മഞ്ചേശ്വരം: കേരള ചരിത്രത്തില്‍ തന്നെ മഞ്ചേശ്വരത്തിന്റെ ആരോഗ്യരംഗത്തിന് വേണ്ടി ഏറ്റവുമധികം ഫണ്ട് നല്‍കിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണെന്ന പ്രശംസയുമായി മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം അഷ്‌റഫ്. രാഷ്ട്രീയം നോക്കാതെയാണ് മന്ത്രി മഞ്ചേശ്വരത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാറുള്ളതെന്ന് മുസ്‌ലിം ലീഗ് എം.എല്‍.എയായ എ.കെ.എം അഷ്‌റഫ് മഞ്ചേശ്വരത്ത് പറഞ്ഞു.
‘മന്ത്രിയോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയോട് ആവശ്യങ്ങള്‍ പറയുമ്പോള്‍ ഒരിക്കലും ഒരു പ്രതിപപക്ഷ എം.എല്‍.എയായി കണ്ടിട്ടില്ല. എക്കാലത്തേയും കണക്ക് നോക്കിയാല്‍ മഞ്ചേശ്വരത്തിന് വേണ്ടി ഏറ്റവുമധികം ഫണ്ട് നല്‍കിയ ആരോഗ്യമന്ത്രി വീണ ജോര്‍ജാണ്. മഞ്ചേശ്വരത്തിന്റെ ഓരോ ആവശ്യങ്ങള്‍ പറയുമ്പോഴും ആവശ്യം തിരിച്ചറിഞ്ഞ് സഹായം നല്‍കുന്നത് ആരെന്ന് ചോദിച്ചാല്‍ അത് മന്ത്രി വീണ ജോര്‍ജെന്ന് പറയാനാകും. മഞ്ചേശ്വരത്തിന്റെ വികസനകാര്യത്തില്‍ രാഷ്ട്രീയം നോക്കേണ്ട ഒരു മണ്ഡലമല്ല’, നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ എ.കെ.എം അഷ്‌റഫ് പറഞ്ഞു.
അതേസമയം, ഇന്ന് (വെള്ളിയാഴ്ച) മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പഠനത്തിന്റെ ഔപചാരിക ഉദ്ഘാടനവും കാസര്‍ഗോഡ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിര്‍മാണ ഉദ്ഘാടനവും ഉള്‍പ്പെടെ കാസര്‍ഗോഡ് എട്ട് പരിപാടികളിലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പങ്കെടുത്തത്. സര്‍ക്കാര്‍ ലക്ഷ്യമിട്ട നേട്ടങ്ങള്‍ഡ കാസര്‍ഗോഡ് ഓരോന്നായി പൂര്‍ത്തിയാക്കുകയാണെന്ന് വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
‘സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ കാസര്‍ഗോഡ് സാക്ഷാത്കരിച്ചു. ന്യൂറോളജി തസ്തിക സൃഷ്ടിച്ചു. പരിശോധന സൗകര്യങ്ങള്‍ ഒരുക്കി. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കി. കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാക്കി. സി.സി.യു നിര്‍മിച്ചു. ഇതുവരെ 1837 പ്രൊസീജിയറുകള്‍ കാത്ത് ലാബില്‍ പൂര്‍ത്തിയാക്കി. ഗവ. നഴ്‌സിംഗ് കോളേജ് കാസര്‍ഗോഡ് അനുവദിക്കുകയും ആരംഭിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജിന് അംഗീകാരം നേടിയെടുത്തു.
ടാറ്റയുടെ ഹോസ്പിറ്റലിന്റെ സ്ഥാനത്ത് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്ത് പണം അനുവദിച്ചു. നിര്‍മാണം ആരംഭിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കി. 12 തസ്തികകള്‍ സൃഷ്ടിച്ചു. ചില തസ്തികകള്‍ കൂടി സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ അരനൂറ്റാണ്ടിനപ്പുറം പുതിയ ബഹുനില കെട്ടിടം നിര്‍മ്മാണം ആരംഭിച്ചു.
ജില്ലയില്‍ ആദ്യമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ അര കോടി രൂപ ചെലവഴിച്ച് സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ് സാധ്യമാക്കി. നെഗറ്റീവ് പ്രഷര്‍ സംവിധാനമുള്ള പീഡിയാട്രിക് വാര്‍ഡ് സജ്ജമാക്കി. മെഡിക്കല്‍ കോളേജിന് 160 കോടി രൂപ അനുവദിച്ചു. അധിക തുക അനുവദിക്കാന്‍ നടപടി സ്വീകരിച്ചു. 29 കോടിയുടെ ഹോസ്റ്റല്‍ നിര്‍മാണം നടന്നു വരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രി പുതിയ കെട്ടിടം നിര്‍മാണം ആരംഭിച്ചു. പഴയ കെട്ടിടം പൂര്‍ത്തീകരിക്കുന്നതിന് 23 കോടി രൂപ അനുവദിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ് സജ്ജമാക്കി. 2.50 കോടി വിനിയോഗിച്ചു നിര്‍മിച്ച ജില്ലാ ടി.ബി സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാണ്.
1.80 കോടിയുടെ ജില്ലാ വാക്‌സിന്‍ സെന്റര്‍ നിര്‍മാണ പ്രവര്‍ത്തി ഈ മാസം കൊണ്ട് പൂര്‍ത്തിയാകും. 76 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 1.76 കോടി രൂപ വിനിയോഗിച്ച് ലക്ഷ്യ നിലവാരത്തില്‍ ലേബര്‍ ബ്ലോക്ക് സജ്ജമായി. ഇത് കൂടാതെ ഡയാലിസിസ് സെന്ററുകള്‍, സീറോ പ്രോഫിറ്റ് കാന്‍സര്‍ കൗണ്ടര്‍ തുടങ്ങി ജില്ലയില്‍ സാധ്യമാക്കിയ കാര്യങ്ങള്‍ അനേകമാണ്.