ഏത് ജാതിക്കാരനും ശാന്തിപ്പണി ചെയ്യാം; ദേവസ്വത്തിൻ്റെ താന്ത്രിക വിദ്യാലയങ്ങൾക്കെതിരായ ഹരജി തള്ളി ഹൈക്കോടതി
Kerala
ഏത് ജാതിക്കാരനും ശാന്തിപ്പണി ചെയ്യാം; ദേവസ്വത്തിൻ്റെ താന്ത്രിക വിദ്യാലയങ്ങൾക്കെതിരായ ഹരജി തള്ളി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2025, 3:58 pm

കൊച്ചി: ഒരു പ്രത്യേക ജാതിയിലോ വംശത്തിലോ പെട്ടവരെ മാത്രം ക്ഷേത്ര ശാന്തി സ്ഥാനത്തേക്ക് നിയോഗിക്കണമെന്നത് ഒരു മതത്തിന്റെ ആചാരരീതിയായി വ്യാഖാനിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.

പ്രത്യേക ജാതിയിലുള്ളവരെ മാത്രമേ ശാന്തിമാരായി നിയമിക്കാന്‍ പാടുള്ളുവെന്ന അവകാശവാദത്തിന് നിയമപരമായ അടിത്തറയില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ശാന്തിമാരുടെ നിയമനം പരമ്പരാഗത ആചാരങ്ങള്‍ക്ക് അനുസൃതമായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള അഖില കേരള തന്ത്രി സമാജത്തിന്റെ (എ.കെ.ടി.എസ്) ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. പരമ്പരാഗത ആചാരങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ.കെ.ടി.എസ് ഹരജി നല്‍കിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെയും കീഴിലുള്ള താന്ത്രിക വിദ്യാലയങ്ങള്‍ക്ക് നല്‍കിയ അക്രഡിറ്റേഷനും അംഗീകാരത്തെയും എ.കെ.ടി.എസ് ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ എ.കെ.ടി.എസിന്റെ ഈ റിട്ട് ഹരജി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം ഉറപ്പുനല്‍കുന്ന മാലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന ഹരജിക്കാരുടെ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

നേരത്തെ പാര്‍ട്ട് ടൈം ശാന്തിമാരായി നിയമനം ലഭിക്കുന്നതിനുള്ള മാനദണ്ഡമായി സംസ്ഥാന സര്‍ക്കാര്‍ താന്ത്രിക വിദ്യാ പീഠങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത് തന്ത്രി സമൂഹം ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്താതെയാണെന്നാണ് എ.കെ.ടി.എസിന്റെ വാദം. സര്‍ക്കാരിന്റെ ഈ തീരുമാനം നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെടുത്തിയെന്നും എ.കെ.ടി.എസ് കോടതിയില്‍ വാദിച്ചു.

പിന്നാലെ ഹരജിക്കാര്‍ക്ക് നിയമപരമായ ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും ഒരു പൊതുതാത്പര്യ ഹരജിയെ സ്വകാര്യ താത്പര്യഹരജിയായി കാണുകയാണെന്നും ടി.ഡി.ബി പറഞ്ഞു. ടി.ഡി.ബിയുടെ പ്രത്യേക നിയമമനുസരിച്ചാണ് നിയമനത്തിനുള്ള യോഗ്യതകളില്‍ തീരുമാനമെടുത്തതെന്നും ടി.ഡി.ബി വ്യക്തമാക്കി.

(ടി.സി.എച്ച്.ആര്‍.എ ആക്ട്) സെക്ഷന്‍ 35(2)(ഇ) പ്രകാരം സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് നിയമങ്ങള്‍ രൂപീകരിച്ചതെന്നും തിരുവിതാംകൂര്‍ ദേവസ്വം കോടതിയില്‍ പറഞ്ഞു. 2023ല്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം തന്ത്രിമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തെയാണ് എ.കെ.ടി.എസ് ചോദ്യം ചെയ്തത്.

Content Highlight: High Court dismisses petition questioning Tantric schools under KDRB