കൊവിഡ് ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഭാഗ്യമുള്ളവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന അര്‍ത്ഥത്തില്‍: കെ. മുരളീധരന്‍
covid 19 Kerala
കൊവിഡ് ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഭാഗ്യമുള്ളവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന അര്‍ത്ഥത്തില്‍: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th January 2022, 12:30 pm

തിരുവനന്തപുരം: കൊവിഡിന്റെ ഒന്നും രണ്ടും തരംഗത്തില്‍ എടുത്ത മുന്‍കരുതലുകള്‍ മൂന്നാം തരംഗത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് കെ. മുരളീധരന്‍ എം.പി. ആശുപത്രിയിലെ രോഗികളുടെ എണ്ണം കണക്കാക്കിയിട്ടാണ് ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

‘കൊവിഡ് 19 വ്യാപനം ഉണ്ടെങ്കിലും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത് ഭാഗ്യമുള്ളവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തും എന്ന അര്‍ത്ഥത്തിലാണ്,’ മുരളീധരന്‍ പറഞ്ഞു.

ആളുകള്‍ ആശുപത്രിയിലേക്ക് പ്രവേശിക്കാത്തതല്ല. പ്രവേശിപ്പിക്കാത്തതാണ്. പല രോഗികളും ആശുപത്രിയിലെത്തിയാല്‍ അഡ്മിറ്റാക്കാതെ മരുന്ന് കൊടുത്ത് പറഞ്ഞ് വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുഖ്യമന്ത്രിയെ ഫോണില്‍ കിട്ടുന്നത്ര പോലും ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഒന്നുകില്‍ ഫോണ്‍ അറ്റന്റ് ചെയ്യില്ല. അല്ലെങ്കില്‍ ഔട്ട് ഓഫ് കവറേജ് ആയിരിക്കും. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്തേക്ക് പോകുമ്പോള്‍ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കണം,’ മുരളീധരന്‍ പറയുന്നു.

ഇപ്പോള്‍ കേരളം നാഥനില്ലാ കളരിയാണെന്നും രാഷ്ട്രീയ രംഗത്ത് അനുഭവ സമ്പത്തില്ലാത്ത ആരോഗ്യമന്ത്രിയെ സാധാരണഗതിയില്‍ സഹായിക്കാന്‍ പോലും ആരുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് അടിയന്തിരമായി ചികിത്സാ കേന്ദ്രങ്ങള്‍ പുനസ്ഥാപിക്കണം. ആളുകളുടെ ക്വാറന്റീന്‍ സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും എം.പി കൂടിച്ചേര്‍ത്തു.

കൊവിഡ് സ്ഥിരീകരിച്ച് 7 ദിവസം കഴിഞ്ഞ് ഒരാള്‍ പരിശോധിക്കാതെ പുറത്തിറങ്ങുന്ന രീതി ഒഴിവാക്കണമെന്നും കെ. മുരളീധരന്‍ പറഞ്ഞു. അടിയന്തിരമായി ജനങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് എത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ഇല്ലാത്തതിനാല്‍ കിറ്റ് ഇല്ല, തദ്ദേശ സ്ഥാപനങ്ങളൊക്കെ സാമ്പത്തിക പ്രയാസത്തില്‍പ്പെട്ട് കുത്തുവാളെടുത്തിരിക്കുകയാണന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന് പുറമേ ഇന്ന് മുതല്‍ നാല് ജില്ലകളില്‍ കൂടി സി കാറ്റഗറിയിലുള്ള കൊവിഡ് നിയന്ത്രണം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം ഇന്നലെയാണ് തീരുമാനിച്ചത്. തിരുവനന്തപുരം ജില്ല നേരത്തെ തന്നെ സി കാറ്റഗറി നിയന്ത്രണത്തിലാണ്.

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റഗറി ഒന്നിലുമാണ്. മറ്റ് ജില്ലകളില്‍ നേരത്തേ തന്നെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, കണ്ണൂര്‍ ജില്ലയാണ് പുതുതായി ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടത്. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല. കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കരുതല്‍വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ വളരെ പ്രധാനമാണ്. കൊവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം. ആശുപത്രികളില്‍ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കൊവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.


Content Highlights: Health Minister says Covid need not fear, in the sense that the lucky ones will return to life: K. Muraleedharan