ടെല്‍ അവീവ്: ഇസ്രഈല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ സെന്‍സിറ്റീവ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമത സംഘത്തിന്റെ ആക്രമണം. ബാലിസ്റ്റിക് മിസൈലുകളാണ് ഹൂത്തികള്‍ ഇസ്രഈലിന് നേരെ തൊടുത്തുവിട്ടത്.
ഫിഷന്‍ മള്‍ട്ടി-വാര്‍ഹെഡ് ‘ഫലസ്തീന്‍-2’ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രഈലിനെതിരെ വിമതസംഘം ഉപയോഗിച്ചത്.
മിസൈലുകള്‍ വിക്ഷേപിച്ചതിന് പിന്നാലെ ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള മധ്യ ഇസ്രഈലില്‍ അപായ സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ഇസ്രഈലിനെതിരായ ഓപ്പറേഷനില്‍ വിജയിച്ചുവെന്നും ദശലക്ഷക്കണക്കിന് വരുന്ന സയണിസ്റ്റുകളുടെ ഒന്നിലധികം കൂട്ടത്തെ അഭയകേന്ദ്രങ്ങളിലേക്ക് ഓടിക്കാന്‍ സാധിച്ചെന്നും ഹൂത്തികള്‍ അവകാശപ്പെട്ടു.
ഗസയിലെ വംശഹത്യ, പട്ടിണി ആയുധമാക്കിക്കൊണ്ടുള്ള യുദ്ധം, യെമനെതിരായ ആക്രമണം എന്നിവയ്ക്കുള്ള പ്രതികാര നടപടിയാണ് നടപ്പാക്കിയതെന്നും ഹൂത്തികള്‍ വ്യക്തമാക്കി. ഇസ്രഈല്‍ ഗസയ്ക്കും ഫലസ്തീന്‍ ജനതക്കുമെതിരായ ഉപരോധം അവസാനിപ്പിക്കുന്നത് വരെ തങ്ങള്‍ ഈ ഐക്യദാര്‍ഢ്യം തുടരുമെന്നും ഹൂത്തി വിമതസംഘം അറിയിച്ചു.
കഴിഞ്ഞ ദിവസം യെമനിലുണ്ടായ ഇസ്രഈല്‍ ആക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഹൂത്തികളുടെ സൈനിക പബ്ലിക് റിലേഷന്‍സ് ആസ്ഥാനം ഉള്‍പ്പെടെയാണ് ഇസ്രഈല്‍ ആക്രമിച്ചത്.
ആഗസ്റ്റില്‍ യെമന്റെ തലസ്ഥാനനഗരമായ സനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഹൂത്തികള്‍ നയിക്കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവിയും മറ്റു മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു.
ഹൂത്തി സര്‍ക്കാരിലെ പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍-അതിഫി, സേനാപതിയായ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുല്‍-കരീം, അല്‍-ഗമാരി എന്നിവര്‍ ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
ഇതിനിടെ ഹൂത്തികള്‍ക്കെതിരെ യു.എസ് ഉപരോധവും ഏര്‍പ്പെടുത്തി. ഹൂത്തികളുമായി ബന്ധമുള്ള 32 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാല് കപ്പലുകള്‍ക്കുമെതിരെയാണ് യു.എസിന്റെ ഉപരോധം.
ഇതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാകുകയാണ്. ഇരിടവേളക്ക് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നിലധികം രാജ്യങ്ങളെ ഇസ്രഈല്‍ ആക്രമിച്ചിരുന്നു. ഖത്തര്‍, സിറിയ, ലെബനന്‍, യെമന്‍, ഫലസ്തീന്‍ എന്നീ രാജ്യങ്ങളിലാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്.
Content Highlight: Houthi missile attack targeting sensitive sites in Israel