ഹോട്ടലുടമയുടെ മര്‍ദ്ദനത്തെ ചോദ്യം ചെയ്ത യുവാവിനെ തല്ലിച്ചതച്ചു; മര്‍ദ്ദനത്തില്‍ യുവാവിന്റെ കേള്‍വി ശക്തി നഷ്ടമായി
Vigilantism
ഹോട്ടലുടമയുടെ മര്‍ദ്ദനത്തെ ചോദ്യം ചെയ്ത യുവാവിനെ തല്ലിച്ചതച്ചു; മര്‍ദ്ദനത്തില്‍ യുവാവിന്റെ കേള്‍വി ശക്തി നഷ്ടമായി
ന്യൂസ് ഡെസ്‌ക്
Tuesday, 25th September 2018, 4:19 pm

കൊച്ചിയില്‍ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് നടത്തിയ ആക്രമത്തില്‍ യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം സ്വദേശിയും ഊബര്‍ ഈറ്റ്സ് ഡെലിവറി ജീവനക്കാരനുമായ ജവഹര്‍ കാരടിനാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചുവടില്‍ സ്ഥിതി ചെയ്യുന്ന റസ്റ്റോറന്റ് ഉടമയില്‍ നിന്നും ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റത്. പത്തോളം ആളുകള്‍ റസ്റ്റോറന്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അര മണിക്കൂറോളം തടഞ്ഞു വച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ റസ്റ്റോറന്റില്‍ ഡെലിവറിയ്‌ക്കെത്തിയ
ജവഹറിനെയാണ് ഹോട്ടലുടമയും ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്.

ജവഹറിന്റെ ദേഹമാസകലം ചതവും നീര്‍ക്കെട്ടുമുണ്ട്, കഴുത്തിനും തോളിനും സാരമായ പരിക്കുണ്ട്. രണ്ട് ചെവിക്കും തോളെല്ലിനും ഗുരുതരമായ പരിക്കേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് ജവഹര്‍.

റസ്റ്റോറന്റ് ഉടമ ഒരു തൊഴിലാളിയെ കടയുടെ മുന്നിലെ നടുറോഡിലിട്ടു മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് ജവഹറിന് നേരെ ഹോട്ടലുടമ ആക്രമം അഴിച്ചു വിട്ടത്. ഡെലിവറിയ്ക്കായി ഹോട്ടലിലെത്തിയ ജവഹര്‍ ഒരു തൊഴിലാളിയെ ഹോട്ടലുടമ മര്‍ദ്ദിക്കുന്നത് കണ്ടു.

ഇത്രയും മര്‍ദ്ദിച്ചിട്ടും തൊഴിലാളി ഒന്നും പ്രതികരിച്ചില്ല. മാത്രമല്ല ഹോട്ടലിന്‍ പരിസരത്തുള്ളവരും മര്‍ദ്ദനം കണ്ടിട്ടും പ്രതികരിക്കാന്‍ തയ്യാറായില്ല. ഡെലിവറിയ്‌ക്കെത്തിയ ജവഹര്‍ ഇത് കാണുകയും മര്‍ദ്ദിക്കുന്നത് തടഞ്ഞ് ഹോട്ടലുടമയെ ചോദ്യം ചെയ്യുകയും ചെയ്തു.

കീറ്റോ ഡയറ്റ് സര്‍വ്വ രോഗ സംഹാരിയോ?

 

 

ഇതില്‍ രോഷം കൊണ്ട ഹോട്ടലുടമ ജവഹറിന് നേരേ മര്‍ദ്ദനവുമായി രംഗത്തെത്തുകയായിരുന്നു. “നാല്‍പത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലില്‍ ഞാന്‍ എന്തും ചെയ്യും” നീയാരാടാ ചോദിയ്ക്കാന്‍ എന്ന് പറഞ്ഞു ജവാഹറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോല്‍ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും ചെയ്തു. ഏകദേശം അരമണിക്കൂറോളം മര്‍ദ്ദനമേറ്റ ജഹവറിന്റെ തലയ്ക്കാണ് കൂടുതല്‍ പരിക്കേറ്റിരിക്കുന്നത്.

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം നടത്തിയിരുന്ന വ്യക്തിയാണ് ജവഹര്‍. സംസ്ഥാനത്തെ വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ മുന്‍പന്തിയില്‍ നിന്ന ചെറുപ്പക്കാരനാണ്. ഇപ്പോഴും പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനും മറ്റുമായി ജവഹര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മലപ്പുറം ജില്ലയില്‍ നിന്നും തൊഴില്‍ തേടി കൊച്ചിയില്‍ വന്നതാണ് ജവഹര്‍. ഇപ്പോള്‍ ഊബര്‍ ഈറ്റ്‌സിന്റെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നയാളാണ്.

“ഇന്നലെ ഉച്ചയോടെയാണ് അവന്‍ ഡെലിവറിയ്ക്കായി ഇടപ്പള്ളിയ്ക്കടുത്തുള്ള താള്‍ റെസ്റ്റോറന്റില്‍ എത്തുന്നത്. ഒരു ഓര്‍ഡര്‍ എടുക്കാനായി അവിടെ ചെന്നപ്പോള്‍ റസ്റ്റോറന്റ് ഉടമ ഒരു തൊഴിലാളിയെ കടയുടെ മുന്നില്‍ നടുറോഡിലിട്ടു മര്‍ദ്ദിക്കുന്നത് അവന്‍ കണ്ടു. കാര്യമെന്താണെന്ന് ചോദിച്ച് അവന്‍ ഇടയ്ക്ക് കയറുകയും മര്‍ദ്ദിക്കു്ന്നതെന്തിനാ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൂടെ എന്ന് ചോദിച്ചു. എന്നാല്‍ ഇത് ഹോട്ടലുടമയ്ക്ക് ഇഷ്ടമായില്ല. അയാളും ജീവനക്കാരും ചേര്‍ന്ന് അവനെ തടഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു- ജവഹറിന്റെ സുഹൃത്ത് സുബിന്‍ ലാല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

 

ചെറുകാവിൽ പഞ്ചായത്ത് വാഹനം ഓടുന്നത് സ്വകാര്യ ആവശ്യങ്ങൾക്ക്; വാഹനം പിടിച്ചെടുത്ത് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം

 

മര്‍ദ്ദനത്തില്‍ ജവഹറിന്റെ ചെവിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയര്‍ ഡ്രം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ആറുമാസത്തിനുളളില്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ആക്രമണത്തെത്തുടര്‍ന്ന് ഹോട്ടലുടമയ്‌ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ജവഹര്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. ആക്രമണത്തില്‍ ഉടന്‍ തന്നെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

റെസ്റ്റോറന്റിലെ സ്ഥിരം സംഭവമാണിതെന്നും തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് മിക്കവാറും സംഭവിക്കാറുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇതിന് മുമ്പ് കസ്റ്റമേഴ്‌സിനെയും ഇവര്‍ തല്ലിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം.

അതേസമയം “താള്‍” എന്ന റസ്റ്റോറന്റില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ഇന്ന് റെയ്ഡ് ചെയ്തു. റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. തുടര്‍ന്ന് ഈ ഭക്ഷ്യവസ്തുക്കള്‍ നഗരസഭ ഓഫീസിനു മുന്നില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ആക്രമണം നടന്ന ഹോട്ടലിനെതിരെ നിരവധി പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. റെയ്ഡിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്ത് പോകുന്നവര്‍ ഇവരുടെ ഹോട്ടലുകളില്‍ നിന്നു ഭക്ഷണം വാങ്ങികഴിക്കരുതെന്ന ക്യാംപയിനുകള്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.