കീറ്റോ ഡയറ്റ് സര്‍വ്വ രോഗ സംഹാരിയോ?
Health
കീറ്റോ ഡയറ്റ് സര്‍വ്വ രോഗ സംഹാരിയോ?
എ പി ഭവിത
Tuesday, 25th September 2018, 3:55 pm

അമിതവണ്ണം കുറയ്ക്കാന്‍ സ്വപ്‌നം കാണുന്നവര്‍ക്കിടയില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ഭക്ഷണരീതിയാണ് കീറ്റോജെനിക് ഡയറ്റ്. ഈ ഡയറ്റ് ചെയ്യുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും ക്ലാസ്സുകളും നല്‍കുന്ന മലയാളികള്‍ക്കുള്ള ഒരു ടെലഗ്രാം ഗ്രൂപ്പില്‍ 27000 പേരും ഫേസ്ബുക്ക് പേജ് പുന്‍തുടരുന്നത് 31000 പേരുമാണ്. കീറ്റോ പിന്തുടരുന്നവരില്‍ നിന്ന് ഗുണഫലം കേട്ടറിഞ്ഞ് ചെയ്യുന്നവരുമുണ്ട്.

അന്നജം ഒഴികെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് നിയന്ത്രണമില്ലെന്നതാണ് കീറ്റോ ഡയറ്റില്‍ ആളെക്കൂട്ടുന്നത്. കാര്‍ബോഹൈഡ്രറ്റ് കുറച്ച് കൊഴുപ്പ് കൂടിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതാണ് ഈ ഡയറ്റ്. മിതമായ അളവില്‍ പ്രോട്ടീനും കഴിക്കാം. കീറ്റോസീസ് എന്ന പ്രക്രിയയിലൂടെ കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
മത്സ്യം, ബീഫ്, ചിക്കന്‍, മുട്ട, മയോനൈസ്, ചീസ്, ബട്ടര്‍, വെളിച്ചെണ്ണ എന്നിവയെല്ലാം ഈ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അവക്കാഡോ, മുന്തിരി എന്നിവ ഒഴികെയുള്ള പഴങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളും കഴിക്കരുത്. ബദാം, അണ്ടിപ്പരിപ്പ് എന്നിവയും കഴിക്കാം.

Image result for keto diet

കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്കായി നിര്‍ദേശങ്ങള്‍ നല്‍കാനായി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുണ്ട്. ഭക്ഷണ നിയന്ത്രണം ഏത് രീതിയിലെന്നത് മുതല്‍ രോഗികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ വരെ ഈ ഗ്രൂപ്പുകള്‍ വഴി നല്‍കുന്നുണ്ട്. വണ്ണം കുറയ്ക്കാനുള്ള മാര്‍ഗ്ഗം എന്നതില്‍ നിന്നും ജീവിതക്രമം എന്ന നിലയിലേക്ക് കീറ്റോ ഡയറ്റ് സ്വീകരിക്കപ്പെടുന്നുണ്ട്. ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുമെന്നും മറ്റ് രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും ഇവര്‍ വാദിക്കുന്നു.

രോഗികള്‍ കീറ്റോ ഡയറ്റ് പിന്തുടര്‍ന്നാലുണ്ടാകുന്ന രോഗമാറ്റത്തെക്കുറിച്ചും ഈ ഗ്രൂപ്പുകളിലൂടെ കുറിപ്പുകള്‍ നല്‍കുന്നുണ്ട്. അവയില്‍ ചിലത് ഇങ്ങനെയാണ്. ആറുമാസത്തെ കീറ്റോ ഡയറ്റിലൂടെ പിസിഓഡി പൂര്‍ണ്ണമായും മാറും. ഹൈപ്പോതാറോയിസിസം ഭേദപ്പെടുത്തും. ഓട്ടിസം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം എന്നിങ്ങനെ മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍ക്ക് അദ്ഭുതകരമായ ഫലമുണ്ടാകും. ആസ്ത്മ, സൈനസൈറ്റിക്, സോറിയാസിസ് എന്നീ അലര്‍ജി രോഗങ്ങളും ഭേദപ്പെടുമെന്നും അവകാശപ്പെടുന്നു.

Image result for keto diet

കീറ്റോ ഡയറ്റ് പിന്തുടരുന്ന അബുദാബിയിലെ ബിസിനസുകാരനായ സജിത്ത് മരക്കാര്‍ പറയുന്നു.
“കീറ്റോ ഡയറ്റ് ചെയ്ത് തുടങ്ങിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. ഷുഗര്‍ കുറഞ്ഞു. പ്രഷറിന് മരുന്ന് കഴിച്ചിരുന്നത് നിര്‍ത്തി. ആസ്ത്മക്ക് ഇന്‍ഹേയ്‌ലര്‍ ഉപയോഗിക്കേണ്ടിയും വരുന്നില്ല. എന്നാല്‍ കൊളസ്‌ട്രോള്‍ ലെവലില്‍ മാറ്റം വന്നിട്ടില്ല”.

