കൊച്ചി: ദേശീയപാത നിര്‍മാണത്തിനിരിക്കെ കേടുപാടുകള്‍ വന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ. നിര്‍മാണത്തിലെ അപാകതയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നാണ് എന്‍.എച്ച്.എ.ഐ ഹൈക്കോടതിയെ അറിയിച്ചത്.
തകരാറുണ്ടായ സ്ഥലത്ത് നിര്‍മാണം നടത്തിയ കരാറുകാരനെ ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്നും എന്‍.എച്ച്.എ.ഐ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം റോഡ് പൊളിയാനും വിള്ളലേല്‍ക്കാനുമുണ്ടായ കാരണമെന്താണെന്ന് പരിശോധിക്കണമെന്നും കോടതി ദേശീയ പാത അതോറിറ്റിയെ അറിയിച്ചു. ഹരജി ജൂണ്‍ ആദ്യവാരം പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കേരളത്തില്‍ ഒട്ടും സന്തോഷം നല്‍കുന്ന കാര്യമല്ല ഇപ്പോള്‍ സംഭവിച്ചതെന്നും നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത തകരാനുള്ള കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചോയെന്നും കോടതി ചോദിച്ചു.
മഴ ആരംഭിച്ച സാഹചര്യത്തില്‍ റോഡിന് ആവശ്യമായ നടപടി ക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും ആരെങ്കിലും മനപൂര്‍വം റോഡുകള്‍ വികൃതമാക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.
കൊച്ചിയിലെ റോഡുകള്‍ സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി ദേശീയപാത നിര്‍മാണത്തിലുണ്ടായ തകരാറിനെ കുറിച്ച് വിശദീകരണം തേടിയത്. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിശദീകരണം ചോദിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പിന്നാലെ സാവകാശം വേണമെന്നും സീപേജ് വാട്ടര്‍ ഇറങ്ങുന്നതാണ് നിര്‍മാണത്തിലിരിക്കേ തന്നെ തകരാര്‍ സംഭവിക്കാനുള്ള കാരണമെന്നാണ് എന്‍.എച്ച്.എ.ഐയുടെ പ്രാഥമിക വിലയിരുത്തല്‍. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
Content Highlight: High Court criticizes National Highways Authority; NHAI seeks time