ശിരോവസ്ത്ര വിവാദം; വിദ്യാഭ്യാസ മന്ത്രി വർഗീയത ആളിക്കത്തിക്കുന്നു: സ്കൂളിന്റെ അഭിഭാഷക
Kerala
ശിരോവസ്ത്ര വിവാദം; വിദ്യാഭ്യാസ മന്ത്രി വർഗീയത ആളിക്കത്തിക്കുന്നു: സ്കൂളിന്റെ അഭിഭാഷക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th October 2025, 11:05 pm

കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലെ ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം ആശങ്കയുണ്ടാക്കുന്നെന്ന് സ്കൂളിന്റെ അഭിഭാഷക അഡ്വക്കേറ്റ് വിമല ബിനു.

കാര്യങ്ങൾ സംസാരിച്ച് തീർക്കുന്നതിന് തയ്യാറാണെന്ന് കുട്ടിയുടെ പിതാവ് തന്നെ മാധ്യമങ്ങളിലൂടെ അറിയിച്ചതണെന്നും മന്ത്രി വിഷയങ്ങൾ ആളിക്കത്തിക്കുകയാണെന്നും വിമല ബിനു പറഞ്ഞു.

മന്ത്രി ഒരു ഫേസ്ബുക് പോസ്റ്റിലൂടെയല്ല ഇത് അറിയിക്കേണ്ടിയിരുന്നതെന്നും കോടതിയുടെ ഉത്തരവ് സ്കൂൾ അധികൃതർക്ക് നൽകണമായിരുന്നെന്നും അഡ്വക്കേറ്റ് പറഞ്ഞു. സ്കൂൾ യൂണിഫോം സംബന്ധിച്ച നിയമങ്ങൾ പാലിക്കാമെന്നും കുട്ടിയെ അതെ സ്കൂളിൽ തന്നെ തുടർന്ന് പഠിപ്പിക്കാമെന്നും പിതാവ് അറിയിച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

‘കുട്ടിയും കുട്ടിയുടെ മാതാപിതാക്കളും നാളെ സ്കൂളിൽ വന്ന കാര്യങ്ങൾ സംസാരിച്ച് തീർക്കുന്നതിന് തയ്യാറാണെന്ന് കുട്ടിയുടെ പിതാവ് തന്നെ മാധ്യമങ്ങളിലൂടെ അറിയിച്ചതാണ്. എന്നിട്ടുപോലും വിദ്യാഭ്യാസ മന്ത്രി എന്തുകൊണ്ടാണ് ഇതിനെ ഓവർ റൈഡ് ചെയ്ത് ഇത്തരത്തിലൊരു ഓർഡറിലേക്ക് പോയതെന്ന് എനിക്ക് അത്ഭുതം തോന്നുന്നു,’ വിമല ബിനു പറഞ്ഞു.

ഹൈക്കോടതി ഈ കാര്യത്തിൽ ഇടപെട്ട ഒരു സാഹചര്യത്തിൽ സ്കൂൾ മാനേജ്‍മെന്റിന് ഇത്തരത്തിലൊരു ഓർഡർ ലഭിച്ചില്ലെന്നും സ്കൂൾ അധികൃതരെ അറിയിക്കാതെ ഫേസ്ബുക്കിലൂടെയാണ് മന്ത്രി അത് അറിയിച്ചതെന്നും അഡ്വക്കേറ്റ് പറഞ്ഞു.

‘ഒരമ്മയും കുഞ്ഞും തമ്മിൽ പരിഹരിക്കപ്പെടുന്ന വിഷയം പോലെ സ്കൂൾ മാനേജ്‍മെന്റും കുട്ടിയുടെ മാതാപിതാക്കളുമായിട്ട് സംസാരിച്ച തീർക്കാവുന്ന വിഷയത്തിലാണ് ഇത്തരത്തിൽ വീണ്ടും എരിതീയിൽ എണ്ണ ഒഴിച്ചുകൊണ്ട് വർഗീയത ആളിക്കത്തിച്ച് നമ്മൾ വിശ്വസിക്കുന്ന മതേതരത്വത്തെയും സെക്യൂലറിസത്തെയും സമത്വാർത്ഥത്തേയും ബാധിക്കുന്ന നിലപാട് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്,’ വിമല ബിനു മാധ്യമങ്ങളോട് പറഞ്ഞു.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്

സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുത വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

Content Highlight: Headscarf controversy; Education Minister is fueling communalism: Advocate Wimala Binu