പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങുന്നത് മമ്മൂട്ടിയില്‍ നിന്ന്, ഞാന്‍ വിളിച്ച് ചോദിച്ചയുടന്‍ അദ്ദേഹം യെസ് പറഞ്ഞു: മണി രത്നം
Film News
പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങുന്നത് മമ്മൂട്ടിയില്‍ നിന്ന്, ഞാന്‍ വിളിച്ച് ചോദിച്ചയുടന്‍ അദ്ദേഹം യെസ് പറഞ്ഞു: മണി രത്നം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th September 2022, 11:59 pm

മണി രത്നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ റിലീസിനൊരുങ്ങുകയാണ്. വിക്രം, ഐശ്വര്യ റായി, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി, കാര്‍ത്തി, ജയറാം, പ്രകാശ് രാജ് എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പൊന്നിയിന്‍ സെല്‍വന്‍ ടീം ഇന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. ചിത്രം തുടങ്ങുന്ന മമ്മൂട്ടിയുടെ ശബ്ദത്തിലായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മണി രത്നം. ‘മമ്മൂട്ടി സാറിനോട് നന്ദി പറയണം. ഒരു ദിവസം അദ്ദേഹത്തെ വിളിച്ചിട്ട് പൊന്നിയില്‍ സെല്‍വന്‍ പരിചയപ്പെടുത്താനായി ഒരാളെ വേണം, നിങ്ങള്‍ വോയ്സ് ഓവര്‍ ചെയ്യുമോയെന്ന് ചോദിച്ചു. രണ്ട് സെക്കന്റിന് ശേഷം മമ്മൂട്ടി പറഞ്ഞത് എനിക്ക് അയക്കൂ, ഞാന്‍ ചെയ്ത് തരാമെന്നാണ്. ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ ശബ്ദത്തിലായിരിക്കും,’ മണി രത്നം പറഞ്ഞു. മണി രത്നത്തിന്റെ വാക്കുകള്‍ ആവേശത്തോടെയാണ് ഹാളിലുള്ള ആരാധകര്‍ സ്വീകരിച്ചത്.

തിരുവനന്തപുരത്തെ നിശാഗന്ധി സ്റ്റേഡിയത്തില്‍ വെച്ചാണ് താരങ്ങള്‍ പ്രേക്ഷകരുമായി സംവദിച്ചത്. വിക്രം, കാര്‍ത്തി, ജയംരവി, ജയറാം, വിക്രം പ്രഭു, റഹ്മാന്‍, ബാബു ആന്റണി, തൃഷ, ഐശ്വര്യ ലക്ഷ്മി, എന്നിവര്‍ സംവിധായകന്‍ മണിരത്നത്തിനൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനോടനുബന്ധിച്ച് രാജ്യത്തെ വന്‍നഗരങ്ങളില്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും ആരാധകരെ കാണാനെത്തും.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

Content Highlight: Mani Ratnam has said that ponniyin selvan will be start in Mammootty’s voice