തടി കുറക്കാനുള്ള മാര്‍ഗ്ഗം മാത്രമല്ല കീറ്റോ ഡയറ്റ്. അതൊരു ചികിത്സ രീതി കൂടിയാണെന്ന് പറയുന്നു പ്രചാരകനായ ഹബീബ് റഹ്മാന്‍. “ഇതിലൂടെ ഒരുപാട് രോഗങ്ങള്‍ മാറ്റാന്‍ കഴിയുന്നുണ്ട്. പതുക്കെ മരുന്നുകളും നിര്‍ത്താന്‍ പറ്റും. ഇന്‍സുലിന്റെ അളവ് കൂടുന്നതാണ് മിക്ക ജീവിത ശൈലീരോഗങ്ങളുടെയും കാരണം. ഷുഗറിനുള്ള മരുന്ന് ഇന്‍സുലിന്റെ ഉത്പാദനം കൂട്ടുകയാണ് ചെയ്യുന്നത്. കീറ്റോ ഡയറ്റ് ഇന്‍സുലിന്റെ ഉത്പാദനം കുറയ്ക്കുകയാണ്. ഈ ഡയറ്റ് ചെയ്യുന്നവരോട് ഇന്‍സുലിന്റെ ഉത്പാദനം കൂട്ടുന്ന മരുന്നുകള്‍ ഒഴിവാക്കാനാണ് നിര്‍ദേശിക്കുന്നത്. പകരം പ്രമേഹരോഗികള്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുന്ന മരുന്നുകള്‍ നിര്‍ദേശിക്കുന്നു. ഡോക്ടറുടെ കുറിപ്പടി പോലുമില്ലതെ ലഭിക്കുന്ന മരുന്നുകളാണിത്”. ഹബീബ് റഹ്മാന്‍ പറയുന്നു.

സ്വീകാര്യത കൂടുന്നതിനനുസരിച്ച് വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയരുന്നുണ്ട്. വേണ്ടത്ര പഠനങ്ങളും പരീക്ഷണങ്ങളും നടന്നിട്ടില്ലെന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗികള്‍ ലാബ് റിപ്പോര്‍ട്ടുകള്‍ അയച്ചു കൊടുത്ത് ഡയറ്റ് നിര്‍ദേശങ്ങള്‍ തേടുമ്പോള്‍ മരുന്നുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വിമര്‍ശനത്തിനിടയാക്കുന്നു. പൊണ്ണത്തടി പെട്ടെന്ന കുറയ്ക്കുന്നു എന്നത് ഗുണപരമാണെങ്കിലും കൂടുതല്‍ കാലം ഈ ഡയറ്റ് പിന്തുടരുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോയെന്ന സംശയം പല ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

Image result for keto diet

കാര്‍ബോഹൈഡ്രേറ്റ് കഴിക്കാതിരിക്കുന്നതും തടി കുറയുന്നതും കാരണമാണ് ബിപിയും ഷുഗറും കുറയുന്നതെന്ന് ഡോക്ടര്‍ ജിതിന്‍.ടി.ജോസഫ് പറയുന്നു.
“കീറ്റോ ഡയറ്റിലൂടെ ഉണ്ടാകുന്ന നേട്ടം മൂന്ന് മാസത്തിനപ്പുറത്തേക്ക് നീണ്ടുനില്‍ക്കുന്നതായി ഒരു പഠനത്തിലും പറയുന്നില്ല. പൊണ്ണത്തടി കുറച്ച് ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ ഈ ഡയറ്റ് സഹായിച്ചേക്കാം. എന്നാല്‍ കൊളസ്‌ട്രോള്‍ ലെവല്‍ ഉയരുന്നത് ഹൃദ്രോഗത്തിന് കാരണമായേക്കാം” ജിതിന്‍ പറയുന്നു.

“ഇതൊരു സമാന്തര ചികിത്സ രീതി എന്ന രീതിയിലേക്ക് മാറുകയാണ്. പണമുണ്ടാക്കാനുള്ള കച്ചവടോപാധിയാവുന്നു. ഡയറ്റാണ് ഇത്. അസുഖങ്ങള്‍ മാറുമെന്നൊക്കെ പ്രചരിപ്പിക്കുന്നത് തെറ്റായ പ്രവണതയാണ്. പല രോഗാവസ്ഥയിലുള്ളവരോടും രോഗം മാറുമെന്നൊക്കെ വാഗ്ദാനം ചെയ്ത് അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് ഇതിലൂടെ”. ഡോക്ടര്‍ ദീപു സദാശിവന്‍ പറയുന്നു.

“ബയോ കെമിസ്ട്രിയിലെ അടിസ്ഥാന തത്വങ്ങള്‍ തന്നെയാണ് ഈ ഡയറ്റിലുള്ളത്. പുതിയ ശാസ്ത്രമല്ല. ഏത് ഡോക്ടര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാവുന്ന കാര്യങ്ങളായിട്ടും എന്തുകൊണ്ടാണ് എതിര്‍പ്പുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല” എന്നാണ് ഹബീബ് റഹ്മാന്റെ വിശദീകരണം.

Related image

കീറ്റോ ഡയറ്റ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി നടത്തിയ പഠനത്തിലും ചൂണ്ടിക്കാണിക്കുന്നത്. ക്യാന്‍സറിനും പെട്ടെന്നുള്ള മരണത്തിനും കാരണമാകുന്നതായും ഇതില്‍ പറയുന്നു. മൃഗക്കൊഴുപ്പും ചുവന്ന ഇറച്ചിയും കൂടുതലായി കഴിക്കുന്നതുമാണ് ക്യാന്‍സറിനുള്ള സാധ്യത കൂട്ടുന്നത്.

ഹര്‍വാഡ് യൂണിവേഴ്‌സിറ്റിയുടെയും മയോക്ലിനിക്കിന്റെയും കീറ്റോജനിക് ഡയറ്റ് സംബന്ധിച്ച നിര്‍ദേശങ്ങളില്‍ ദീര്‍ഘകാലത്തേക്ക് എന്ത് മാറ്റമാണുണ്ടാക്കുകയെന്ന ആശങ്കയാണ് പങ്കുവെയ്ക്കുന്നത്. യൂറിക് ആസിഡ് കൂടുന്നതിനും വൃക്ക രോഗികളുടെ ബുദ്ധിമുട്ടുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഈ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.