മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യഭാര്യയെ കേള്‍ക്കണം: ഹൈക്കോടതി
Kerala
മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യഭാര്യയെ കേള്‍ക്കണം: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th November 2025, 6:50 am

കൊച്ചി: മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി. ആദ്യഭാര്യ രണ്ടാം വിവാഹത്തെ എതിര്‍ത്താല്‍ വിവാഹ രജിസ്ട്രേഷന്‍ അനുവദിക്കരുതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.

മതനിയമങ്ങളല്ല ഭരണഘടനയാണ് മുകളില്ലെന്നും കോടതി പറഞ്ഞു. രണ്ടാം വിവാഹത്തിന്റെ രജിസ്ട്രേഷന്‍ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂര്‍ സ്വദേശികള്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കണ്ണൂര്‍ കരുമാത്തൂര്‍ സ്വദേശിയും ഭാര്യയും നല്‍കിയ റിട്ട് ഹരജിയാണ് കോടതി തള്ളിയത്. രണ്ടാം വിവാഹം അസാധുവാണെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ രജിസ്‌ട്രേഷനെ എതിര്‍ക്കുന്നുണ്ടെങ്കില്‍, ഹരജിക്കാരന്റെ രണ്ടാം വിവാഹത്തിന്റെ സാധുത നിര്‍ണയിക്കണമെന്നും കോടതി വ്യക്തമാക്കി.

ആദ്യഭാര്യയില്‍ ഹരജിക്കാരന് രണ്ട് കുട്ടികളുണ്ടെന്നും ഈ ബന്ധം നിലനില്‍ക്കെയാണ് ഹരജിക്കാരന്‍ ആചാരപരമായി മറ്റൊരു വിവാഹം ചെയ്തതെന്നും കോടതി പറഞ്ഞു.

രണ്ടാം വിവാഹത്തെ എതിര്‍ക്കുന്ന സ്ത്രീകളുടെ വൈകാരികത അവഗണിക്കാനാവില്ലെന്നും ആദ്യഭാര്യയ്ക്ക് നീതി നല്‍കാന്‍ കഴിയുമെങ്കില്‍ മാത്രമേ, വ്യക്തിനിയമം പോലും മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം  അനുവദിക്കുന്നുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

അടുത്തിടെ പരിഗണിച്ച മറ്റൊരു ഹരജിയില്‍, മുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് നാലുവരെ വിവാഹം കഴിക്കാമെങ്കിലും എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനായാല്‍ മാത്രമേ ഖുര്‍ആന്‍ ഇത് അനുവദിക്കുന്നുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം സിംഗിള്‍ ബെഞ്ച് ആവര്‍ത്തിക്കുകയും ചെയ്തു.

ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് സ്‌നേഹബന്ധത്തിലായിരുന്ന സ്ത്രീയെ വിവാഹം കഴിച്ചതെന്നാണ് ഹരജിക്കാരന്റെ വാദം. രണ്ട് പേര്‍ക്കും ആദ്യവിവാഹത്തില്‍ രണ്ട് കുട്ടികള്‍ വീതമുണ്ട്. രണ്ടാംഭാര്യ ആദ്യഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയതാണ്.

അതേസമയം 2008ലെ കേരള രജിസ്‌ട്രേഷന്‍ ഓഫ് മാരേജ് (കോമണ്‍) റൂള്‍സ് പ്രകാരം ആദ്യഭാര്യക്ക് നോട്ടീസ് നല്‍കി അവരെ കേള്‍ക്കാതെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് പഞ്ചായത്ത് സെക്രട്ടറി ഇവരുടെ അപേക്ഷ നിരസിച്ചത്.

Content Highlight: Highcourt orders to hear first wife’s side to register second marriage of Muslim man