ആശമാരുടെ ഓണറേറിയം 1000 രൂപ കൂട്ടി; സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആയിരം വീതം; ക്ഷേമ പെന്‍ഷന്‍ 400 കൂട്ടി; വന്‍ പ്രഖ്യാപനങ്ങള്‍
Kerala
ആശമാരുടെ ഓണറേറിയം 1000 രൂപ കൂട്ടി; സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആയിരം വീതം; ക്ഷേമ പെന്‍ഷന്‍ 400 കൂട്ടി; വന്‍ പ്രഖ്യാപനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th October 2025, 6:16 pm

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനവും സാമൂഹ്യക്ഷേമ പെന്‍ഷന്‍ വര്‍ധനവും ഉള്‍പ്പെടെയുള്ള വന്‍പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുകയായിരുന്നു.

ആശമാരുടെ ഓണറേറിയം 1000 രൂപ കൂടി ഉയര്‍ത്തി. ഇതുവരെയുള്ള കുടിശികയും നല്‍കും. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടി 1600 രൂപയില്‍ നിന്നും 2000 രൂപയാക്കി.

സ്ത്രീ സുരക്ഷയ്ക്ക് സഹായം നല്‍കാനുള്ള പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അര്‍ഹരായ സ്ത്രീകള്‍ക്ക്  (പിങ്ക് , മഞ്ഞ കാര്‍ഡില്‍ ഉൾപ്പെട്ട സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങിക്കാത്ത 35 വയസ് മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് )അനുവദിക്കും. യുവാക്കള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പ്രതിവർഷം കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി പഠനത്തിന് ശേഷം വിവിധ സ്കിൽ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി/മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം  നല്‍കും. കണക്ട് ടു വർക്ക് സ്കോളർഷിപ്പ്  വഴിയാണ്  സഹായം ലഭ്യമാക്കുക.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് നല്‍കാനുള്ള ഒരു ഗഡു ഡി.എ കുടിശിക നാല് ശതമാനം നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കും.

പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ അനുവദിക്കണം.

അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം 1000 രൂപ കൂടി വര്‍ധിപ്പിക്കും. 65,240 പേര്‍ക്കാണിത് പ്രയോജനപ്പെടുക.

സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വര്‍ധിപ്പിക്കുകയും കുടിശിക നല്‍കുകയും ചെയ്യും.

ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വര്‍ധിപ്പിക്കും. റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കി വരുന്ന താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍ നിന്നും 200 ആക്കി ഉയര്‍ത്തും.

നെല്ലിന്റെ സംഭരണ വില 28.20ല്‍ നിന്നും 30 രൂപയായി വര്‍ധിപ്പിക്കും. എല്ലാ തീരുമാനങ്ങളും നവംബര്‍ ഒന്ന് മുതല്‍ പ്രബാല്യത്തില്‍ വരും.

Content Highlight: Honorarium of ASHAs increased by Rs 1000; Rs 1000 each for women and students; Welfare pension increased by Rs 400: CM Pinarayi