| Sunday, 19th April 2020, 7:23 pm

മോദിയെ വിമര്‍ശിച്ച രാമചന്ദ്രഗുഹയുടെ ലേഖനം ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടാതാകുമ്പോള്‍

ശ്രിന്‍ഷ രാമകൃഷ്ണന്‍

ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച രാമചന്ദ്രയുടെ ഗുഹയുടെ കോളം മോദിയുടെ സ്വപ്നപദ്ധതിയെക്കുറിച്ച് പറയുന്നത്

ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടിയെഴുതി വന്നിരുന്ന കോളം നിര്‍ത്തുകയാണെന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ അറിയിച്ചിരിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ട്റ്റിനെ സംബന്ധിച്ച് എഴുതിയ കോളം പത്രം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് രാമചന്ദ്ര ഗുഹ സ്ഥിരമായി എഴുതി വന്നിരുന്ന കോളം നിര്‍ത്തുന്നത്.

താന്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന പത്രത്തിന്റെ എഡിറ്റര്‍മാര്‍ക്ക് കോളം പ്രസിദ്ധീകരിക്കുന്നതില്‍ തടസമൊന്നുമില്ലായിരുന്നുവെന്നും മാനേജ്മെന്റിന്റെ ഇടപെടലാണ് കോളം സെന്‍സര്‍ ചെയ്യുന്ന നടപടിയിലേക്ക് എത്തിച്ചതെന്നുമാണ് അദ്ദേഹം ട്വറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പത്രമാധ്യമങ്ങളില്‍ ഭൂരിഭാഗവും കേന്ദ്ര ഗവണ്‍മെന്റിന് കീഴ്പ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍. ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച കോളത്തിന്റെ പൂര്‍ണരൂപം ദ വയര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ എന്താണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മാനേജ്മെന്റിനെ അസ്വസ്ഥപ്പെടുത്തിയ രാമചന്ദ്ര ഗുഹയുടെ കോളം പറയുന്നത് എന്ന് നോക്കാം.

20000 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ടിനെ സംബന്ധിച്ചാണ് രാമചന്ദ്ര ഗുഹയുടെ കോളം ചര്‍ച്ചചെയ്യുന്നത്. ദ ന്യൂസ് ലോണ്ടറി എന്ന വെബ്സൈറ്റില്‍ എഴുത്തുകാരിയായ അല്‍പന കിഷോര്‍ പദ്ധതിയെ വിമര്‍ശനാത്മകമായി നിരൂപണം ചെയ്തതിന്റെ തുടര്‍ച്ചയാണ് രാമചന്ദ്ര ഗുഹയുടെ കോളവും.

മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് 20000 കോടി രൂപ ചെലവില്‍ രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുക എന്നത്. ത്രിക്രാണ ആകൃതിയില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് പുറമെ പ്രധാനമന്ത്രിയ്ക്കും, വൈസ് പ്രസിഡന്റിനുമായി പുതിയ വസതി, ശാസ്ത്രി ഭവന്‍, ഉദ്യോഗ് ഭവന്‍, തുടങ്ങി പത്തോളം കെട്ടിട നിര്‍മ്മാണ ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.

തന്റെ സ്വകാര്യ താത്പര്യത്തിനല്ല 20000 കോടി രൂപ ചിലവില്‍ ഇത്തരമൊരു പദ്ധതിയെന്നാണ് മോദി പറയുന്നത്. രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ പുതിയ ഒരു നാഴിക കല്ലായ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാനാണ് ശ്രമം എന്നാണ് പ്രധാമന്ത്രിയുടെ അവകാശവാദം.

അതേസമയം രാജ്യം 25ാം സ്വാതന്ത്ര്യ ദിനവും അമ്പതാം സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചപ്പോഴൊന്നും ഇത്തരമൊരു ആഢംബരം ഇല്ലായിരുന്നുവെന്ന് രാമചന്ദ്ര ഗുഹ പറയുന്നു. കൊവിഡ് ഭീഷണി ഇന്ത്യയെ വലക്കുമ്പോള്‍ പാര്‍ലമെന്റ് മന്ദിരം പുനര്‍നിര്‍മ്മിക്കാനുള്ള മോദിയുടെ തീരുമാനത്തെയും കോളം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഗുഹയുടെ കോളത്തിലെ മറ്റ് വീക്ഷണങ്ങള്‍ ഇങ്ങനെയാണ്.

