയുധമാക്കുന്നു: ഹ്യൂമൻ റൈറ്റ്സ് വാച്ച്
World News
ഇസ്രഈൽ പട്ടിണിയെ യുദ്ധമുഖത്തെ ആയുധമാക്കുന്നു: ഹ്യൂമൻ റൈറ്റ്സ് വാച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th December 2023, 12:32 pm

ഗസ: ബോധപൂർവം ജനങ്ങളുടെ വെള്ളവും ഭക്ഷണവും തടഞ്ഞ് ഇസ്രഈൽ പട്ടിണിയെ ‘യുദ്ധത്തിന്റെ ആയുധമാക്കി’ മാറ്റുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്.

‘ഇസ്രഈലി സേന ബോധപൂർവം ഗസയിലേക്കുള്ള വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം തടയുന്നു. മാനുഷിക സഹായം മനഃപൂർവം തടസപ്പെടുത്തുന്നു. കാർഷിക മേഖകലകൾ നശിപ്പിക്കുകയും നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു,’ ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഗസയിലെ ജനങ്ങൾക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും ഇല്ലാതാക്കുന്നതിനുള്ള തങ്ങളുടെ ഉദ്ദേശങ്ങൾ വെളിപ്പെടുത്തിയ ഇസ്രഈൽ പ്രതിരോധ മന്ത്രി, ദേശീയ സുരക്ഷാ മന്ത്രി, ഊർജ മന്ത്രി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ ഇസ്രഈലി സേനയുടെ നയങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

യുദ്ധമുഖത്ത് ജനങ്ങളെ പട്ടിണിക്കിടുന്ന യുദ്ധ രീതി അന്താരാഷ്ട്ര നിയമങ്ങൾ വിലക്കിയതാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് വ്യക്തമാക്കി.

ക്രിമിനൽ ലക്ഷ്യം അക്രമകാരികൾ സമ്മതിക്കണമെന്ന നിബന്ധന ഇല്ലെന്നും സൈനിക നീക്കത്തിന്റെ സാഹചര്യത്തിൽ നിന്ന് അനുമാനിക്കാമെന്നും റോമിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി ചട്ടങ്ങളുണ്ടെന്നും സംഘടന പറഞ്ഞു.

ഗസക്ക് മേൽ 16 വർഷം നീണ്ടുനിൽക്കുന്ന ഇസ്രയേലി ഉപരോധം സിവിലിയന്മാരെ കൂട്ടത്തോടെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും യുദ്ധക്കുറ്റമാണെന്നും ന്യൂയോർക്ക് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു.

Content highlight: HRW blasts Israel for using starvation as ‘weapon of war’ in Gaza