ടിക് ടോക് നിരോധനം ഇല്ലാതാക്കുന്ന പെണ്ണിടങ്ങള്‍; ഈ നിരോധനം ഫാസിസമാണ്
Opinion
ടിക് ടോക് നിരോധനം ഇല്ലാതാക്കുന്ന പെണ്ണിടങ്ങള്‍; ഈ നിരോധനം ഫാസിസമാണ്
അനു പാപ്പച്ചന്‍
Tuesday, 30th June 2020, 7:50 pm

ടിക് ടോക്, സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവരുടെ മുഖ്യധാരയാണ്. സെലിബ്രിറ്റികള്‍ക്ക് ടിക് ടോക് ഇല്ലെങ്കിലും മറ്റു വേദികള്‍ ഉണ്ടാകാം. സാധാരണക്കാര്‍ക്കത് തീരെ എളുപ്പമല്ല. കാരണം മറ്റു മാധ്യമമേഖലകളെല്ലാം, അച്ചടിയോ ടെലിവിഷനോ റേഡിയോ ആയിക്കൊള്ളട്ടെ, അത് പ്രിവിലേജ്ഡ് ആയിട്ടുള്ള ആളുകള്‍ക്ക് മാത്രം കടന്നുചെല്ലാന്‍ കഴിയുന്ന ഇടങ്ങളായിരുന്നു. ഇവിടെ ഒരിക്കലും സാധാരണക്കാര്‍ക്ക് പ്രവേശനം ലഭിച്ചിരുന്നില്ല.

പത്രങ്ങളിലേക്ക് അഭിപ്രായങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കത്തുകള്‍ അയക്കുന്നതും പ്രസിദ്ധീകരിക്കപ്പെടുന്നതും പത്രമേധാവികള്‍ക്ക് പരിചയമുള്ളവരുടേത് മാത്രമായിരുന്നു. ടെലിവിഷനിലെ ‘നിങ്ങള്‍ക്കും പറയാം’ തുടങ്ങിയ പരിപാടികളിലും സാധാരണക്കാര്‍ക്ക് അഭിപ്രായം പറയാന്‍ അവസരമുണ്ടായിരുന്നില്ല. ഇത്തരം ചര്‍ച്ചകളിലും വിളിക്കുന്നത് രാഷ്ട്രീയക്കാരെയോ പുരുഷന്മാരെയോ മാത്രമായിരിക്കും.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വന്ന സമയത്തും അത്തരം ഇടങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് പുരുഷന്മാര്‍ തന്നെയായിരുന്നു. അതിന് ശേഷം സ്ത്രീകള്‍ ഈയൊരു മേഖലയിലേക്കെത്തുന്നത് ടിക് ടോക് പോലെ അനായാസമായി കടന്നുവരാവുന്ന തരത്തിലുള്ള പ്ലാറ്റ്ഫോമുകള്‍ വന്നതിന് ശേഷമാണ്.

വര്‍ഷങ്ങളായി ഫേസ്ബുക്കെല്ലാം അവിടെയുണ്ടെങ്കിലും ടിക് ടോക് വന്നതിന് ശേഷമാണ് പെണ്‍കുട്ടികള്‍ ധൈര്യമായി സമൂഹമാധ്യമങ്ങളിലേക്ക് കടന്നുവരാന്‍ തുടങ്ങിയത്. ടിക് ടോകില്‍ വീഡിയോകള്‍ ചെയ്തതിന് ശേഷം അതില്‍ നിന്നുമുണ്ടായ ആത്മവിശ്വാസത്തില്‍ ഫേസ്ബുക്കിലേക്ക് വരാന്‍ തുടങ്ങിയവരുമുണ്ട്. ടിക് ടോകില്‍ വീഡിയോകള്‍ ചെയ്യുമ്പോള്‍ പ്രശ്നമൊന്നുമില്ലെന്ന് കണ്ട് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ഇടാന്‍ ധൈര്യം കിട്ടിയ എത്രയോ പെണ്‍കുട്ടികളുണ്ട്.