ന്യൂദല്‍ഹിയെ മോടി പിടിപ്പിക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏകാധിപതികളുടെ മുഖമാണ് എന്റെ മനസില്‍ കൊണ്ടുവന്നത്. ഭരണാധികാരിയെ അനശ്വരനായി നിര്‍ത്താനുള്ള പൊങ്ങച്ച പദ്ധതിയാണിത്.
ഒരു മഹാമാരി പുര്‍ണമായും തകര്‍ത്ത സമ്പദ് വ്യവസ്ഥയ്ക്ക് ഇപ്പോഴിത് തീര്‍ത്തും അനാവശ്യമാകുന്നു.

കൃത്യമായ പദ്ധതികളോടെയല്ലാതെ നടപ്പിലാക്കിയ ലോക് ഡൗണ്‍ ഇതിനോടകം തന്നെ ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ തൊഴിലാളികള്‍ ഇപ്പോള്‍ തന്നെ അത്രയും മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.

പല സാമ്പത്തിക വിദഗ്ദരും അഭിപ്രായപ്പെട്ടതു പോലെ ഇന്ത്യയിലെ ദശലക്ഷണക്കിന് ദരിദ്രരായ ജനതയ്ക്ക് ഇപ്പോള്‍ വേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര സാമ്പത്തിക സഹായമാണ്. എന്ത് കൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ട്ടിന് നീക്കി വച്ചിരിക്കുന്ന 20000 കോടി രാജ്യത്തെ ജനങ്ങളുടെ ദുരിതത്തിന് ആശ്വാസം കാണാന്‍ ഉപയോഗിച്ചു കൂടാ.

സാമ്പത്തികവും, സാമൂഹികവുമായി രാജ്യം ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികള്‍ നേരിട്ടും അല്ലാതെയും സംസ്ഥാന സര്‍ക്കാരുകളെയാണ് ബാധിക്കുക. അവര്‍ക്ക് പണമാണ് ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആവശ്യം. ജി.എസ്.ടി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 30000 കോടി രൂപയോളം സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാനുണ്ട്. സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ടിന് അംഗീകാരവും, പദ്ധതി നടത്തിപ്പിന്റെ ഷെഡ്യൂളും തയ്യാറാക്കിയ കേന്ദ്ര സര്‍ക്കാര്‍ എന്ത് കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ഈ തുക നല്‍കാത്തത്.

രാജ്യത്തെ ജനങ്ങളെ അഭിസംബോധ ചെയ്ത പ്രധാനമന്ത്രി അവരുടെ ജീവിത രീതി, സമയം, തൊഴില്‍ തുടങ്ങിയവയില്‍ എല്ലാം ത്യജിക്കണമെന്ന് ആവശ്യപ്പെട്ടു. ഇനി അതേ രാജ്യത്തെ പൗരന്മാര്‍ തങ്ങള്‍ക്കു വേണ്ടിയും ചില വിട്ടുവീഴ്ച്ചകള്‍ ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണം. അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ സെന്‍ട്രല്‍ വിസ്റ്റ തുടക്കം മുതല്‍ തന്നെ ഒരു വിവാദ പദ്ധതി കൂടിയായിരുന്നു.

ഇപ്പോളത് തികച്ചു അനാവശ്യവുമായി മാറിയിരിക്കുന്നു. സാധാരണക്കാര്‍ക്ക് പ്രയോജനമൊന്നുമില്ലാത്ത പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറാകണം.
രാമചന്ദ്ര ഗുഹ കോളത്തില്‍ പറയുന്നു.

ശ്രിന്‍ഷ രാമകൃഷ്ണന്‍