ഇരുസ്ഥാനങ്ങളും വഹിക്കാന്‍ ഗെലോട്ടിന് അനുമതി നല്‍കിയേക്കില്ലെന്ന് സൂചന
national news
ഇരുസ്ഥാനങ്ങളും വഹിക്കാന്‍ ഗെലോട്ടിന് അനുമതി നല്‍കിയേക്കില്ലെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st September 2022, 11:53 am

ന്യൂദല്‍ഹി: മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ പദവിയും ഒരുമിച്ചുകൊണ്ടുപോകാന്‍ അശോക് ഗെലോട്ടിന് അനുമതി നിഷേധിച്ചെന്ന് റിപ്പോര്‍ട്ട്. ഇതിന് പകരം പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഗെലോട്ട് തന്റെ വസതിയില്‍ എം.എല്‍എമാരുടെ ഒരു യോഗം ചേര്‍ന്നിരുന്നു. താന്‍ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ പോകുകയാണെന്നും അങ്ങനെ വന്നാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ഇരു സ്ഥാനങ്ങളും ഒരുമിച്ച് നല്‍കില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അത്തരത്തില്‍ രണ്ട് സ്ഥാനങ്ങളും വഹിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ഗെലോട്ട് ആവശ്യമുന്നയിച്ചിരുന്നു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്നും മാറിനിന്നത്.

അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും ദല്‍ഹിയില്‍ വരണമെന്നും പിന്തുണയറിയിക്കണമെന്നും ഗെലോട്ട് എം.എല്‍.എമാരോട് പറഞ്ഞു. പാര്‍ട്ടിയുടെ വിശ്വസ്തനായ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത് എന്താണോ അത് ചെയ്യുമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

സച്ചിന്‍ പൈലറ്റിന്റെ രാഷ്ട്രീയ മുതലെടുപ്പ് തടയാന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നും ഗെലോട്ട് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദേശീയ തലസ്ഥാനത്തേക്ക് മാറുന്നത് മുഖ്യമന്ത്രി സ്ഥാത്തേക്ക് ഏറ്റവും ഉചിതനായ ഒരാളെ ലഭിച്ചതിന് ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: High command denies permission of Ashok gehlot to hold both cm and president posts says reports