ടിക് ടോകില്‍ സ്ത്രീവിരുദ്ധവും നമ്മുടെ സദാചാര സങ്കല്‍പങ്ങള്‍ക്ക് അനുസൃതവുമായ ഒരുപാട് കണ്ടന്റുകള്‍ വരുന്നുണ്ടെങ്കില്‍ പോലും ജെന്‍ഡര്‍ മതില്‍ക്കെട്ടുകളില്ലാതെ വീട്ടമ്മമാരും പെണ്‍കുട്ടികളും ടിക് ടോകില്‍ വരുന്നു. തിലകനായും ജഗതിയായുമൊക്കെ ഇവര്‍ അഭിനയിക്കുന്നു.

ജെന്‍ഡര്‍ സങ്കല്‍പങ്ങളുടെ ബാധ്യതയില്ലാതെ അഭിനയിക്കാനും വീഡിയോകള്‍ ചെയ്യാനുമുള്ള സാധ്യത കൂടിയാണ് ടിക് ടോക് നല്‍കിയത്. അവരുവരുടേതായ ഇടങ്ങളില്‍ നിന്നുകൊണ്ട് മറ്റാരുടെയും മോണിറ്ററിംഗ് ഇല്ലാതെ അവര്‍ തന്നെ കണ്ടന്റുകള്‍ നിര്‍മ്മിക്കുകയാണ്. ഈ വീഡിയോകള്‍ക്ക് താഴെ കളിയാക്കലുകളായി കമന്റുകള്‍ വരുമെങ്കില്‍ പോലും ഓരോരുത്തരുടേയും സ്വതന്ത്രമായ പ്രഖ്യാപനങ്ങളാണ് ഓരോ വീഡിയോകളും.

ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ ഇത്തരത്തില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്. പ്രായഭേദമോ ലിംഗവ്യത്യാസമോ ഇല്ലാതെ എന്തും ആവിഷ്‌കരിക്കാന്‍ സാധിക്കുന്ന സ്പേസായിരുന്നു ഇത്.

ടിക് ടോകിന് മറ്റു സമൂഹമാധ്യമങ്ങളുടേത് പോലെയുള്ള എല്ലാ പ്രശ്നങ്ങളുമുണ്ട്. പുരുഷകേന്ദ്രീകൃതമാണെന്നതും അശ്ലീലമായ കണ്ടന്റുകള്‍ വരുന്നുണ്ടെന്ന് എന്നതെല്ലാം യാഥാര്‍ത്ഥ്യം തന്നെയാണ്. ഇതെല്ലാം ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങളിലുമില്ലേ. എന്നിട്ടും വനിതയും മഹിളാരത്‌നവുമെല്ലാം ഇവിടെ നിലനില്‍ക്കുന്നുണ്ടല്ലോ. അതുകൊണ്ട് തന്നെ ടിക് ടോകില്‍ മാത്രമായി ഇത്തരം സ്ത്രീവിരുദ്ധ സദാചാര ബോധങ്ങള്‍ ഉണ്ടാകില്ല എന്നു കരുതാനാകില്ലല്ലോ.

പക്ഷെ അതിനുപ്പറുത്തേക്ക് ടിക് ടോകിലേക്ക് ഒരുപാട് ആളുകള്‍ക്ക് വരാന്‍ സാധിക്കുന്നു. അടുക്കള വരെ അരങ്ങാകുന്നു. വിറകുവെട്ടുന്നതും മീന്‍കറി വെക്കുന്നതും അമ്മിക്കല്ലില്‍ അരക്കുന്നതും തുടങ്ങി നമ്മള്‍ ഇതുവരെ സമൂഹമാധ്യമങ്ങളില്‍ പ്രതീക്ഷിക്കാത്ത പലതും ഇവിടെ കടന്നുവരുന്നു.

