മലയാളികള്‍ ചപ്പാത്തി ആദ്യമായി കാണുന്നത് അന്നാണ്, അതും ഇതുപോലൊരു സമരകാലത്ത്
Details
മലയാളികള്‍ ചപ്പാത്തി ആദ്യമായി കാണുന്നത് അന്നാണ്, അതും ഇതുപോലൊരു സമരകാലത്ത്
ന്യൂസ് ഡെസ്‌ക്
Monday, 28th December 2020, 7:24 pm
കേരളത്തിലേക്ക് ചപ്പാത്തി വന്ന കഥ

ദല്‍ഹി അതിര്‍ത്തിയില്‍ ആഴ്ചകളായി നടന്നുവരുന്ന കര്‍ഷകസമരത്തെക്കുറിച്ചുള്ള വാര്‍ത്തകളിലെല്ലാം സമരഭൂമിയിലെ ഭക്ഷണശാലകളും ഇടംപിടിക്കാറുണ്ട്. ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുന്ന സമരസ്ഥലത്ത് വലിയ കൂട്ടായ്മയോടെയാണ് എല്ലാവര്‍ക്കുമുള്ള ഭക്ഷണം തയ്യാറാക്കപ്പെടുന്നത്.

പഞ്ചാബില്‍ നിന്നുള്ള സിഖ് കര്‍ഷകര്‍ നേതൃത്വം നല്‍കുന്ന സമരത്തിലെ ലംഗര്‍ എന്നറിയപ്പെടുന്ന ഭക്ഷണശാലകളും അവര്‍ ഭക്ഷണം തയ്യാറാക്കുന്ന രീതിയുമെല്ലാം ഏറെ കൗതുകം നിറഞ്ഞ കാഴ്ചയാണ്. പതിനായിരക്കണക്കിന് ചപ്പാത്തിയാണ് സമരവേദിയില്‍ ദിവസവും തയ്യാറാക്കപ്പെടുന്നത്.

നേരത്തെ ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗര്വത്വ ഭേദഗതി നിയമത്തിനെതിരായ സമരം നടപ്പോഴും പഞ്ചാബില്‍ നിന്നുള്ള സിഖുകാര്‍ ഭക്ഷണസാമഗ്രികളുമായി വന്ന് ലംഗറുകള്‍ ആരംഭിച്ച് സമരത്തിന് പിന്തുണ നല്‍കിയിരുന്നു. സിഖുകാരുടെ ലംഗറുകളും സമരങ്ങളും തമ്മിലുള്ള ബന്ധത്തിന് വലിയ പഴക്കമുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ വൈക്കം സത്യാഗ്രഹം നടന്നപ്പോഴും ഐക്യദാര്‍ഢ്യവുമായി സിഖുകാര്‍ എത്തിയിരുന്നു. അന്ന് സിഖുകാര്‍ ആരംഭിച്ച ഭക്ഷണശാലയില്‍ നിന്നാണ് മലയാളികള്‍ ആദ്യമായി ചപ്പാത്തി നേരില്‍ കാണുന്നത്.

കേരളത്തിലെ ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നടന്ന വലിയ സമരങ്ങളിലൊന്നായിരുന്നു വൈക്കം സത്യാഗ്രഹം. സാക്ഷാല്‍ മഹാത്മാഗാന്ധി പിന്തുണയ്ക്കുകയും ശ്രീനാരായണ ഗുരു നേതൃത്വം നല്‍കുകയും ചെയ്ത സമരത്തിന്റെ വാര്‍ത്ത ഇന്ത്യ മുഴുവന്‍ കാട്ടുതീ പോലെയാണ് പടര്‍ന്നത്. ലണ്ടനില്‍ നിന്നുവരെ സത്യാഗ്രഹത്തെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞ് സംഭാവനകള്‍ എത്തിയിരുന്നുവെന്നതാണ് ചരിത്രം. ജാതീയതയ്‌ക്കെതിരായ വലിയ സമരമെന്ന തരത്തില്‍ ഹിന്ദി, ഇംഗ്‌ളീഷ് പത്രങ്ങളിലെല്ലാം അന്ന് വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

