ഇമോഷണലി വീക്ക് ആയിരുന്നപ്പോൾ കേട്ട കഥ; സത്യൻ സാറിന്റെ വാക്ക് കേട്ടപ്പോൾ സന്തോഷം തോന്നി: മാളവിക മോഹനൻ
Malayalam Cinema
ഇമോഷണലി വീക്ക് ആയിരുന്നപ്പോൾ കേട്ട കഥ; സത്യൻ സാറിന്റെ വാക്ക് കേട്ടപ്പോൾ സന്തോഷം തോന്നി: മാളവിക മോഹനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd September 2025, 7:36 pm

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന പയ്യന്നൂരുകാരിയാണ് മാളവിക മോഹനൻ. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് മാളവിക മലയാളികൾക്ക് സമ്മാനിച്ചത്.

പ്രശസ്ത ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകൾ കൂടിയായ മാളവിക, സിനിമയിൽ മാത്രമല്ല മോഡലിങ്ങിലും തന്റേതായ മേൽവിലാസം ഉറപ്പിച്ചിട്ടുണ്ട്.

ദുൽഖറിന്റെ കൂടെ അരങ്ങിലെത്തിയ മാളവിക എത്തിനിൽക്കുന്നത് മോഹൻലാലിനൊപ്പമാണ്. ഇതിനിടയിൽ കന്നഡ, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും അവർ അഭിനയിച്ചു. ഇപ്പോൾ ഹൃദയപൂർവ്വത്തിലെത്തിയ കഥ പറയുകയാണ് നടി.

‘എന്നെ ഹൃദയപൂർവ്വത്തിലേക്ക് വിളിച്ചത് അഖിൽ സത്യനാണ്. അപ്പോൾ ഞാൻ വിചാരിച്ചു അഖിലിന്റെ ചിത്രത്തിലേക്ക് വേണ്ടിയിട്ടാണ് എന്നെ വിളിച്ചതെന്ന്. എന്നാൽ അഖിലെന്നോട് പറഞ്ഞത്, അച്ഛനൊരു പടം എടുക്കുന്നുണ്ട് എന്നായിരുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമകൾ കണ്ടു വളർന്ന എനിക്ക്, അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നെ വിളിച്ചത് വിശ്വസിക്കാൻ പറ്റിയില്ല. പിന്നെ സത്യൻ സാറ് ഫോൺ വിളിച്ച് കഥ നരേറ്റ് ചെയ്തപ്പോഴാണ് കഥ മനസിലാകാൻ തുടങ്ങിയത്,’ മാളവിക പറയുന്നു.

തനിക്ക് പിന്നെയാണ് അതൊരു സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രമായിരുന്നു എന്ന് മനസിലായതെന്നും തനിക്ക് വലിയ സന്തോഷം തോന്നിയെന്നും നടി പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ട സിനിമ പട്ടണപ്രവേശം ആയിരുന്നെന്നും ആ ടീമിനൊപ്പം കൊളാബറേറ്റ് ചെയ്യാൻ തനിക്ക് അവസരം കിട്ടിയെന്നും അത് താൻ സ്വപ്‌നത്തിൽ പോലും മനസിൽ വിചാരിച്ചിരുന്നില്ലെന്നും മാളവിക കൂട്ടിച്ചേർത്തു.

തന്റെ ഒരു വിഷമഘട്ടത്തിലാണ് സിനിമയുടെ പ്രൊജക്ട് എന്നിലേക്ക് വന്നതെന്നും കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ സത്യൻ അന്തിക്കാട് തന്നോട് പറഞ്ഞത് സെറ്റ് ഒരു ഫാമിലി പോലെയാണെന്നായിരുന്നെന്നും മാളവിക പറയുന്നു.

സത്യൻ അന്തിക്കാട് പറഞ്ഞതുപോലെ ഹൃദയപൂർവ്വത്തിന്റെ സെറ്റ് ഫാമിലി പോലെയായിരുന്നെന്നും ഇതുപോലെയുള്ള സെറ്റ് തനിക്ക് അധികം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

തന്നെ ഈ സിനിമയിലേക്ക് തെരഞ്ഞെടുത്തതിൽ തനിക്ക് ബഹുമാനമുണ്ടെന്നും രണ്ട് ലെജൻസിന്റെ കൂടെ തനിക്ക് അഭിനയിക്കാൻ സാധിച്ചെന്നും മാളവിക കൂട്ടിച്ചേർത്തു. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മാളവിക ഇക്കാര്യം പങ്കുവെച്ചത്.

Content Highlight: Hridayapoorvam story I heard when I was emotionally weak says Malavika Mohanan