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാഷയുടെ ജനകീയതയിലും ടിക്‌ടോക് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഫേസ്ബുക്ക് വന്ന സമയത്ത് പോസ്റ്റുകളില്‍ പ്രാദേശിക മലയാളത്തിന് സ്ഥാനം ലഭിച്ചിരുന്നു. പക്ഷെ അപ്പോഴും പ്രാദേശികമായ രീതിയില്‍ സംസാരിക്കുന്നത് എവിടെയും വന്നിരുന്നില്ല. പക്ഷെ ടിക് ടോക് ഈ പ്രാദേശിക ഭാഷാവൈവിധ്യങ്ങള്‍ കേള്‍ക്കാനും കേള്‍പ്പിക്കാനുമുള്ള സ്പേസായിരുന്നു.

കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തും നിന്നും തൃശൂരില്‍ നിന്നുമൊക്കെ സ്ത്രീകള്‍ അവരുടെ തനതായ രീതിയില്‍ സംസാരിക്കുന്ന എത്രയോ ടിക്‌ടോക് വീഡിയോകളുണ്ട്്. അതിന്റെ ഇമിറ്റേഷനുകളിലൂടെയും മറ്റും ആ ഭാഷാവൈവിധ്യത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അച്ചടി ഭാഷയുടെ പൊതുബോധത്തിന് അപ്പുറത്തുള്ള വൈവിധ്യങ്ങളുടെ സ്ഥാനമാണ് പല വീഡിയോകളിലും കാണാനാവുക.

പണ്ട് സുരാജ് വെഞ്ഞാറമൂടിന്റെ ‘തിരോന്തരം’ ഭാഷ ഒരു തമാശയായിരുന്നെങ്കില്‍ ഈ ടിക് ടോക് വീഡിയോകളിലൂടെ ആ പ്രാദേശിക ഭാഷാവൈവിധ്യം അവരുടെ ഐഡിന്റിറ്റിയാകുന്നു, പ്രാദേശിക സ്വത്വബോധമാകുന്നു.

ടിക് ടോക് എത്ര പൈങ്കിളിയാണെന്ന് പറഞ്ഞാലും അത് സൃഷ്ടിക്കുന്ന പൊതുഇടങ്ങളെ കാണാതിരിക്കാനാവില്ല. പാളിപ്പോയ ടിക് ടോക് വീഡിയോകള്‍ വരെ വൈറലാണ്. ജീവിതത്തിലെ നൈമിഷികവും ലളിതവുമായ ചില നിമിഷങ്ങളെ അനുഭവങ്ങളെ തെറ്റുപ്പറ്റലുകളെയുമൊക്കെ ആസ്വദിക്കാനും അതെല്ലാം കൂടിയാണ് മനുഷ്യന്‍ എന്നൊരു ബോധ്യം ഉണ്ടാക്കാനും ടിക് ടോക് വീഡിയോകള്‍ക്ക് സാധിക്കുന്നുണ്ട്. അത്തരത്തിലൊള്ളൊരു ജനാധിപത്യം കൂടി ഇവിടങ്ങളിലുണ്ട്.

25 കോടി യൂസര്‍മാരാണ് ടിക്‌ടോകിനുള്ളത്. അതില്‍ തന്നെ കൂടുതല്‍ സത്രീകളുമാണ്. ഇപ്പോള്‍ ഈ ടിക്‌ടോക് പെട്ടെന്ന് നിര്‍ത്തലാക്കുന്നതോടെ തന്റെ സെല്‍ഫിനുള്ള ഒരു പൊതുവേദി നഷ്ടപ്പെടുന്നത് മാനസിക സമ്മര്‍ദമടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഫേസ്ബുക്കോ ടെലിവിഷന്‍ ചാനലുകളോ നിര്‍ത്തലാക്കിയാല്‍ ഒരു വലിയ വിഭാഗത്തെ എങ്ങിനെയായിരിക്കുമോ ബാധിക്കുക അതുപോലെ തന്നെയായിരിക്കും ടിക്‌ടോക് യൂസര്‍മാര്‍ക്കും. നമുക്കുണ്ടായിരുന്ന ഒരു ലോകം ഇല്ലാതാകും പോലെയാണത്.

