മറ്റൊരു മകനോടൊപ്പമാണ് അമ്മ താമസിക്കുന്നതെന്നും പരിപാലിക്കാന്‍ കഴിവുള്ള പ്രായമായ മക്കള്‍ ഉണ്ടെന്നുമുള്ള ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. മറ്റ് മക്കളുണ്ടെന്നത് ജീവനാംശം കൊടുക്കാതിരിക്കുന്നതിനുള്ള കാരണമല്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വ്യക്തമാക്കി. അമ്മയല്ല ചേട്ടനാണ് കേസിന് പിന്നിലെന്ന് ഹരജിക്കാരന്റെ വാദവും കോടതി തള്ളി. ഇത്തരമൊരു സാഹചര്യം ഉണ്ടാക്കരുതെന്നും കോടതി അറിയിച്ചു.
ബി.എന്‍.എസ് സെക്ഷന്‍ 125 പ്രകാരം അമ്മയുടെ കാര്യങ്ങള്‍ നോക്കേണ്ടത് മകന്റെ ഉത്തരവാദിത്തമാണെന്നും അമ്മയുടെ കാര്യങ്ങള്‍ നോക്കിയില്ലെങ്കില്‍ അയാള്‍ മനുഷ്യനല്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ജീവനാശം ലഭിക്കുന്നതിനായി വയോധികയായ അമ്മക്ക് എതിര്‍വാദം കേള്‍ക്കേണ്ടി വന്നതിലും കോടതി അതൃപ്തി അറിയിച്ചു.
ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന സമയത്ത് 92 വയസായിരുന്നു അമ്മയുടെ പ്രായം. ഇപ്പോള്‍ 100 വയസായി. അമ്മ ഇപ്പോഴും മകനില്‍ നിന്ന് ജീവനാംശത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും സ്വന്തം അമ്മക്ക് രണ്ടായിരം രൂപ നല്‍കാതിരിക്കാന്‍ നിയമയുദ്ധം നടത്തുന്നുവെന്നും വിമര്‍ശിച്ച കോടതി ഇങ്ങനെയുള്ള സമൂഹത്തില്‍ ജീവിക്കേണ്ടി വന്നതില്‍ നാണക്കേട് തോന്നുന്നുവെന്നും പറഞ്ഞു. അമ്മയെ നോക്കുന്നത് ത്യഗമല്ല ചുമതലയാണെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ നാണക്കേടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവനാംശം കൊടുക്കുന്നതിന് 2022ല്‍ കുടുംബ കോടതി ഉത്തരവിറക്കിയെങ്കിലും മകന്‍ ജീവനാംശം നല്‍കിയിരുന്നില്ല. ഇക്കാരണത്താല്‍ മകനെതിരെ പിഴ ചുമത്തുന്ന കാര്യം കോടതി പരിഗണിച്ചെങ്കിലും അമ്മക്കെതിരെ നോട്ടീസ് അയക്കാത്തതിനാല്‍ നടപടി ഒഴിവാക്കുകയായിരുന്നു.
Content Highlight: High Court dismisses son’s petition against 100-year-old mother seeking alimony