'56 ഇഞ്ചുള്ള മോദിയെ എനിക്കു തല്ലാന്‍ പറ്റില്ല, കൈ ഒടിയും'; മോദിയെ പരിഹസിച്ച് മമത
D' Election 2019
'56 ഇഞ്ചുള്ള മോദിയെ എനിക്കു തല്ലാന്‍ പറ്റില്ല, കൈ ഒടിയും'; മോദിയെ പരിഹസിച്ച് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2019, 10:32 pm

ബഷീര്‍ഹട്ട് (ബംഗാള്‍): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 56 ഇഞ്ച് നെഞ്ചിനെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. 56 ഇഞ്ചുള്ള മോദിയെ തനിക്കു തല്ലാനാവില്ലെന്നും തന്റെ കൈ ഒടിയുമെന്നും മമത പരിഹസിച്ചു. ബംഗാളിലെ ബഷീര്‍ഹട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു മമതയുടെ പരാമര്‍ശം.

‘നിങ്ങളെ (മോദി) തല്ലുമെന്നു ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷേ ഞാന്‍ നിങ്ങള്‍ക്കു ജനാധിപത്യത്തിന്റെ പ്രഹരം തരും. എങ്ങനെയാണ് എനിക്കു നിങ്ങളെ തല്ലാനാകുക? ഞാന്‍ നിങ്ങളെ തല്ലിയാല്‍, എന്റെ കൈ ഒടിയും. പിന്നെങ്ങനെയാണു ഞാന്‍ തല്ലുക? നിങ്ങളുടെ നെഞ്ച് 56 ഇഞ്ചാണല്ലേ. എനിക്കു നിങ്ങളെ തല്ലുകയോ തൊടുകയോ വേണ്ട.’- മമത പറഞ്ഞു.

മമതയുടെ പ്രഹരം തനിക്കൊരു അനുഗ്രഹമാണെന്ന മോദിയുടെ പ്രസ്താവനയ്ക്കു മറുപടി നല്‍കുകയായിരുന്നു മമത. തൃണമൂല്‍ പശുക്കടത്ത് നടത്തുന്നെന്ന ബി.ജെ.പിയുടെ ആരോപണത്തിനും മമത മറുപടി പറഞ്ഞു.

‘അദ്ദേഹം ഞങ്ങളെ പശുക്കടത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നു. തൃണമൂല്‍ പശുക്കടത്ത് നടത്തിയിട്ടില്ല. അതിര്‍ത്തി കൈകാര്യം ചെയ്യുന്നത് ബി.എസ്.എഫാണ്. എന്താണ് അവിടെ ബി.എസ്.എഫ് ചെയ്യുന്നത് ? സംസ്ഥാന സര്‍ക്കാരല്ല അതിര്‍ത്തി നോക്കുന്നത്.’- മമത പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.ഐ.എമ്മും ഒന്നാണെന്നും അവര്‍ ആരോപിച്ചു. ഈ മൂന്ന് പാര്‍ട്ടികളും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒന്നിച്ചാണു പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും വോട്ട് ചെയ്യുകയെന്നാല്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തുകയെന്നാണെന്നും മമത ആരോപിച്ചു.

മമത ബംഗാളില്‍ മാഫിയ രാജ് നടത്തുകയാണെന്ന് ഇന്ന് ബഷീര്‍ഹട്ടില്‍ നടന്ന റാലിയില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചിരുന്നു. ബംഗാള്‍ പശുക്കടത്ത് നടത്തുന്നതില്‍ മുന്‍പിലാണെന്നും സംസ്ഥാനം നുഴഞ്ഞുകയറ്റക്കാരുടെ സ്വര്‍ഗമാണെന്നും ഷാ പറഞ്ഞു.

നാളെ നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്തെ എട്ട് സീറ്റുകള്‍ പോളിങ് ബൂത്തിലെത്തും.