സത്രീകള്‍, ദളിതര്‍, അംഗവൈകല്യമുള്ളവര്‍ തുടങ്ങി സമൂഹത്തില്‍ വിവിധ തരത്തില്‍ അരികുവത്കരിക്കപ്പെട്ടവര്‍ക്കെല്ലാം തങ്ങള്‍ എങ്ങിനെയാണോ അങ്ങിനെ തന്നെ പ്രത്യക്ഷപ്പെടാനുള്ള അവസരം ടിക് ടോക് നല്‍കുന്നുണ്ട്. ജീവിതത്തിന്റെ നാനാതുറയില്‍ പെട്ടവര്‍ കടന്നുവരുന്ന ബഹുസ്വരതയുടെ ഇടം കൂടിയാണ് ടിക്‌ടോക്.

ടിക് ടോകില്‍ ഓരോരുത്തരും തങ്ങളുടെ ഇടങ്ങളില്‍ നിന്നുകൊണ്ടു തന്നെ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റു അഭിപ്രായപ്രകടനവേദികളിലും വരാന്‍ കഴിയാത്ത വലിയൊരു അരികുവത്കൃത വിഭാഗം അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരമായി ടിക് ടോകിനെ ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മറ്റെവിടെയും വരുന്നതിന് മുന്‍പേ തന്നെ മുല്ലപ്പള്ളിയെ ട്രോളിക്കൊണ്ടുള്ള എത്രയോ വീഡിയോകള്‍ പുറത്തുവന്നിരിക്കുന്നു. അത്രയും വേഗത്തിലാണ് ടിക്‌ടോകില്‍ രാഷ്ട്രീയവിഷയങ്ങളിലുള്ള പ്രതികരണങ്ങള്‍ വരുന്നത്.

ടെലിവിഷനും മറ്റും വന്ന സമയത്ത് കവലകളിലെ ചര്‍ച്ചകള്‍ ഇല്ലാതായി എല്ലാവരും വീടുകളില്‍ ഒതുങ്ങിപ്പോയെന്ന് നിരീക്ഷണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് മൊബൈല്‍ ഫോണുകളായപ്പോള്‍ ഇത് വ്യക്തികളിലേക്കായി ചുരുങ്ങി. പക്ഷെ സോഷ്യല്‍ മീഡിയയുടെ വരവോടെ ഈ മൊബൈല്‍ ഫോണുകളിലൂടെ ജനങ്ങള്‍ ചര്‍ച്ചകളില്‍ ഭാഗമായി.

ഇത്തരം നിരോധനങ്ങള്‍ അത്തരത്തിലുള്ള സംവേദനവും സംഘബോധവും ആശയവിനിമയവും ഇല്ലാതാക്കുകയാണ്. അധികാരികള്‍ അടിച്ചേല്‍പ്പിക്കുന്ന ആഹ്വാനമല്ലാതെ മറ്റൊന്നും ജനങ്ങള്‍ക്ക് ആവശ്യമില്ല എന്ന സ്വേച്ഛാധിപത്യമാണ് ഈ നിയമങ്ങളുണ്ടാക്കുന്നത്. നിരോധിക്കപ്പെട്ട ആപ്പുകള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. മോദിക്ക് അനുകൂലമായി നില്‍ക്കുന്ന ആപ്പുകളൊന്നും നിരോധിച്ചിട്ടില്ലല്ലോ.

ഇപ്പോള്‍ ഈ നിരോധനത്തിലൂടെ ജനങ്ങളുടെ ഇടപെടലുകളും സംവാദങ്ങളും ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് നീക്കമാണ് നടപ്പിലാകുന്നത്. സമൂഹമാധ്യമങ്ങളിലെ സംവാദങ്ങളെയും അതുവഴി ജനങ്ങള്‍ തമ്മിലുണ്ടാകുന്ന അടുപ്പത്തെയും ഇല്ലാതാക്കുകയാണ് ഈ നിരോധനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക