രഞ്ജിയില്‍ റാണക്ക് ഡബിള്‍; മണിപ്പൂരിനെ ചാമ്പലാക്കി ഹരിയാനക്കാരന്‍
Cricket
രഞ്ജിയില്‍ റാണക്ക് ഡബിള്‍; മണിപ്പൂരിനെ ചാമ്പലാക്കി ഹരിയാനക്കാരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st January 2024, 3:56 pm

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്ക് കൂറ്റന്‍ ജയം. മാനിപൂരിനെ 338 റണ്‍സിനാണ് ഹരിയാന തകര്‍ത്തത്.

വല്ലഭ് വിദ്യാനഗറിലെ ശാസ്ത്രി മെയ്ഡ്ന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മണിപ്പൂര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ മണിപ്പൂരിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു ഹരിയാനയുടെ ബാറ്റിങ്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഹരിയാന 508 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഹരിയാനയുടെ ബാറ്റിങ്ങില്‍ ഹിമാന്‍ഷു റാണ ഡബിള്‍ സെഞ്ച്വറിയും നിഷാന്ത് സിന്തു സെഞ്ച്വറിയും നേടി മികച്ച പ്രകടനം നടത്തി.

313 പന്തുകള്‍ നേരിട്ട റാണ 250 റണ്‍സ് ആണ് നേടിയത്. 33 ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു റാണയുടെ തകര്‍പ്പന്‍ ബാറ്റിങ്. മറുഭാഗത്ത് നിശാന്ത് സിന്തു 162 പന്തില്‍ 119 റണ്‍സും നേടി. 18 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.

ഇവര്‍ക്ക് രണ്ടുപേര്‍ക്കും പുറമേ വിക്കറ്റ് കീപ്പര്‍ രോഹിത് ശര്‍മ പുറത്താവാതെ 72 പന്തില്‍ 59 റണ്‍സും നേടികൊണ്ട് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂര്‍ 77 റണ്‍സിന് പുറത്താവുകയായിരുന്നു. ഹരിയാനയുടെ ബൗളിങ് നിരയില്‍ ജയന്ത് യാദവ്, രാഹുല്‍ തിവാട്ടിയ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ മണിപ്പൂര്‍ ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു. മണിപ്പൂര്‍ ബാറ്റിങ്ങില്‍ പ്രയോജിത്ത് സിങ് കംഗബാക്ക് മാത്രമാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ വഴങ്ങി വീണ്ടും ബാറ്റ് ചെയ്ത മണിപ്പൂര്‍ 93 റണ്‍സിനായിരുന്നു പുറത്തായത്. ഹരിയാനയുടെ ബൗളിങ്ങില്‍ രാഹുല്‍ തിവാട്ടിയ മൂന്ന് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍, ജയന്ത് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മണിപ്പൂര്‍ ബാറ്റിങ് നിരയില്‍ നായകന്‍ ലാംഗ്ലോനിയംബ കെയ്ഷാങ്ഹാം 70 പന്തില്‍ 50 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും മണിപ്പൂര്‍ 93 റണ്‍സിന് പുറത്താവുകയും ഹരിയാന 338 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കുകയുമായിരുന്നു.

Content Highlight: Himanshu Rana scored double century and Haryana won in Ranji Trophy.