ഛത്തീസ്ഗഡ് ഗോത്രമേഖലയിലെ വൈദികരെ വിലക്കുക, പള്ളികള്‍ പൊളിക്കുക; നിവേദനവുമായി ഹിന്ദുത്വ തീവ്രവാദികള്‍
India
ഛത്തീസ്ഗഡ് ഗോത്രമേഖലയിലെ വൈദികരെ വിലക്കുക, പള്ളികള്‍ പൊളിക്കുക; നിവേദനവുമായി ഹിന്ദുത്വ തീവ്രവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th August 2025, 8:04 am

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഗോത്രമേഖലയില്‍ ക്രൈസ്തവ പുരോഹിതരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ തീവ്രവാദികള്‍. ഛത്തീസ്ഗഡ് ബി.ജെ.പി സര്‍ക്കാരിന് നല്‍കിയ നിവേദനത്തിലാണ് ഈ കാര്യം ആവശ്യപ്പെട്ടത്.

വൈദികരും കന്യാസ്ത്രീകളും ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം. സനാതന്‍ സമാജാണ് സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ വിഷ്ണു ദിയോ സായിക്ക് സമര്‍പ്പിച്ച നിവേദനത്തിലാണ് ക്രൈസ്തവ പുരോഹിതരെ വിലക്കണമെന്ന് ആവശ്യപ്പെട്ടത്.

ഗോത്രമേഖലകളിലെ അനധികൃത പള്ളികളും സ്ഥാപനങ്ങളും പൊളിച്ചു മാറ്റുക, മതപരിവര്‍ത്തനത്തിന് വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, ഗോത്രമേഖലകളില്‍ ക്രൈസ്തവര്‍ക്ക് ശവസംസ്‌കാരം അനുവദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനമായ ഭാനുപ്രതാപ്പൂരിലൂടെ നടന്ന പ്രതിഷേധ മാര്‍ച്ചിന് ശേഷമാണ് സനാതന്‍ സമാജ് നിവേദനം നല്‍കിയത്.

അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ക്രൈസ്തവ മിഷണറിമാര്‍ ആദിവാസി സമൂഹങ്ങള്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കി മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വവാദികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ജാമ്യം ലഭിച്ച കന്യാസ്ത്രീകളെ ശിക്ഷിക്കണമെന്നും ബജ്‌രംഗ്ദളുകള്‍ക്കെതിരെ നടപടി എടുക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ 26നായിരുന്നു മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരായിരുന്നു കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവര്‍ത്തനം ആരോപിച്ച് രംഗത്തെത്തിയത്.

ബജ്‌രംഗ് പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതിയും സെഷന്‍ കോടതിയും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ എന്‍.ഐ.എ കോടതിയെ സമീപിച്ച കന്യാസ്ത്രീകള്‍ക്ക് ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കന്യാസ്ത്രീകള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ കര്‍ശനമായ ഉപാധികളോടെയായിരുന്നു ജാമ്യം. അതേസമയം കേരളത്തില്‍ നിന്നുള്ള ഇടപെടലിലാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതെന്നാണ് ഹിന്ദുത്വ തീവ്രവാദികളുടെ ആരോപണം.

Content Highlight: Hindutva extremists demands Ban priests and demolish mosques in Chhattisgarh’s tribal areas