ചൂടപ്പം പോലെ വിറ്റുപോയി തല്ലുമാല ടിക്കറ്റ്; ഹെവി ബുക്കിങ്
Entertainment news
ചൂടപ്പം പോലെ വിറ്റുപോയി തല്ലുമാല ടിക്കറ്റ്; ഹെവി ബുക്കിങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th August 2022, 4:12 pm

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാല. ഓഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രി ബുക്കിങ്ങ് ആരംഭിച്ചത് ഓഗസ്റ്റ് 10 ബുധനാഴ്ച രാവിലെ 10 മണിക്കായിരുന്നു. മുമ്പെങ്ങും കാണാത്ത തരത്തിലുള്ള പ്രേക്ഷക പ്രതികരണമാണ് തല്ലുമാലയുടെ പ്രി ബുക്കിങിന് ലഭിക്കുന്നത്.

ബുക്കിങ് തുടങ്ങി മിനിറ്റുകള്‍ക്കുളില്‍ തന്നെ നിരവധി തിയേറ്ററുകളില്‍ ആദ്യ ദിവസത്തെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയിരിക്കുകയാണ്. റിലീസിന് രണ്ട് ദിവസമുള്ളപ്പോള്‍ തന്നെ ചിത്രത്തിനായി സ്പെഷ്യല്‍ ഷോകള്‍ വരെ ഉള്‍പെടുത്തി തുടങ്ങിയിട്ടുണ്ട്.

ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വരുന്ന ഉത്സവ ഓളമുള്ള ചിത്രം എന്നതാണ് തല്ലുമാല കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ദുബായിലുള്‍പ്പടെ ചിത്രത്തിന്റെ പ്രൊമോഷന്‍ വമ്പന്‍ രീതിയിലാണ് നടന്നത്. കേരളത്തില്‍ ബുക്കിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഗള്‍ഫ് ബുക്കിങ്ങിലും ചിത്രത്തിന് ലഭിച്ചത്.

അഡ്വവാന്‍സ് ബുക്കിങിലെ മികച്ച പ്രതികരണം ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനും മികച്ച രീതിയിലാക്കുമെന്നാണ് മൂവി അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്.

ഒരു ടൊവിനോ ചിത്രത്തിന് ലഭിക്കുന്ന മികച്ച ഓപ്പണിങ് തന്നെയാകും തല്ലുമാലയെന്ന് ആരാധകരും കരുതുന്നു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, അദ്രി ജോയ്, ബിനു പപ്പു, ചെമ്പന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് തിരക്കഥ. വിഷ്ണു വിജയാണ് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

Conent Highlight: Heavy Advance booking for Tovino Thomas’s Thallumaala movie across kerala