അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍: സംസ്ഥാന സര്‍ക്കാരിനും ജയില്‍ ഡി.ജി.പിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു
Kerala News
അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍: സംസ്ഥാന സര്‍ക്കാരിനും ജയില്‍ ഡി.ജി.പിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th July 2021, 2:07 pm

കൊച്ചി: അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിയമവിരുദ്ധമായി പരോള്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ജയില്‍ ഡി.ജി.പി., സിസ്റ്റര്‍ സെഫി, ഫാ.കോട്ടൂര്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്.

കഴിഞ്ഞ മെയ് 11നാണ് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും 90 ദിവസം പരോള്‍ അനുവദിച്ചിരുന്നത്. സി.ബി.ഐ. കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുമ്പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

പരോള്‍ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്നായിരുന്നു ജയില്‍ ഡി.ജി.പിയുടെ വിശദീകരണം. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും തിരുവനന്തപുരം സി.ബി.ഐ. കോടതി കഴിഞ്ഞ ഡിസംബറില്‍ വിധി പുറപ്പെടുവിച്ചിരുന്നു. കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വന്നത്.

കുറ്റക്കാരായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ജീവപര്യന്തത്തിന് പുറമേ അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.

തോമസ് കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും പ്രായാധിക്യമുള്ളതിനാലും പരമാവധി ശിക്ഷാ ഇളവ് നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The High Court has sent a notice to the state government granting parole to the accused in the Abhaya case