തീയില്ലാതെ പുകയില്ല, ഇതാ ആദ്യത്തെ തീപ്പൊരി; നിഗൂഢതകള്‍ ഒളിപ്പിച്ച് 'ധൂമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Entertainment news
തീയില്ലാതെ പുകയില്ല, ഇതാ ആദ്യത്തെ തീപ്പൊരി; നിഗൂഢതകള്‍ ഒളിപ്പിച്ച് 'ധൂമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th April 2023, 11:26 am

ഫഹദ് ഫാസില്‍ അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ധൂമം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ കാന്താര, കെ.ജി.എഫ് തുടങ്ങിയവയുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. തീയില്ലാതെ പുകയില്ല, ഇതാ ആദ്യത്തെ തീപ്പൊരി എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

നേരത്തെ പ്രഖ്യാപിച്ച ‘ടൈസണ്‍’ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഹോംബാലെ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമാണ് ധൂമം. ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും. മാസ്സ് റോളില്‍ ആകും ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തുക എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് കിരഗണ്ടൂര്‍ അറിയിച്ചത്.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപര്‍ണയും ഒന്നിച്ച് എത്തുന്ന ചിത്രം കൂടിയാണ് ധൂമം. ഫഹദിനെയും അപര്‍ണയേയും കൂടാതെ അച്യുത് കുമാര്‍, ജോയ് മാത്യു, ദേവ് മോഹന്‍,നന്ദു അനു മോഹന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പ്രമുഖ ഛായാഗ്രാഹകന്‍ പ്രീത ജയരാമന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പൂര്‍ണചന്ദ്ര തേജസ്വിയാണ്.

ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് വിജയ് സുബ്രമണ്യം, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു. ജി സുശീലന്‍, വസത്രാലങ്കാരം പൂര്‍ണിമ രാമസ്വാമി തുടങ്ങിയവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

പാച്ചുവും അത്ഭുതവിളക്കുമാണ് ഫഹദ് ഫാസിലിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. അഖില്‍ സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും. ഫണ്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മിക്കുന്നത്.

CONTENT HIGHLIGHT: HOMBALE PRODUCTIONS MALAYALAM MOVIE DOOMAM FIRST LOOK POSTER