ചെങ്കടലില്‍ വെച്ച് അമേരിക്കന്‍ കപ്പലുകളെ ആക്രമിക്കാന്‍ തയ്യാര്‍; മുന്നറിയിപ്പുമായി ഹൂത്തികള്‍
World News
ചെങ്കടലില്‍ വെച്ച് അമേരിക്കന്‍ കപ്പലുകളെ ആക്രമിക്കാന്‍ തയ്യാര്‍; മുന്നറിയിപ്പുമായി ഹൂത്തികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd June 2025, 3:55 pm

സനാ: ഇറാനെ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ചെങ്കടലില്‍ വെച്ച് അമേരിക്കന്‍ കപ്പലുകളെ ആക്രമിക്കാന്‍ തയ്യാറാണെന്ന് യെമനിലെ ഹൂത്തികള്‍. നേരത്തെ യെമന്‍ റിപ്പബ്ലിക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നുവെന്നും അതിനെ തങ്ങള്‍ പിന്തുണക്കുന്നുവെന്നും ഹൂത്തികള്‍ പറഞ്ഞു.

ചെങ്കടലില്‍ യു.എസ് കപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടാന്‍ തയ്യാറാണെന്ന സായുധ സേനയുടെ പ്രഖ്യാപനത്തോടുള്ള യെമന്‍ റിപ്പബ്ലിക്കിന്റെ പ്രതിബദ്ധത ഞങ്ങള്‍ സ്ഥിരീകരിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രത്യാഘാതം നേരിടാന്‍ ട്രംപ് ഒരുങ്ങണെമെന്നും ഹൂത്തികള്‍ മുന്നറിപ്പുണ്ട്. ഹൂത്തികളുടെ വക്താവ് ഹിസാം അല്‍ അസദ് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ കൂട്ടുനിന്നാല്‍ ചെങ്കടലിലൂടെ കടന്ന് പോകുന്ന യു.എസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂത്തികളുടെ മുന്നറിയിപ്പ് നേരത്തെ തന്നെ ഉണ്ടായിരുന്നു. ‘ഇസ്രഈലിനൊപ്പം ഇറാനെതിരെ ആക്രമണത്തില്‍ യു.എസ് പങ്കെടുത്താല്‍, സായുധ സേന (ഹൂത്തി) ചെങ്കടലില്‍ അവരുടെ കപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും,’ ഹൂത്തി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞിരുന്നു. വാര്‍ത്താ ഏജന്‍സിയായ എ.പിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. യഹ്യ സാരി മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത വീഡിയോയാണ് പുറത്തുവന്നത്.

ഒന്നരവര്‍ഷത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിന് പിന്നാലെ മെയ് മാസത്തില്‍ യു.എസും ഹൂത്തികളും വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറാനെതിരെ ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതോടെയാണ് ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ യു.എസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

Content Highlight: Houthis warn of attack on US ships in Red Sea