സനാ: നിരോധനം മറികടന്ന് ഇസ്രഈലിലേക്ക് പുറപ്പെട്ട കപ്പല്‍ മുക്കി യെമനിലെ ഹൂത്തികള്‍. ലൈബീരിയന്‍ പതാക സ്ഥാപിച്ച ഗ്രീസ് നിയന്ത്രണത്തിലുള്ള എറ്റേണിറ്റി സി എന്ന കപ്പലാണ് മുക്കിയത്. നാവിക സേന പുറപ്പെടുവിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് കപ്പലിനെ ആക്രമിച്ചത്. അധിനിവേശ ഫലസ്തീനിലെ ഉം അല്‍-റഷ്‌റാഷ് (എയിലത്ത്) തുറമുഖത്തേക്ക് പോവുകയായിരുന്നു ഈ കപ്പലെന്ന് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
25 ഓളം ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യു.കെ.എം.ടി.ഒ) ഏജന്‍സി അറിയിച്ചു. കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയെന്ന് ഹൂത്തികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍
മൂന്നോളം ജീവനക്കാര്‍ കൊല്ലപ്പെട്ടതായാണ് യൂറോപ്യന്‍ നാവിക ദൗത്യം അറിയിച്ചിരിക്കുന്നത്.
ഹൂത്തികള്‍ നിരവധി ക്രൂ അംഗങ്ങളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും അവരെ ഉടന്‍ മോചിപ്പിക്കണമെന്നും യെമനിലെ യു.എസ് എംബസി ആവശ്യപ്പെട്ടു. ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഫീലിപ്പിനി സ്വദേശികളാണ്. റഷ്യന്‍ സ്വദേശിയും ഉണ്ട്. ഇവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.
ആളില്ലാ ഉപരിതല വാഹനവും ആറ് ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നിരോധനം മറികടന്ന് ഇസ്രഈലിലേക്ക് യാത്ര തുടര്‍ന്നതിനാലാണ് എറ്റേണിറ്റി സി ആക്രമിച്ചതെന്ന് ഹൂത്തികള്‍ അറിയിച്ചു.
ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് ഹൂത്തികള്‍ ചെങ്കടലില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിക്കുകയായിരുന്നു. കപ്പല്‍ ഉം അല്‍-റഷ്‌റാഷ് തുറമുഖവുമായി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നു.
ചെങ്കടലിലും അറേബ്യന്‍ കടലിലും ഇസ്രഈല്‍ ബന്ധപ്പെട്ട കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും നിലവിലുണ്ടെന്ന് പ്രസ്താവനയില്‍ ഹൂത്തികള്‍ വീണ്ടും വ്യക്തമാക്കി. ഇസ്രഈലി തുറമുഖങ്ങളുമായി ഇടപാടുകളിലോ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുന്നതിനെതിരെ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആക്രമണത്തെ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും അപലപിച്ചിട്ടുണ്ട്. നിരപരാധികളായ നാവികരും തദ്ദേശവാസികളുമാണ് ഇത്തരം ആക്രമണങ്ങളില്‍ ഇരയാവുന്നതെന്നും നടന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു.
Content Highlight: Houthis confirm sinking of ship bound for Israel in Red Sea after violating embargo