കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി സ്‌കൂള്‍ അഭിഭാഷകയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്റണി.
സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിരോധത്തിലാക്കാന്‍ അഭിഭാഷക കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുണ്ടെന്ന സംശയം ന്യൂസ് മലയാളം 24X7 ചാനല്‍ റിപ്പോര്‍ട്ടറായ മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാധ്യമപ്രവര്‍ത്തകന്റെ ആരോപണം.
വിവാദത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാനായി വിളിച്ചുചേര്‍ത്ത രണ്ട് വാര്‍ത്താസമ്മേളനങ്ങള്‍ക്ക് ശേഷവും സ്‌കൂള്‍ അഭിഭാഷക സംസ്ഥാന തലത്തിലെയും ജില്ലയിലെയും ഉന്നത കോണ്‍ഗ്രസ് നേതാക്കളെയാണ് വിളിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. തന്റെ സഹപ്രവര്‍ത്തകയും അഭിഭാഷകയുടെ കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള സംശയം പങ്കിട്ടെന്ന് സഹിന്‍ കുറിപ്പില്‍ വിശദീകരിച്ചു.
വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ വിളിച്ച് ‘ഞാനൊരു സാധനം ടൈപ്പ് ചെയ്ത് ഇട്ടു തരാം, നിങ്ങള് പോസ്റ്റ് ചെയ്താല്‍ മാത്രം മതി’ എന്ന് അഭിഭാഷക പറയുന്നതിന് തന്റെ സഹപപ്രവര്‍ത്തക സാക്ഷിയാണെന്നും സഹിന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിലുടനീളം വിദ്യാഭ്യാസ വകുപ്പിനെതിരെയും മന്ത്രി വി ശിവന്‍കുട്ടിക്കെതിരെയും കടുത്ത ആരോപണങ്ങളായിരുന്നു അഭിഭാഷക നടത്തിയതെന്നും ഒടുവില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ മാധ്യമപ്രവര്‍ത്തകര്‍ മുന്നിലുണ്ടെന്ന കാര്യം പോലും മറന്ന് പതിവുപോലെ കോണ്‍ഗ്രസ് നേതാക്കളെ ഫോണില്‍ വിളിച്ച് അഭിഭാഷക ‘ഞാന്‍ മന്ത്രി ശിവന്‍കുട്ടിക്കും സര്‍ക്കാരിനും ഒരു പണി കൊടുത്തിട്ടുണ്ട്. നിങ്ങള് ഏറ്റുപിടിച്ചാല്‍ മതി’യെന്ന് പറഞ്ഞുവെന്നും സഹിന്‍ ആരോപിച്ചു.
അഭിഭാഷകയോട് ഈ പ്രശ്‌നം ആളിക്കത്തിക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നതെന്നും നിങ്ങളൊരു കോണ്‍ഗ്രസ് അനുഭാവിയാണോ എന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കാതെ അവര്‍ ഒഴിഞ്ഞുമാറിയെന്നും വീഡിയോ സഹിതം പങ്കിട്ട കുറിപ്പില്‍ സഹിന്‍ ആന്റണി പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ചൂടേറിയ വിഷയമാണ് ശിരോവസ്ത്ര വിവാദം. ഇന്നും ഇന്നലെയുമായി ഈ വിഷയത്തില്‍ സെന്റ് റീത്താസ് സ്‌കൂളിന്റെ അഭിഭാഷക വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. രണ്ട് വാര്‍ത്ത സമ്മേളനങ്ങളും അവസാനിച്ച ഉടന്‍ ഈ അഭിഭാഷക തന്റെ ഫോണില്‍ വിളിച്ചത് ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രണ്ട് ഉന്നതരായ സംസ്ഥാന നേതാക്കളെയും ഒരു ജില്ലാനേതാവിനെയുമാണ്.
ഇന്നലെ വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് എന്റെ സഹപ്രവര്‍ത്തകയായ സെയ്ഫുന്നീസ ആയിരുന്നു. വാര്‍ത്ത സമ്മേളനം കഴിഞ്ഞ് തിരികെ ഓഫീസിലെത്തിയ സൈഫുന്നിസ എന്നോട് പറഞ്ഞത് ഈ അഭിഭാഷക വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ ഒരു കോണ്‍ഗ്രസ്സ് നേതാവിനെ വിളിച്ച് ‘ഞാനൊരു സാധനം ടൈപ്പ് ചെയ്ത് ഇട്ടു തരാം, നിങ്ങള് പോസ്റ്റ് ചെയ്താല്‍ മാത്രം മതി’ എന്ന് പറഞ്ഞു എന്നും സൈഫുന്നിസ അതിന് സാക്ഷിയാണ് എന്നുമാണ്.
ഇന്ന് രാവിലെ വീണ്ടും ഈ അഭിഭാഷക വാര്‍ത്താ സമ്മേളനം നടത്തി.ഞാനായിരുന്നു ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ ചാനലിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. വാര്‍ത്താ സമ്മേളനത്തിലുടനീളം വിദ്യാഭ്യാസ വകുപ്പിനെതിരെയും മന്ത്രി വി ശിവന്‍കുട്ടിക്കെതിരെയും കടുത്ത ആരോപണങ്ങളായിരുന്നു ഇവര്‍ നടത്തിയത്. ഒടുവില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ പതിവ് കോണ്‍ഗ്രസ്സ് നേതാക്കളെ ഫോണില്‍ വിളിച്ച് അഭിഭാഷക പറഞ്ഞത് ഇങ്ങനെയാണ്:
‘ഞാന്‍ മന്ത്രി ശിവന്‍കുട്ടിക്കും സര്‍ക്കാരിനും ഒരു പണി കൊടുത്തിട്ടുണ്ട് . നിങ്ങള് ഏറ്റുപിടിച്ചാല്‍ മതി’ ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ മുന്നിലുണ്ടെന്ന കാര്യം പോലും ഇവര്‍ ഈ ആവേശത്തില്‍ മറന്നു പോയിരുന്നു. പിന്നീടും മന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ മാധ്യമങ്ങളെ കാണാന്‍ എത്തിയ അഭിഭാഷകയോട് ‘ഈ പ്രശ്‌നം ആളിക്കത്തിക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നതെ’ന്നും ‘നിങ്ങളൊരു കോണ്‍ഗ്രസ്സ് അനുഭാവിയാണോ?’ എന്നും ഞാന്‍ ചോദിച്ചു. അതിന് അഭിഭാഷക പറഞ്ഞ മറുപടിയുടെ വീഡിയോ ചുവടെ ഉള്‍പ്പെടുത്തുന്നു. എന്‍ ബി: ഇതൊന്നും പറയണമെന്ന് കരുതിയതല്ല. പക്ഷെ ചിലതൊക്കെ കാണുമ്പോള്‍ പറയാതിരിക്കാനും കഴിയുന്നില്ല.