ശ്രുതി ഹാസൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് കൂലി. രജിനികാന്ത് നായകനായ ചിത്രം വ്യാഴാഴ്ചയായിരുന്നു റിലീസ് ചെയ്തത്.
ഇപ്പോൾ തന്റെ സിനിമ കാണാൻ തിയേറ്ററിലെത്തിയ നടിയെ തടഞ്ഞ സുരക്ഷാ ജീവനക്കാരുടെ നടപടിയും അതിന് മറുപടി പറയുന്ന ശ്രുതി ഹാസന്റെ വീഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ആദ്യ ഷോ കാണാൻ ചെന്നൈ വെട്രി തിയേറ്ററിൽ എത്തിയതായിരുന്നു നടി. എന്നാൽ കാറിലെത്തിയ നടിയെ സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നു. ‘ഞാൻ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട് അണ്ണാ… ദയവായി എന്നെ അകത്തേക്ക് പോകാൻ അനുവദിക്കൂ. ഞാനീ സിനിമയിലെ നായികയാണ്,’ എന്ന് ശ്രുതി ഹാസൻ പറയുന്നത് വീഡിയോയിൽ നിന്നും കേൾക്കാം. അതിന് ശേഷമാണ് ശ്രുതിയെ സുരക്ഷാ ജീവനക്കാർ അകത്തേക്ക് കയറാൻ അനുവദിച്ചത്.
സ്വന്തം സിനിമ കാണുന്നതിന് വേണ്ടി അപേക്ഷിക്കുന്ന ശ്രുതി ഹാസനെ നോക്കി പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കളെയും വീഡിയോയിൽ കാണാൻ സാധിക്കും.
വെട്രി തിയേറ്റർ ഉടമയായ രാകേഷ് ഗൗതമൻ ഇതിന്റെ വീഡിയോ എക്‌സിൽ ഷെയർ ചെയ്തിട്ടുണ്ട്. സുരക്ഷാ ജീവനക്കാരൻ തന്റെ കടമ ‘അമിതമായി നിർവഹിച്ചു’വെന്ന് എക്‌സിൽ കുറിച്ചു. ഈ രസകരമായ സന്ദർഭത്തിൽ ഒപ്പം നിന്ന ശ്രുതി ഹാസനോടും അദ്ദേഹം നന്ദി അറിയിച്ചു. ഒപ്പം സിനിമ ആസ്വദിച്ചുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിക്ക് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിൽ രജിനിക്കൊപ്പം ശ്രുതി ഹാസൻ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, ആമിർ ഖാൽ, സൗബിൻ ഷാഹിർ, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
സൺ പിക്‌ചേഴിസിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിച്ചത്.