അന്നത്തെ പട്യാല സംസ്ഥാനത്തിലെ മന്ത്രിയും മലയാളിയുമായിരുന്ന സര്‍ദാര്‍ കെ.എം പണിക്കര്‍ വഴി പട്യാല രാജാവും സിഖ് നേതാക്കളും വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതായി ലഭിച്ച വാര്‍ത്ത കെ.എം പണിക്കര്‍ രാജാവിനെ അറിയിച്ചു. ഇതു കേട്ട രാജാവ് മൂന്ന് കണ്ടെയ്നര്‍ ഗോതമ്പ് കറാച്ചി തുറമുഖത്ത് നിന്നും കപ്പല്‍ വഴി കൊച്ചിയിലേക്ക് കയറ്റിവിട്ടു. പിന്നാലെ പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തെയും രണ്ടാമതായി അറുപതോളം പേരടങ്ങുന്ന മറ്റൊരും സംഘത്തെയും കേരളത്തിലേക്ക് പറഞ്ഞുവിട്ടു. സമര ഭടന്‍മാര്‍ക്ക് ഭക്ഷണം തയ്യാറാക്കുവാനുള്ളവരായിരുന്നു രണ്ടാമത്തെ സംഘത്തിലധികവും.

സര്‍ദാര്‍ കെ.എം പണിക്കര്‍

ദിവസങ്ങള്‍ക്കകം ഗോതമ്പ് കൊച്ചിയിലെത്തി. കേരളമണ്ണില്‍ ആദ്യമായി ഗോതമ്പ് മണികള്‍ അന്ന് വീണു. സിഖ് സംഘത്തിന്റെ വരവിനെക്കുറിച്ച് സത്യാഗ്രഹ നേതാക്കള്‍ക്ക് ഇതിനകം വിവരം ലഭിച്ചിരുന്നു. ഗോതമ്പ് കൊച്ചിയില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ അവര്‍ കൊച്ചിയിലെ ചില വീടുകള്‍ ഏര്‍പ്പാടാക്കിക്കൊടുത്തു. ഈ വീടുകളില്‍ സൂക്ഷിച്ച ഗോതമ്പ് തദ്ദേശീയരായ ജോലിക്കാരുടെ സഹായത്തോടെ ഉണക്കിപ്പൊടിച്ച് ചാക്കുകളിലാക്കി ജലമാര്‍ഗം വൈക്കത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

വൈക്കം മഹാദേവ ക്ഷേത്രത്തിനടുത്തെ സത്യാഗ്രഹപ്പന്തലിന് അടുത്തായി സിഖുകാര്‍ അടുക്കള തുറന്നു. ഗോതമ്പ് പൊടിയില്‍ വെള്ളം ചേര്‍ത്ത് അവര്‍ മാവ് കുഴയ്ക്കുന്ന രീതിയും, മല പോലെ കൂട്ടിയിട്ടിരിക്കുന്ന കൂറ്റന്‍ ഗോതമ്പ് മാവും, മാവുകുഴച്ച് ചപ്പാത്തി പരത്തി ചുടുന്നതുമെല്ലാം കണ്ടുനിന്നവര്‍ക്ക് ഏറെ കൗതുകമായി.

സിഖുകാര്‍ കൊണ്ടുവന്ന കടുകെണ്ണ പുരട്ടി ചുട്ട ചപ്പാത്തി മലയാളികള്‍ക്ക് രുചിച്ചില്ലെങ്കിലും ശേഷം കടുകെണ്ണയ്ക്ക് പകരം വെളിച്ചെണ്ണ പുരട്ടാന്‍ തുടങ്ങിയതോടെ ചപ്പാത്തി സത്യാഗ്രഹികള്‍ക്ക് ഇഷ്ടവിഭവമായി. തദ്ദേശീയരായ മലയാളികള്‍ ആദ്യമായി ചപ്പാത്തിയെക്കുറിച്ചറിയുന്നതും ചപ്പാത്തി കാണുന്നതുമെല്ലാം അപ്പോഴായിരുന്നു.

വൈക്കത്തേക്ക് പുറപ്പെടും മുന്‍പ് കൊച്ചിയിലെ വീടുകളില്‍ ഗോതമ്പ് പൊടിക്കുമ്പോഴും പഞ്ചാബി സംഘം ചപ്പാത്തിയുണ്ടാക്കി നാട്ടുകാരായ ജോലിക്കാര്‍ക്കും വീട്ടുകാര്‍ക്കും നല്‍കിയിരുന്നു. കേരളക്കരയില്‍ ആദ്യമായി ചപ്പാത്തി ചുട്ട സ്ഥലം കൊച്ചിയും ചപ്പാത്തി രുചിച്ചവര്‍ കൊച്ചിക്കാരുമായിരുന്നുവെന്ന് പറയാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: How Chappathi Came to Kerala